തിരുവനന്തപുരം : സംസ്ഥാനത്ത് കോണ്‍ഗ്രസിന് പുതിയ നായകനെത്തുന്നുവെന്ന് റിപ്പോര്‍ട്ട്. പുതിയ കെപിസിസി പ്രസിഡന്റായി പിടി തോമസിന്റെ പേര് എകെ ആന്റണി നിര്‍ദ്ദേശിച്ചതോടെ സംസ്ഥാനത്ത് കോണ്‍ഗ്രസിന് പുതിയ നായകനെത്തുകയാണ്. അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലേയ്ക്ക് പാര്‍ട്ടിയെ സജ്ജമാക്കുകയാണ് പിടി തോമസിന്റെ ദൗത്യം. കെപിസിസിയ്ക്കു പകരം ഒരു അഡ്‌ഹോക്ക് സമിതിയും രൂപീകരിക്കും.
മുതിര്‍ന്ന നേതാക്കളുടെ ഉന്നതതല സമിതിയുണ്ടാക്കി പ്രശ്‌നം പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചിരുന്നു. എന്നാല്‍ സുധീരന്റെ താല്‍പര്യപ്രകാരം രൂപീകരിച്ച സമിതിയില്‍ അംഗമാകാന്‍ താനില്ലെന്ന് ഉമ്മന്‍ചാണ്ടി വാശിപിടിച്ചതോടെ ഉന്നതതല സമിതിയ്ക്ക് ഇതേവരെ പ്രാഥമിക യോഗം പോലും ചേരാന്‍ കഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് സംഘടന കൈവിട്ടുപോകുന്നു എന്ന വിലയിരുത്തലാണ് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വത്തിന്. താഴേത്തട്ടു മുതല്‍ സമഗ്രമായ അഴിച്ചു പണിയും പാര്‍ട്ടിയില്‍ നിന്ന് അകന്നു പോയവരെ തിരിച്ചു കൊണ്ടുവരാനുളള കര്‍മ്മ പരിപാടിയുമാണ് പുതിയ പ്രസിഡന്റിനു മുന്നിലുളള അടിയന്തരമായ സംഘടനാ ചുമതലകള്‍. മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായത്തിന് അര്‍ഹമായ പരിഗണന നല്‍കുമ്പോള്‍ത്തന്നെ പാര്‍ട്ടിയുടെ എല്ലാ തലത്തിലും ഗ്രൂപ്പു ലേബലില്ലാത്ത യോഗ്യരായ ആളുകളെ കൊണ്ടുവരിക എന്ന ചുമതലയും പിടി തോമസിനുണ്ട്.
അതേസമയം ഉമ്മന്‍ചാണ്ടിയ്ക്കു വഴങ്ങാനും ഹൈക്കമാന്‍ഡ് തയ്യാറല്ല. ഏറെ പേരുദോഷം കേള്‍പ്പിച്ച് ദയനീയ പരാജയം ഏറ്റുവാങ്ങിയ മുഖ്യമന്ത്രി എന്നാണ് കേന്ദ്രനേതൃത്വത്തിന്റെ മുന്നില്‍ അദ്ദേഹത്തിന്റെ പ്രതിഛായ. എകെ ആന്റണിയും ഉമ്മന്‍ചാണ്ടിയ്‌ക്കൊപ്പമല്ല. ഇവര്‍ക്കു ബദലായി വിഎം സുധീരനെ ശക്തമായി പിന്തുണച്ചെങ്കിലും പ്രവര്‍ത്തനശൈലി അദ്ദേഹത്തിനും വിനയായി. അതിശക്തമായ ഇരുഗ്രൂപ്പുകളെയും ഒന്നിച്ചു കൊണ്ടുപോകാനോ, അവര്‍ക്കു ബദലായി പുതിയൊരു നേതൃനിരയെ വാര്‍ത്തെടുക്കാനോ സുധീരനു കഴിഞ്ഞിട്ടുമില്ല. അതുകൊണ്ട്, എല്ലാവരെയും കൂട്ടിയോജിപ്പിച്ചുകൊണ്ടു പോകാന്‍ കഴിയുന്ന വ്യക്തിയെ സംഘടനയുടെ തലപ്പത്ത് നിയോഗിക്കുക എന്ന പ്രായോഗികബുദ്ധിയാണ് ഹൈക്കമാന്‍ഡ് കൈക്കൊണ്ടത്.
Post Your Comments