ശ്രീനഗര്‍ : കശ്മീരിലെ സൈനിക ബ്രിഗേഡ് ആസ്ഥാനത്തുണ്ടായ ചാവേറാക്രമണത്തില്‍ ഒന്‍പതു ജവാന്‍മാര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്കു പരുക്കേറ്റു. 12 ബ്രിഗേഡിന്റെ ഉറിയിലെ ആസ്ഥാനത്താണ് ആക്രമണമുണ്ടായത്. 2014നു ശേഷം കശ്മീരിലുണ്ടാകുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്. അതേസമയം, സൈനിക കേന്ദ്രത്തിനുള്ളില്‍ ആക്രമണം നടത്തിയ നാലു ഭീകരരെ സൈന്യം വധിച്ചു. കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്തില്‍ തിരച്ചില്‍ തുടരുകയാണ്.
ശ്രീനഗര്‍ മുസഫറാബാദ് ഹൈവേയ്ക്കരികിലുള്ള സൈനിക കേന്ദ്രത്തില്‍ പുലര്‍ച്ചെ അഞ്ചരയോടെയാണ് ഭീകരര്‍ ആക്രമണം തുടങ്ങിയത്. നിയന്ത്രണരേഖയോട് അടുത്ത പ്രദേശമാണിത്. കമാന്‍ഡോ ശൈലിയില്‍ എത്തിയ ഭീകരര്‍ സൈനികര്‍ക്കുനേരെ ആക്രമണം നടത്തുകയായിരുന്നു. വന്‍ ആയുധശേഖരവുമായാണ് ഇവര്‍ അകത്തു കടന്നതെന്നാണു നിഗമനം. ആക്രമണത്തില്‍ ചില ബാരക്കുകള്‍ക്കു തീപിടിച്ചു. പരുക്കേറ്റ സൈനികരെ 70 കിലോമീറ്റര്‍ അകലെയുള്ള സൈനിക ആശുപത്രിയിലേക്കു ഹെലിക്കോപ്റ്ററിലാണ് എത്തിച്ചത്.
അതേസമയം, ഭീകരാക്രമണത്തെത്തുടര്‍ന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഉന്നതതല യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ജമ്മു കശ്മീര്‍ ഗവര്‍ണര്‍, മുഖ്യമന്ത്രി എന്നിവരോടു ആഭ്യന്തരമന്ത്രി സംസാരിച്ചു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ രാജ്‌നാഥ് സിങ് ആഭ്യന്തര സെക്രട്ടറിയോടും മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments