ഒരിക്കൽ ശ്രീനാരായണഗുരുവും ശിഷ്യരും രമണമഹർഷിയെ സന്ദര്‍ശിക്കാനെത്തിയ രംഗം. രമണമഹർഷിയുടെ ശിഷ്യരോടു ശ്രീനാരായണഗുരു ചോദിച്ചു, “നിങ്ങൾക്ക് അദ്ദേഹത്തെ അറിയാമോ?’
“അറിയാം.’ അവര്‍ പറഞ്ഞു.
സ്വന്തം ശിഷ്യരോടു ചോദിച്ചു. അവരും പറഞ്ഞു “അറിയാം.’ ഗുരു അതുകേട്ട് മൗനമായിരുന്നു. കുറച്ചുകഴിഞ്ഞ് ഇങ്ങനെ മന്ത്രിച്ചു: “അപ്പോൾ നമുക്ക് മാത്രമാണല്ലേ അറിയാത്തത്…’
ഗുരുവിനെ അറിയാന്‍ ശ്രമിയ്ക്കുക എന്ന കാര്യത്തില്‍ നമ്മള്‍ ഇന്നും ഇതുപോലെ അന്ധന്‍ ആനയെ കാണുന്ന പോലെയാണ്. ആധുനികകേരളത്തെ രൂപപ്പെടുത്തിയ അദ്ധ്യാത്മജീനിയസിന്റെ ചരിത്രനാമമാണ് ശ്രീനാരായണഗുരു. ജാതി,മതഭ്രാന്തുകളുടെ ആലയമായിരുന്ന കേരളത്തില്‍ ഗുരു നിര്‍വഹിച്ച ചരിത്രപരമായ ഇടപെടലുകളും അതിന്റെ വിപരീതത്തുടര്‍ച്ചകളുളവാക്കിയ ഇച്ഛാഭംഗവും ഗുരുവിലെ മനുഷ്യനിലുളവാക്കിയ ആത്മസംഘര്‍ഷങ്ങളും ആത്മസംഗരങ്ങളുമാണ് ശ്രീനാരായണ ഗുരു എന്ന യുഗപുരുഷന്റെ എഴുത്തും ജീവിതവും. താന്‍ നടന്നുതെളിച്ച വഴികളില്‍ പഴയകാടിന്റെ പുതിയതുടര്‍ച്ചകള്‍ പടര്‍ന്നേറുന്നതുകണ്ട് വ്യാസനെപ്പോലെ ഊര്‍ധ്വബാഹുവായി, കണ്ണീരടക്കി, ആത്മാവിലുലഞ്ഞ്, പിന്നെ ആത്മബലത്തില്‍ ഉണര്‍ന്ന് ഇരുളിലേക്ക് നടന്ന് മറയുന്നു ഗുരുദേവന്‍. താന്‍ വിതച്ച മനുഷ്യത്വത്തിന്റെ വിത്തുകള്‍ മുള്ളുകളില്‍ വീണ് ഞെരിഞ്ഞൊടുങ്ങുന്നതുകണ്ട് ഉലയുന്ന ഹൃദയവുമായാണ് ആ മഹാനുഭാവന്‍ കടന്നു പോയത്.
ഗുരുദേവന്‍ കേവലം ഒരു ഹിന്ദുസന്യാസിയായിരുന്നില്ല.ഗുരുദേവ ധര്‍മ്മത്തില്‍ എവിടെയും ചാതുര്‍വര്‍ണ്ണ്യമില്ല, ജാതിയില്ല, സമുദായമില്ല. അതുകൊണ്ട് തന്നെ സംശുദ്ധമായ സനാതന ധര്‍മ്മമാണ് ശ്രീനാരായണ ഗുരുദേവ ധര്‍മ്മം.സംസ്കാര ശൂന്യതയുടെ പുഴുക്കുത്തുകളെയും അഴുക്കുകളെയും അകറ്റി സംശുദ്ധമായ സനാതന ധര്‍മ്മം ശ്രീനാരായണ ഗുരുദേവന്‍ നമ്മുടെ മുന്നിലേയ്ക്ക് വയ്ക്കുന്നു.അതിനെ ദുര്‍ വ്യാഖ്യാനങ്ങള്‍ക്ക് വിധേയമാക്കുന്നത് നമ്മള്‍ മാത്രമാണ്.
“അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താ-
ലവനിയിലാദിമമാമൊരാത്മരൂപം
അവനവനാത്മസുഖത്തിന്നാചരിക്കുന്നവ
യപരന്നുസുഖത്തിനായ് വരേണം..”
ഓരോരുത്തരും അവനവന് എന്നതുപോലെ മറ്റുള്ളവര്‍ക്കുംവേണ്ടി ജീവിക്കുമ്പോഴാണ് മനുഷ്യനും സമൂഹവും രൂപപ്പെടുന്നത്. അല്ലാത്തവേളയില്‍ അതു വെറും പറ്റം അല്ലെങ്കില്‍ കൂട്ടം മാത്രം. ഈ സാമൂഹികതയാണ് മനുഷ്യരെ യുഗപുരുഷന്മാരാക്കുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തിലെ ചരിത്രബന്ധങ്ങള്‍ രൂപപ്പെടുത്തിയ കീഴാളജനതയുടെ സ്വാതന്ത്ര്യേച്ഛയാണ് ഗുരു എന്നതാണ് സത്യം.അങ്ങനെ ഗുരുവിനെ അറിയാന്‍ ശ്രമിയ്ക്കാതെ ഒരു പ്രത്യേക സമുദായത്തിന്റെയോ ജാതിയുടെയോ വക്താവായി മാത്രം ഗുരുവിനെ നിര്‍വ്വചിയ്ക്കാന്‍ ശ്രമിയ്ക്കുന്ന അല്‍പ്പത്തം മനുഷ്യന്റെയാണ്.
അറിവിലൂടെ ഗുരുദേവന്‍ സൃഷ്ടിച്ച സാമൂഹ്യവിപ്ലവമാണ് പില്‍ക്കാലത്ത് കേരളത്തിലുണ്ടായ എല്ലാ പുരോഗമന പ്രസ്ഥാനങ്ങളുടെയും അടിസ്ഥാനശില. ദേഹത്യാഗത്തോട് കൂടി സാധാരണ മനുഷ്യരുടെ ജീവിതം അവസാനിക്കുകയും മഹാപുരുഷന്മാരുടെ ജീവിതം ആരംഭിക്കുകയും ചെയ്യുന്നു എന്ന മഹര്‍ഷി അരവിന്ദന്റെ വാക്കുകള്‍ ഗുരുദേവനെ സംബന്ധിച്ച് ശരിയാണന്ന് വര്‍ത്തമാനകാലം സാക്ഷ്യപ്പെടുത്തുന്നു.ആ പരമാര്‍ത്ഥം തന്നെയാണ് ഗുരു സമാധി ദിനത്തിന്റെ സാര്‍ത്ഥകമായ തിരിച്ചറിവും.
Post Your Comments