Kerala

ആര്‍ത്തിരമ്പുന്ന ജനസാഗരത്തിന് മുന്‍പില്‍ ഭീകരതയോട് പാകിസ്ഥാനുള്ള മമതയെ തുറന്നുകാട്ടി പ്രധാനമന്ത്രി!

കോഴിക്കോട് : ബിജെപി ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കോഴിക്കോട്ടെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ക്ക് കാതോര്‍ക്കാന്‍ ജനസാഗരമാണ് തടിച്ചു കൂടിയിരിക്കുന്നത്. മലയാളത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. പ്രിയ സഹോദരീ സഹോദന്മാരേ എല്ലാവര്‍ക്കും നമസ്‌ക്കാരം എന്നു മലയാളത്തില്‍ പറഞ്ഞ് സാമൂതിരിയുടെയും കുഞ്ഞാലിമരയ്ക്കാരുടെയും മണ്ണാണ് കോഴിക്കോടെന്നും മോദി പറഞ്ഞു. ആര്‍ത്തിരമ്പുന്ന ജനസാഗരത്തിന് മുന്‍പില്‍ ഭീകരതയോട് പാകിസ്ഥാനുള്ള മമതയെ പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്നുകാട്ടി. ഏഷ്യയിലെ ഒരു രാജ്യം ലോകം മുഴുവന്‍ ഭീകരവാദം കയറ്റി അയക്കുന്നുവെന്നും. ഭീകരവാദത്തിന് മുന്നില്‍ ഇന്ത്യ മുട്ടുമടക്കില്ലെന്നും അത് തുടച്ചു നീക്കാന്‍ രാജ്യം പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. പേരെടുത്ത് പറയാതെയാണ് അദ്ദേഹം പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.

മലയാളികളുടെ കര്‍മ്മശേഷിയില്‍ അഭിമാനമുണ്ട്. വിദേശ ഭരണാധികാരികള്‍ മലയാളികളെ പുകഴ്ത്തുന്നു. 50 വര്‍ഷങ്ങള്‍ കൊണ്ട് ജനസംഘത്തില്‍ നിന്ന് ബിജെപി നേടിയ വളര്‍ച്ച അത്ഭുതാകരമാണ്. വിവിധ വേഷ, ഭൂഷ, ആഹാര രീതികളുള്ള ഇന്ത്യയില്‍ ഏറ്റവും വലിയ പാര്‍ട്ടിയായി. ഗാന്ധിയുടെയും ദീനദയാല്‍ ഉപാധ്യായയുടെയും രാം മനോഹര്‍ ലോഹ്യയുടെയും ആശയങ്ങളില്‍ നിന്നുയര്‍ന്ന പാര്‍ട്ടികളാണ് രാജ്യത്തെ കഴിഞ്ഞ നൂറ്റാണ്ടുകളിലായി നിയന്ത്രിക്കുന്നത്.
പാവപ്പെട്ടവര്‍ക്ക് വേണ്ടി സമര്‍പ്പിക്കപ്പെട്ട സര്‍ക്കാരാണ് തന്റേത്. ഏറ്റവും താഴെത്തട്ടിലുള്ള അവസാനത്തെ പൗരന്റെയും ഉയര്‍ച്ചയ്ക്ക് വേണ്ടിയുള്ളതാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്ന് കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് തെളിഞ്ഞതാണ്. അധികാരത്തിന്റെ ഇടനാഴികളില്‍ എത്തുന്നതിന് മുമ്പ് നിരവധി വ്യക്തികള്‍ നല്‍കിയ സംഭാവനകളെല്ലാം സ്മരിക്കപ്പെടേണ്ടതാണ്. ദീനദയാല്‍ ഉപാധ്യായയുടെ കാലത്ത് മുതല്‍ ജീവന്‍ ബലി നല്‍കുന്ന കേരളത്തിലെ ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ അധികാരത്തിന്റെ ഗുണങ്ങള്‍ ലഭിക്കാതിരുന്നപ്പോഴും ആദര്‍ശത്തില്‍ അടിയുറച്ച് പ്രവര്‍ത്തിക്കുന്നു. ഇവരേപ്പോലുള്ള ബലിദാനികളുടെ കരുത്തിലാണ് ബിജെപി നിലനില്‍ക്കുന്നു. കേരളത്തിന്റെ മാറ്റം ബിജെപിയിലൂടെയാകും. ഏറ്റവും മികച്ച സംസ്ഥാനമാകാനുള്ള ശേഷിയുള്ളതാണ് കേരളം. ഇതിന് എല്ലാ പിന്തുണയും പാര്‍ട്ടിയും കേന്ദ്രസര്‍ക്കാരും നല്‍കും. എല്ലാവര്‍ക്കുമൊപ്പം എല്ലാവര്‍ക്കും വികസനം എന്നതാണ് സര്‍ക്കാരിന്റെ നയം. ലോകത്തിലേറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേത്. എല്ലാവരുടെയും ഉന്നമനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

21-ാം നൂറ്റാണ്ട് ഏഷ്യയുടേതാണ്. ഏഷ്യാ ഭൂഖണ്ഡത്തില്‍ ചിലര്‍ ഭീകരവാദത്തിന്റെ സന്ദേശം പരത്താന്‍ ശ്രമിക്കുകയാണ്. ആഭൂഖണ്ഡം പുരോഗതിയിലേക്ക് വളരുന്നത് ഒരു രാജ്യം തടയാന്‍ ശ്രമിക്കുകയാണ്. ഏഷ്യ രക്തപങ്കിലമാക്കാന്‍ അവര്‍ ശ്രമിക്കുന്നു. ലോകത്തെവിടെ ഭീകരവാദ സംഭവങ്ങള്‍ ഉണ്ടാകുമ്പോഴും അവരുടെ പേര് പരമാര്‍ശിക്കപ്പെടുന്നു. കേരളത്തിലെ നഴ്‌സുമാര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ആതുരസേവനങ്ങള്‍ നടത്തുന്നു. ഇവിടങ്ങളില്‍ ആക്രമണം നടത്തിയ ഭീകരര്‍ അവരെ തട്ടിക്കൊണ്ട് പോയപ്പോള്‍ പോറല്‍ പോലുമേല്‍പ്പിക്കാതെ അവരെ തിരികെ എത്തിച്ച സര്‍ക്കാരാണ് കേന്ദ്രത്തിലേത്. ഭീകര വാദത്തിനെതിരെ സര്‍ക്കാര്‍ വിട്ടുവീഴ്ചക്കില്ല. കശ്മീരിലെ ഉറിയില്‍ നമ്മുടെ അയല്‍ രാജ്യത്തിന്റെ പിന്തുണയോടെ എത്തിയ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 18 ജവാന്മാര്‍ വീരമൃത്യു വരിച്ചു. ആ രാജ്യം ഒന്നറിയണം ഭാരതം ഇതൊരിക്കലും മറക്കില്ല. അതിന് ഉചിതമായ രീതിയില്‍ മറുപടി നല്‍കും. കഴിഞ്ഞ വര്‍ഷം 17 തവണ നുഴഞ്ഞ് കയറ്റ ശ്രമങ്ങള്‍ നടന്നു. 110 ഭീകരരെ കാലപുരിക്കയച്ചാണ് ഇന്ത്യന്‍ സൈന്യം മറുപടി നല്‍കിയത്. ഭീകരരെ നേരിടാന്‍ സൈന്യത്തിന് സാധിക്കുന്നത് ആയുധങ്ങള്‍ക്കൊണ്ട് മാത്രമല്ല ഈ രാജ്യത്തെ ജനങ്ങളുടെ പിന്തുണകൂടി ഉള്ളതുകൊണ്ടാണ്. നമ്മുടെ അയല്‍രാജ്യം പറയാറുണ്ടായിരുന്നു തങ്ങള്‍ ആയിരം വര്‍ഷങ്ങള്‍ യുദ്ധം ചെയ്യാന്‍ തയ്യാറാണെന്ന്. എന്നാല്‍ എവിടെപ്പോയി അവരുടെ പോരാട്ട വീര്യം. അതൊക്കെ കാലത്തിന്റെ ചവറ്റുകുട്ടയിലേക്ക് തള്ളപ്പെട്ടു. അവിടുത്തെ പ്രധാനമന്ത്രി തീവ്രവാദികള്‍ നല്‍കിയ പ്രസ്താവനകള്‍ വായിച്ച് കശ്മീരെന്ന് പുലമ്പിക്കൊണ്ടിരിക്കുകയാണ്. പാക് അധീന കശ്മീരിലെ കാര്യങ്ങള്‍ നേരെ കൊണ്ട് പോകാന്‍ സാധിക്കുന്നില്ല. ബലൂചിസ്താന്‍ നിങ്ങളുടെ കൈയ്യിലല്ലെ, എന്തുകൊണ്ടാണ് കാര്യങ്ങള്‍ നേരെ കൊണ്ട്‌പോകാന്‍ സാധിക്കുന്നില്ല. ഇന്ത്യയും പാകിസ്താനും ഒരേ സമയത്ത് സ്വാതന്ത്ര്യം നേടിയവരാണ്. എന്നാല്‍ ഇന്ത്യ വിവരസാങ്കേതിക വിദ്യ കയറ്റുമതിചെയ്യുമ്പോള്‍ പാകിസതാന്‍ ഭീകരവാദം കയറ്റുമതി ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പാക് നേതൃത്വം മനസിലാക്കണം 18ജവാന്‍മാരുടെ ജീവത്യാഗം വെറുതേയാകില്ല. അതിന് വേണ്ടി പാകിസ്താന്റെ മുഖം ലോകം മുഴുവന്‍ വെളിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഇന്ത്യ നടത്തും,പാക് ജനത അവിടുത്തെ നേതാക്കള്‍ക്കെതിരെ സമരം ചെയ്യുന്ന കാലം വിദൂരമല്ലെന്നും മോദി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button