ഐക്യരാഷ്ട്രസഭയുടെ 71-ആമത് ജനറല്‍ അസംബ്ലി മീറ്റിംഗില്‍ (ഉന്‍ഗ) കാശ്മീരി വിഷയം ഉയര്‍ത്തി വാചകക്കസര്‍ത്ത് നടത്തിയ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനേയും, പാക്-നിലപാടുകളേയും ഇന്ത്യ പിച്ചിച്ചീന്തി. യുഎന്‍ പൊതുസഭയിലെ നവാസ് ഷരീഫിന്‍റെ പ്രസംഗം “അപക്വവും” “ഭീഷണികള്‍ നിറഞ്ഞതുമായിരുന്നു” എന്ന്‍ വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബര്‍ പറഞ്ഞു. തോക്കുചൂണ്ടി നിന്നുകൊണ്ടാണ് ഇസ്ലാമാബാദ് ന്യൂഡല്‍ഹിയെ സമാധാനചര്‍ച്ചകള്‍ക്ക് ക്ഷണിക്കുന്നതെന്ന്‍ പറഞ്ഞ എം.ജെ. അക്ബര്‍ ഇന്ത്യ ഒരിക്കലും പാക്-സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക് വഴങ്ങില്ല എന്നും വ്യക്തമാക്കി.
പൊതുസഭയിലെ ഷരീഫിന്‍റെ അഭിസംബോധന കഴിഞ്ഞയുടനെ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍, ഈ കാലയളവില്‍ പാകിസ്ഥാനെ ഒരു ഗവണ്മെന്‍റല്ല മറിച്ച് ഒരു യുദ്ധയന്ത്രമാണ് നയിക്കുന്നതെന്ന് എം.ജെ. അക്ബര്‍ നിരീക്ഷിച്ചു.
“കയ്യില്‍ തോക്കു ചൂണ്ടി നിന്നാണ് പാകിസ്ഥാന്‍ ചര്‍ച്ചയ്ക്ക് ക്ഷണിക്കുന്നത്. തോക്കും ചര്‍ച്ചയും ഒരുമിച്ചു പോകില്ല. ചര്‍ച്ചയ്ക്കായുള്ള ഇന്ത്യയുടെ നിബന്ധനകള്‍ സ്ഥിരത പുലര്‍ത്തുന്നവയാണ്. തീവ്രവാദവും, തീവ്രവാദികളേയും ഒരു നയമായി ഉപയോഗിക്കുന്ന ഇസ്ലാമാബാദിലെ ഗവണ്മെന്‍റിന്‍റെ യാതൊരുവിധത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ക്കും, ഭീഷണികള്‍ക്കും വഴങ്ങാന്‍ ഇന്ത്യ ഒരുക്കമല്ല,” അക്ബര്‍ പറഞ്ഞു.
ഇന്ത്യന്‍ സൈന്യത്താല്‍ വധിക്കപ്പെട്ട ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയെ മഹത്വവത്കരിച്ച നവാസ് ഷരീഫിന്‍റെ നടപടിയും അക്ബറിന്‍റെ നിശിതവിമര്‍ശനത്തിന് ഇരയായി. ഒരു രാജ്യത്തെ നയിക്കുന്ന നേതാവ് പ്രധാനപ്പെട്ട ഒരു അന്താരാഷ്‌ട്രവേദിയില്‍ സ്വപ്രഖ്യാപിതനായ, സ്വയം അവരോധിക്കപ്പെട്ട ഭീകരനേതാവിനെ മഹത്വവത്കരിക്കുന്നത് ഞെട്ടലുളവാക്കുന്ന സംഭവമാണെന്ന് അക്ബര്‍ പറഞ്ഞു.
“ഒരു ഭീകരനെ മഹത്വവത്കരിക്കുന്നത് നമ്മള്‍ കെട്ടു. ഹിസ്ബുള്‍ മുജാഹിദീന്‍റെ സ്വപ്രഖ്യാപിത കമാന്‍ഡര്‍ ആണ് ബുര്‍ഹാന്‍ വാനി. ഹിസ്ബുള്‍ മുജാഹിദീന്‍ ഒരു ഭീകരസംഘടനയാണെന്ന കാര്യം അന്താരാഷ്‌ട്രതലത്തില്‍ അംഗീകരിക്കപ്പെട്ടതാണ്. പാകിസ്ഥാന്‍ പ്രധാനമന്ത്രി സ്വയംപഴിക്കുകയാണ് ഇതിലൂടെ ചെയ്തത്,” അക്ബര്‍ പറഞ്ഞു.
ജമ്മുകാശ്മീരിലെ ഏകകടന്നുകയറ്റം, കാശ്മീരിന്‍റെ ഒരുഭാഗത്തുള്ള പാകിസ്ഥാന്‍ സൈന്യത്തിന്‍റെ കടന്നുകയറ്റമാണ് എന്നും അക്ബര്‍ വ്യക്തമാക്കി. പാക്-അധീന-കാശ്മീരില്‍ പാക്സൈന്യം നരഹത്യ നടത്തുകയാണെന്ന കാര്യം ലോകം മുഴുവന്‍ അറിയുന്നതാണെന്നും അക്ബര്‍ പറഞ്ഞു.
ഇന്ത്യയിലേക്ക് പാകിസ്ഥാന്‍ ഭീകരവാദം കയറ്റുമതി ചെയ്യുന്നത് പാകിസ്ഥാനിലെ ജനങ്ങളുടെ വികസനപരമായ ആവശ്യങ്ങള്‍ക്ക് തുരങ്കം വച്ചുകൊണ്ടാണെന്നുള്ളത് ഗൗരവമേറിയ വിഷയമാണെന്നും അക്ബര്‍ ചൂണ്ടിക്കാട്ടി.
“പാകിസ്ഥാന്‍റെ ഭീകരവാദ നടപടികള്‍ക്കുള്ള വിലയൊടുക്കുന്നത് അവിടുത്തെ സാധാരണ ജനങ്ങളാണ്,” അക്ബര്‍ പറഞ്ഞു.
Post Your Comments