India

കര്‍ണാടകയില്‍ നിന്നു രോഗിയുമായി ഡോക്ടര്‍മാര്‍ തമിഴ്‌നാട്ടിലേക്ക് നടന്നു

ബെംഗളൂരു : കര്‍ണാടകയില്‍ നിന്നു രോഗിയുമായി ഡോക്ടര്‍മാര്‍ തമിഴ്‌നാട്ടിലേക്ക് നടന്നു. ബെംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയിലെ ഹെപ്പറ്റോളജിസ്റ്റ് ഡോ.എ.ഒളിത്‌ശെല്‍വന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗുരുതര കരള്‍രോഗം ബാധിച്ച രോഗിയുമായി തമിഴ്‌നാട്ടിലെത്തിയത്. വര്‍ഷങ്ങളായി ഗുരുതര കരള്‍ രോഗത്തിന് അടിമപ്പെട്ടിരിക്കുകയാണ് മഹാരാഷ്ട്ര സ്വദേശിയായ അന്‍പത്തിയഞ്ചുകാരന്‍.

കര്‍ണാടകയും തമിഴ്‌നാടും തമ്മില്‍ പ്രശ്‌നങ്ങള്‍ നടക്കുമ്പോഴായിരുന്നു കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കായി അന്‍പത്തിയഞ്ചുകാരന് ദാതാവിനെ ലഭിച്ചത്. ഇരുസംസ്ഥാനക്കാരും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കരള്‍ വേണ്ടെന്നു വയ്ക്കുന്നത് വളരെ എളുപ്പമാണ്. എന്നാല്‍ ജീവിതത്തിലേക്കു മടങ്ങാന്‍ കാത്തിരിക്കുന്ന ഒരാളുടെ സ്വപ്നങ്ങള്‍ക്കുമുന്നില്‍ അത് ന്യായീകരിക്കാവുന്ന ഒന്നല്ല. ആശങ്കകളുണ്ടായിരുന്നെങ്കിലും മുന്നോട്ടു പോകാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഡോ.എ.ഒളിത് ശെല്‍വന്‍ പറഞ്ഞു.

ബെംഗളൂരുവില്‍ നിന്ന് സേലത്തേക്ക് പോകാനെടുത്തത് നാലു മണിക്കൂറാണ്. എന്നാല്‍ രണ്ടു രാജ്യങ്ങള്‍ക്കിടയിലൂടെയാണ് യാത്രയെന്നു തോന്നി. രോഗിയുമായി തമിഴ്‌നാട് അതിര്‍ത്തി വരെ കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ആംബുലന്‍സിലായിരുന്നു യാത്ര. അവിടെയൊരു വാഹനം ലഭിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും ഒന്നുമുണ്ടായില്ല. തുടര്‍ന്ന് മുപ്പതുമിനിറ്റോളം രോഗിയെ വീല്‍ചെയറിലിരുത്തി കൊണ്ടുപോകുകയായിരുന്നു. അതല്ലാതെ മറ്റൊരു മാര്‍ഗവുമുണ്ടായിരുന്നില്ല. അവിടെ ഞങ്ങള്‍ക്കായി തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ആംബുലന്‍സ് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ആശുപത്രിയിലെത്തിയത്. 12 മണിക്കൂര്‍ നീണ്ടു നിന്ന ശസ്ത്രക്രിയയ്ക്കുശേഷം രോഗി സുരക്ഷിതനായിരിക്കുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button