ഇറ്റാ: 11 വര്‍ഷം മുമ്പ് ഒരു പ്രകൃതിദുരന്തത്തില്‍ നഷ്ടമായ വൈദ്യുത കണക്ഷന്‍ ഉത്തര്‍പ്രദേശിലെ ഇറ്റാ ജില്ലയിലുള്ള ബിദിയ ഗ്രാമത്തിന് പ്രധാനമന്ത്രിയുടെ ഇടപെടലിലൂടെ ചൊവ്വാഴ്ച തിരികെകിട്ടി. 11 വര്‍ഷം മുമ്പുണ്ടായ ഒരു കൊടുങ്കാറ്റിലാണ് ബിദിയയിലെ വൈദ്യുതി ബന്ധം നിലച്ചുപോയത്. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഗ്രാമത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ച വൈദ്യുത കണക്ഷനുകള്‍ പുന:സ്ഥാപിച്ചു.
ഗ്രാമത്തിനു മുഴുവന്‍ പ്രയോജനം ചെയ്ത ഈ ശുഭകാര്യത്തിന് നിമിത്തമായത് 23-കാരിയായ ദീപ്തി മിശ്ര എന്ന മിടുക്കിയാണ്. ദീപ്തിയാണ് തന്‍റെ ഗ്രാമത്തിന്‍റെ ദുരിതം വിശദീകരിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് പരാതി നല്‍കിയത്. മധുബെന്‍ എന്നുകൂടി വിളിപ്പേരുള്ള ബിദിയയില് വൈദ്യുതി ഇല്ലാത്ത പ്രശ്നം ഉന്നയിച്ച് ദീപ്തി പ്രധാനമന്ത്രിയുടെ ഓഫീസിന് കഴിഞ്ഞ ആഗസ്തിലാണ് ഓണ്‍ലൈനായി പരാതി നല്‍കിയത്.
2005 ജനുവരിയിലാണ് ഈ ഗ്രാമത്തില്‍ ആദ്യമായി വൈദ്യുതി എത്തിയത്. അതേ വര്‍ഷം ജൂണിലുണ്ടായ കൊടുങ്കാറ്റിലും പേമാരിയിലും വൈദ്യുതി ബന്ധം താറുമാറാകുകയും ചെയ്തു. പിന്നീട് ഇക്കാലമത്രയും ഗ്രാമവാസികള്‍ പരാതികളുമായി പല ഓഫീസുകള്‍ കയറിയിറങ്ങി. ഗ്രാമവാസികളുടെ നിവേദനങ്ങളും പരിവേദനങ്ങളും രാഷ്ട്രീയക്കാരുടെ .നിസ്സംഗതയ്ക്കു മുന്‍പില്‍ ഇത്രയുംനാള്‍ തോറ്റുനിന്നു.
ഗ്രാമത്തില് വൈദ്യുതി എത്തിയെങ്കിലും ആര്‍ക്കും വൈദ്യുതി കണക്ഷനില്ലാത്തതിനാല്‍ വീടുകളില്‍ വൈദ്യുതി എത്തിക്കാന്‍ ഇനിയും സമയംഎടുക്കും. പരാതി നല്‍കിയ ദീപ്തിയുടെ വീടിനും വൈദ്യുതി കണക്ഷനില്ല.
എട്ടാം ക്ലാസ് മുതല്‍ 12 വരെ ബിദിയയില്‍ പഠിച്ച ദീപ്തി നോയ്ഡയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ പഠനവും പൂര്‍ത്തിയാക്കി.
Post Your Comments