ന്യൂഡല്‍ഹി : രാജ്യത്തെ ഞെട്ടിച്ച കശ്മീരിലെ ഉറി ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കാന്‍ ഇന്ത്യന്‍ സൈന്യത്തിന്റെ തീരുമാനം. പാകിസ്ഥാനെതിരെ തിരിച്ചടിയ്ക്കാന്‍ ഇന്ത്യ തയ്യാറായതായി സൈനിക ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ലഫ്.ജനറല്‍ രണ്‍ബീര്‍ സിങ് അറിയിച്ചു.
ഭീകരരില്‍നിന്നും പാക്ക് നിര്‍മിത ഭക്ഷണ പാക്കയ്റ്റുകളും മരുന്നുകളും കണ്ടെത്തിയിട്ടുണ്ട്. എകെ 47 തോക്കുകളും ഗ്രനേഡുകളും ഉള്‍പ്പെടെ ആയുധശേഖരവും കൊല്ലപ്പെട്ട ഭീകരരില്‍നിന്നും പിടിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ നിന്നെല്ലാം ഉറി ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാനാണെന്ന് വ്യക്തമായി കഴിഞ്ഞു.
ഈ വര്‍ഷം മാത്രം നിയന്ത്രണരേഖയില്‍ 17 നുഴഞ്ഞുകയറ്റശ്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ സൈന്യത്തിന്റെ ശക്തമായ ഇടപെടല്‍ ഈ ശ്രമങ്ങളെയെല്ലാം നിഷ്ഫലമാക്കി.
രാജ്യത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യമാണ് നുഴഞ്ഞുകയറ്റശ്രമങ്ങള്‍ക്ക് പിന്നിലുള്ളത്. ഈ വര്‍ഷം സൈന്യം നടത്തിയ വിവിധ ഓപ്പറേഷനുകളിലായി 110 ഭീകരര്‍ കൊല്ലപ്പെട്ടു. ഇതില്‍ 31 പേര്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റശ്രമത്തിനിടെ കൊല്ലപ്പെട്ടവരാണ്.
ഉറി സൈനിക ക്യാംപിനു നേരെയുണ്ടായ ഭീകരാക്രമണത്തിനു ശക്തമായ തിരിച്ചടി നല്‍കണമെന്ന ആവശ്യം സൈന്യത്തിലും ഉയര്‍ന്നിരുന്നു. നിയന്ത്രിതവും ശക്തവുമായ രീതിയില്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്തണമെന്നാണ് സൈന്യത്തിന്റെ ആവശ്യം.
Post Your Comments