പാലക്കാട് : മാലിന്യം വലിച്ചെറിഞ്ഞാലും തുപ്പിയാലും ഇനി പണി കിട്ടും. റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തും ട്രെയിനിനകത്തും മാലിന്യങ്ങള്‍ വലിച്ചെറിയുന്നവരും തോന്നുന്നയിടത്തൊക്കെ തുപ്പുന്നവര്‍ക്കും ഇനി മുതല്‍ പിഴശിക്ഷ ഏര്‍പ്പെടുത്താനാണ് റെയില്‍വേയുടെ നീക്കം. ശുചിത്വവാരാചരണ പരിപാടിയായ ‘സ്വച്ഛ് റെയില്‍ സ്വച്ഛ് ഭാരത് സ്വച്ഛ് പരിയാവര’നു ശേഷം ഘട്ടംഘട്ടമായി വിവിധ മേഖലകളിലായി പിഴ ചുമത്താനാണു റെയില്‍വേ ഒരുങ്ങുന്നത്.
മുന്‍പ് ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്കു ശല്യമുണ്ടാക്കുന്ന നടപടിയായി കണക്കാക്കി കുറ്റക്കാരെ പിടികൂടി റെയില്‍വേ കോടതി മുന്‍പാകെ ഹാജരാക്കുകയാണു ചെയ്തിരുന്നത്. കോടതിയാണ് ഇവര്‍ക്കു പിഴശിക്ഷ നല്‍കിയിരുന്നത്. ഇനി റെയില്‍വേ സംരക്ഷണസേനാ ഉദ്യോഗസ്ഥര്‍, ടിക്കറ്റ് പരിശോധകര്‍, കൊമേഴ്‌സ്യല്‍ വിഭാഗം ഇന്‍സ്‌പെക്ടര്‍മാര്‍ തുടങ്ങിയവര്‍ക്ക് നേരിട്ടു പിഴ ചുമത്താന്‍ അധികാരം ലഭിക്കും. ശുചിമുറിക്കു സമീപത്തായി ചവറ്റുകൊട്ടകള്‍ സ്ഥാപിച്ചിട്ടുള്ള ട്രെയിന്‍ കംപാര്‍ട്‌മെന്റുകളില്‍ അത് ഉപയോഗിക്കാതെ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെയും നടപടി വന്നേക്കുമെന്നു അധികൃതര്‍ സൂചിപ്പിച്ചു. പ്ലാറ്റ്‌ഫോമുകളിലും മറ്റും കൂടുതല്‍ ചവറ്റുകൊട്ടകള്‍ സ്ഥാപിക്കാന്‍ ശുചീകരണ കരാറുകാര്‍ക്കു റെയില്‍വേ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനുശേഷമാകും പിഴ ഈടാക്കുന്ന നടപടികള്‍ ആരംഭിക്കുക.
പ്ലാറ്റ്‌ഫോമുകളിലെ ചവറ്റുകൊട്ടയിലല്ലാതെ ആഹാര അവശിഷ്ടങ്ങളോ മാലിന്യങ്ങളോ വലിച്ചെറിയുക, തുപ്പുക, ട്രെയിനുകളിലെ ടാങ്കുകളില്‍ വെള്ളം നിറയ്‌ക്കേണ്ട പൈപ്പ് ഉപയോഗിച്ചു കുളിക്കുക, സ്‌റ്റേഷന്‍ കെട്ടിടങ്ങളുടെയും ട്രെയിനുകളുടെയും ഭിത്തികളില്‍ എഴുതുക തുടങ്ങിയ പ്രവൃത്തികളൊക്കെ പിഴയുടെ പരിധിയില്‍ വരുമെന്നു റെയില്‍വേ അധികൃതര്‍ പറഞ്ഞു.
കടപ്പാട് : മനോരമ
Post Your Comments