NewsIndia

അതിര്‍ത്തി കടന്ന ഇന്ത്യന്‍ സേന ഭീകരക്യാംപുകള്‍ നിലംപരിശാക്കിയോ? യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി സൈന്യം

ന്യൂഡല്‍ഹി● ജമ്മു കാശ്മീരില്‍ ഉറിയില്‍ നിയന്ത്രണരേഖ കടന്ന ഇന്ത്യന്‍ സൈന്യം ഭീകരക്യാംപുകള്‍ ആക്രമിച്ച് നിലംപരിശാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി സൈന്യം രംഗത്ത്. നിയന്ത്രണരേഖ കടന്ന് പാക് അധീന കശ്മീരില്‍ ഭീകരരുടെ കേന്ദ്രങ്ങള്‍ക്ക് നേര്‍ക്ക് ശക്തമായ ആക്രമണം നടത്തി 20 ഭീകരരെ വധിച്ചതായായിരുന്നു റിപ്പോര്‍ട്ട്. സംഭവം പ്രതിരോധ-സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചിരുന്നില്ല. ദേശിയ മധ്യമങ്ങള്‍ ഉള്‍പ്പടെയുള്ള മുഖ്യധാര മാധ്യമങ്ങളും വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ തയ്യാറായിരുന്നില്ല. ഇതിനിടെയാണ് ഈ വാര്‍ത്ത‍ തള്ളി സൈന്യം തന്നെ രംഗത്തെത്തിയത് . ഇത്തരത്തില്‍ ഒരു സൈനിക നടപടിയും ഉണ്ടായിട്ടില്ലെന്നും ഇതുസംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ജമ്മു കാശ്മീരിലെ ഉറി സെക്ടറിലെ സൈനിക ആസ്ഥാനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഇന്ത്യയ്ക്ക് 18 ജവാന്മാരെയാണ് നഷ്ടമായത്. ഇരുപതിലേറെ സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പാക് പിന്തുണയോടെയുള്ള ഭീകരരാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമായതോടെ, സംഭവത്തില്‍ പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. സൈന്യവും പ്രത്യാക്രമണ സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ തല്‍ക്കാലം സംയമനം പാലിക്കാനുള്ള നിര്‍ദ്ദേശമാണ് കേന്ദ്രസര്‍ക്കാരില്‍ നിന്നും സൈന്യത്തിന് ലഭിച്ചത്.

എന്നാല്‍ ഇത് പരിഗണിക്കാതെ നിയന്ത്രണരേഖ കടന്ന് പാക് അധീന കാശ്മീരിലേക്ക് പറന്നത്തിയ ഇന്ത്യന്‍ സൈന്യം 20 ഓളം ഭീകരരെ ഇതിനോടകം വധിച്ചതായാണ് ഓണ്‍ലൈന്‍ മാധ്യമമായ ‘ദി ക്വിന്റ് ‘റിപ്പോര്‍ട്ട് ചെയ്തത്. ഹെലിക്കോപ്റ്ററുകളില്‍ പറന്നെത്തിയ രണ്ട് എലൈറ്റ് 2 പാര യൂണിറ്റുകള്‍ ആണത്രേ ദൗത്യം നിര്‍വഹിച്ചത്. ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണത്തില്‍ 18-20 ഭീകരര്‍ കൊല്ലപ്പെട്ടതായും 200 ലേറെ ഭീകരര്‍ക്ക്‌ പരിക്കേറ്റതായും ‘ദി ക്വിന്റ്’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സെപ്റ്റംബര്‍ 20നും 21നും ഇടയിലെ അര്‍ദ്ധരാത്രിയിലാണ് ഉറി വഴി നിയന്ത്രണരേഖ ലംഘിച്ച സൈന്യം ആക്രമണം നടത്തിയതെന്നും ക്വിന്റ് അവകാശപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button