ഇന്ത്യന്‍ സൈന്യത്തിന്റെ ശേഷിയെക്കുറിച്ച് ഗുരുതരമായ സംശയങ്ങളുന്നയിച്ചു കൊണ്ട് രാജ്യത്തിന്റെ മുന്‍സുരക്ഷാ ഉപദേഷ്ടാവായ എംകെ നാരായണനും സുപ്രീംകോടതി ജഡ്ജിയായിരുന്ന മാര്‍കണ്ഠേയ കട്ജുവും രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയുടെ സൈന്യത്തിന് പാക് അധീനകാശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ കൃത്യമായി ആക്രമിക്കാനുള്ള ശേഷിയില്ലെന്നാണ് ദി ഹിന്ദു പത്രത്തിലെഴുതിയ ലേഖനത്തില്‍ മുന്‍ സുരക്ഷാ ഉപദേഷ്ടാവും ബംഗാള്‍ മുന്‍ ഗവര്‍ണറുമായ എംകെ നാരായണന് സമര്‍ത്ഥിക്കുന്നത്. മാധ്യമങ്ങള്‍ യുദ്ധക്കൊതിയില്‍ പറയുന്നത് പോലെ ലോകത്തിലെ ഏറ്റവും ശക്തമായ സേനയല്ല ഇന്ത്യയുടെതെന്ന് കട്ജു തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലും പറയുന്നു.
താന്‍ സുരക്ഷാ ഉപദേഷ്ടാവായിരുന്ന സമയത്തെ അനുഭവങ്ങളാണ് എംകെ നാരാണന്റെ ലേഖനം. വടക്കന്‍ കൊറിയയെപ്പോലെ ആരെയും പേടിയില്ലാത്ത ആണവശക്തിയുള്ള ഒരു തെമ്മാടി രാഷ്ട്രമാണ് പാകിസ്താന്. ഒരു യുദ്ധത്തിലേക്ക് പോയാല്‍, അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയ്ക്ക് എതിര്‍പ്പ് നേരിടേണ്ടിവരും. എല്ലാക്കാലത്തും ഇന്ത്യയെ പാകിസ്താന് ആക്രമണത്തില്‍ നിന്നും പിന്തിരിപ്പിച്ചത് ഇക്കാര്യമാണ്. 70കളില്‍ എന്റബെയില്‍ ഇസ്രായേല്‍ സേന നടത്തിയത് പോലെയോ, മോഗാഡിഷുവില് ജെര്‍മന്‍ ജിഎസ്ജി9 സേന നടത്തിയത് പോലെയോ, 2011ല്‍ ബിന്‍ലാദനെ വധിക്കാന്‍ അമേരിക്കന്‍ നേവി സീല്‍സ് നടത്തിയത് പോലെയോ ഒരു ഓപ്പറേഷന് നടത്താന്‍ അന്ന് ഇന്ത്യന്‍ സേനയ്ക്ക് കഴിവുണ്ടായിരുന്നില്ല. ജെര്‍മന്‍ ജിഎസ്ജി9 സേന അവകാശവാദത്തിനപ്പുറം സായുധസേനയുള്പ്പെടെയുള്ള ഇന്ത്യന്‍ സുരക്ഷാസേനകള്‍ക്ക്
ഇപ്പോഴും ഇത്തരത്തിലുള്ള കഴിവുകളില്ലെന്നും ലേഖനത്തില്‍ എംകെ നാരായണന് പറയുന്നു. ഇന്ത്യയുടെ കരനാവിക വ്യോമസേനകള്‍ക്കും സ്പെഷ്യല്‍ ഫോഴ്സുകളുണ്ട്. പക്ഷെ, ഇവയൊന്നും, അമേരിക്കന്‍ സേനകളോ ജര്‍മനിയുടെ ജിഎസ്ജി9നോ റഷ്യയുടെ സ്പെറ്റ്നസിനോ ചെയ്യുന്നത് പോലെ യുദ്ധസമയത്ത് എതിര് രാജ്യത്ത് കടന്നുകയറി ഓപ്പറേഷനുകള്‍ നടത്താന്‍ കഴിവുള്ളവയല്ല. സ്വതന്ത്രമായ ഒരു പോരാട്ടത്തിനും സൈന്യത്തിന്റെ ഈ വിഭാഗങ്ങളൊന്നും ശക്തരല്ലെന്നും അദ്ദേഹം പറയുന്നു. ഭീകരവിരുദ്ധസേനയായാണ് നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിനെ വികസിപ്പിച്ചതെങ്കിലും, അതിനിയും ജിഎസ്ജി9നെപ്പോലെയായിട്ടില്ല. ഇന്ത്യയ്ക്ക് മുന്പില് സൈബര്‍ യുദ്ധത്തിനുള്ള സാധ്യതയുണ്ടെന്നും എംകെ നാരായണന് പറയുന്നു. ഒരു തെമ്മാടി രാജ്യത്തോട് കണ്ണിന് കണ്ണെന്ന തന്ത്രം ഫലപ്രദമാകില്ലെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് എംകെ നാരായണന് ലേഖനം അവസാനിപ്പിക്കുന്നത്.
എം കെ നാരായണന്റെ ലേഖനത്തിന് പിന്നാലെയാണ് കട്ജുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റെത്തുന്നത്. മാധ്യമങ്ങളിലെ യുദ്ധക്കൊതിക്കപ്പുറം ചില കാര്യങ്ങള്‍ പരിശോധിക്കാനുണ്ട് എന്നാണ് കട്ജു പോസ്റ്റില്‍ പറയുന്നത്. ലോകത്തിലെ ഏറ്റവും ശക്തമാണ് ഇന്ത്യന്‍ സൈന്യമെന്ന് അവകാശപ്പെടുന്നത് തമാശയാണ്. അമേരിക്കയുടെ എഫ്15 പോലെയുള്ള യുദ്ധവിമാനവും സ്റ്റില്ത്ത് വിമാനങ്ങളുമെത്തിയാല്(റഡാറുകള്‍ക്ക് കണ്ടെത്താനാകാത്ത യുദ്ധവിമാനങ്ങള്‍) അവര്‍ക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇന്ത്യയുടെ വ്യോമസേനയെയും ടാങ്കുകളെയും പീരങ്കികളെയുമെല്ലാം തുടച്ചുനീക്കാന്‍ കഴിയുമെന്നും കട്ജു പറയുന്നു. അമേരിക്കന്‍ സൈന്യമെത്തിയാല്‍ എല്ലാവരും കൊല്ലപ്പെടുമെന്നതിനാല്‍ ആരാണ് അക്രമിച്ചതെന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് പോലും അറിവുണ്ടാകില്ലെന്നും കട്ജു ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇന്ത്യ കോടികള്‍ കൊടുത്താണ് സൈനികവിമാനങ്ങളും ടാങ്കുകളും ആയുധങ്ങളുമെല്ലാം ഇറക്കുമതി ചെയ്യുന്നത്. വിദേശ ആയുധ ഉത്പാദകരുടെ ഏറ്റവും വലിയ ആയുധ ഉപഭോക്താവ് ഇന്ത്യയാണ്. ഏറ്റവും പുതിയ ആയുധങ്ങളും സാങ്കേതികവിദ്യയും സ്വന്തം രാജ്യത്തിന്റെ സൈന്യത്തിനായി കാത്തുവെച്ചുകൊണ്ടാണ്, അവര്‍ പഴയ ആയുധങ്ങള്‍ ഇന്ത്യയ്ക്ക് വില്‍ക്കുന്നതെന്നും കട്ജു ആരോപിക്കുന്നു. ചെനീസ് സൈന്യമുപയോഗിക്കുന്ന തോക്കുകളുടെ അടുത്തുപോലുമെത്താന്‍ ഇന്ത്യന്‍ സൈന്യത്തിന്റെ തോക്കുകള്‍ക്ക് കഴിയില്ലെന്നും കട്ജു സമര്‍ത്ഥിക്കുന്നു. നമ്മുടെ സായുധസേനയ്ക്ക് പാവപ്പെട്ട പാകിസ്താനികള്‍ക്ക് നേരെ വെടിവെക്കാനേ കഴിയൂവെന്നും കട്ജു പറയുന്നു. ഇന്ത്യയ്ക്ക് ഇത്തരം ആയുധങ്ങള്‍ നിര്‍മ്മിക്കാനുള്ള കഴിവില്ലെന്ന് വിശ്വസിക്കുന്നില്ലെന്നും കട്ജു പോസ്റ്റില്‍ പറയുന്നു. ഇന്ത്യയ്ക്കിന്ന് മികച്ച ശാസ്ത്രജ്ഞന്മാരും എഞ്ചിനീയര്‍മാരുമുണ്ട്. പക്ഷെ, അവരില്‍ ഭൂരിപക്ഷവും വിദേശരാജ്യങ്ങളില്‍ ചേക്കേറിക്കഴിഞ്ഞു. പക്ഷെ, നമ്മള് സ്വന്തമായി ആയുധമുണ്ടാക്കാനാരംഭിച്ചാല്, എങ്ങനെ വിദേശ ആയുധക്കമ്പനികള്‍ പണമുണ്ടാക്കുമെന്നും കട്ജു ചോദിക്കുന്നു. നമ്മുടെ കഴിവുകള്ക്കുമുന്പിലുള്ള പ്രധാന തടസം, അഴിമതിയാണെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് കട്ജു ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Post Your Comments