ന്യൂഡല്‍ഹി: അജ്മീര്‍ ഷരീഫ് ദര്‍ഗയുടെ മേലധികാരിയുടെ നേതൃത്വത്തില്‍ ഇന്ത്യയിലെ പ്രധാനപ്പെട്ട ഖാന്‍കകളിലേയും, ദര്‍ഗകളിലേയും മേധാവികള്‍ കാശ്മീര്‍ വിഷയം സംബന്ധിച്ച് കേന്ദ്രഅഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമായി ചര്‍ച്ച നടത്തി. കാശ്മീര്‍ താഴ്വരയില്‍ സമാധാനാന്തരീക്ഷം പുനസ്ഥാപിക്കാന്‍ ഗവണ്മെന്‍റ് സ്വീകരിക്കുന്ന നടപടികള്‍ക്ക് പിന്തുണ നല്‍കാനും, കാശ്മീരിലെ സമാധാനവും ശാന്തതയും കാത്തുസൂക്ഷിക്കാനും അവര്‍ കാശ്മീരിലെ ജനങ്ങളോട് അഭ്യര്‍ഥിച്ചു.
കാശ്മീരിലേക്ക് പോയി അവിടെയുള്ള തങ്ങളുടെ സഹോദരീസഹോദരന്മാരെ ബോധാവത്കരിക്കുമെന്ന ഉറപ്പും അവര്‍ രാജ്നാഥ് സിങ്ങിന് നല്‍കി.
അജ്മീര്‍ ഷരീഫിലെ ഖ്വാജാ സാഹിബ് ദര്‍ഗയുടെ സജ്ജദാനഷീനും, ദര്‍ഗയുടെ ആത്മീയ നേതാവുമായ ദേവാന്‍ സയെദ് സൈനുള്‍ അബെദീന്‍ സാഹെബിന്‍റെ നേതൃത്വത്തിലാണ് സംഘം അഭ്യന്തരമന്ത്രിയെ കണ്ടത്.
700-വര്‍ഷങ്ങള്‍ക്ക് മേലേയായി സൂഫിസത്തിന്‍റെ കേന്ദ്രമായി മരുവുന്ന കാശ്മീരിന്‍റെ അവസ്ഥ തങ്ങളെ വേദനിപ്പിക്കുന്നു എന്ന ആശങ്കയും അവര്‍ പങ്കുവച്ചു. കാശ്മീരിലെ സാമൂഹികനിലവാരത്തിനും, ധാര്‍മ്മികചിന്തകള്‍ക്കും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ച്യുതി സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും ഒരറ്റത്ത് നിന്ന്‍ പാശ്ചാത്യ സംസ്കാരം കാശ്മീരിനെ കാര്‍ന്നു തിന്നുമ്പോള്‍ മറുവശത്തു നിന്നും വര്‍ദ്ധിച്ചു വരുന്ന തീവ്രമതചിന്തകളും കാശ്മീരിന്‍റെ ബഹുമുഖ സാംസ്കാരിക മുഖത്തിന് കണക്കാക്കാനാവാത്ത നഷ്ടം വരുത്തിക്കൊണ്ടിരിക്കുകയാണെന്നും ആത്മീയനേതാക്കള്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ എല്ലാ പ്രമുഖ ദര്‍ഗകളിലേയും സജ്ജദാനഷീനുകള്‍ അഭ്യന്തരമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു. ഹസ്രത്ത് നിസാമുദ്ദീന്‍ ഔലിയ ദര്‍ഗ (ഡല്‍ഹി), ഖ്വാജ ബന്ദനവാസ് ദര്‍ഗ (ഗുല്‍ബര്‍ഗ, കര്‍ണ്ണാടക), ഫത്തേപ്പൂര്‍ സിക്രി ദര്‍ഗ (ഉത്തര്‍പ്രദേശ്), മനേര്‍ ഷരീഫ് ദര്‍ഗ (ബീഹാര്‍), യൂസുഫൈന്‍ നാപ്പാലി ദര്‍ഗ (ആന്ധ്രാപ്രദേശ്), അമ്പേത്താ ഷരീഫ് ദര്‍ഗ (ഗുജറാത്ത്), ഹരാദര്‍വാസ ദര്‍ഗ (ഹൈദരാബാദ്) എന്നീ മുസ്ലീം ആത്മീയകേന്ദ്രങ്ങളിലെ മേലധികാരികള്‍ ഇതില്‍ ഉള്‍പ്പെടും.
Post Your Comments