സംസ്ഥാന സർക്കാർ ഓണം ലക്ഷ്യമിട്ട് ആരംഭിച്ച വിഷരഹിത പച്ചക്കറി ഉത്പാദനം വിജയത്തിലേക്ക്. ആദ്യ ഘട്ടമായി അന്യസംസ്ഥാന ലോബിക്ക് പ്രഹരമേല്പിച്ച് പത്തു ലക്ഷം മെട്രിക് ടൺ പച്ചക്കറിയാണ് വിപണിയിൽ എത്തിയത്. ഓണക്കാല വിലക്കയറ്റത്തിന് കടിഞ്ഞാണിട്ട് ഇത് സാധാരണക്കാർക്ക് ആശ്വാസവുമായി.
കൃഷിവകുപ്പിന്റെ വിഷരഹിത പച്ചക്കറി വിപ്ലവം പൊതുജന പങ്കാളിത്തത്തോടെയായിരുന്നു . കുടുംബശ്രീ യൂണിറ്റുകളും റസിഡന്റ്സ് അസോസിയേഷനുകളും വിവിധ എൻ.ജി.ഒസും മാത്രമല്ല ഇടതു മുന്നണിയിലെ വിവിധ കക്ഷികളും സർക്കാർ പദ്ധതി വിജയിപ്പിക്കാൻ തരിശ് ഭൂമികൾ കണ്ടെത്തി കളത്തിലിറങ്ങി. ഒരു ഹെക്ടറിന് 15000 രൂപ വച്ച് 373 സെക്ടറുകൾക്ക് പച്ചക്കറി ഉത്പാദനത്തിന് ആദ്യ ഘട്ടത്തിൽ സബ്സിഡി നൽകി. അഞ്ച് ഹെക്ടറിൽ കുറവുള്ള യൂണിറ്റുകൾക്ക് 8000 രൂപയും നൽകി.
വിവിധ റസിഡന്റ്സ് അസോസിയേഷനുകൾക്ക് കൃഷിവകുപ്പ് 40,000 യൂണിറ്റ് ഗ്രോബാഗുകളാണ് നല്കിയത്. ഇത് കഴിഞ്ഞ വർഷം 28000 യൂണിറ്റുകളായിരുന്നു. കൃഷിവകുപ്പിനൊപ്പം ഹോർട്ടികോർപ്പും വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലും കൈകോർത്ത പദ്ധതിയിൽ ഒട്ടുമിക്ക കാർഷികവിളകളും ഉൾപ്പെടുത്തിയിരുന്നു. ഉരുളക്കിഴങ്ങ്, ഉള്ളി, കാരറ്റ്, കാബേജ് തുടങ്ങിയവ ഇടുക്കി ജില്ലയിലെ ഉയർന്ന പ്രദേശങ്ങളിൽ കൃഷിചെയ്തതിലും നല്ല വിളവ് ലഭിച്ചു.
നാടൻ പച്ചക്കറിക്ക് വിപണി കണ്ടെത്തുകയായിരുന്നു ഇതുവരെയുള്ള ബുദ്ധിമുട്ട്. വിവിധ സർക്കാർ ഏജൻസികൾ തുറന്ന 1250 പച്ചക്കറി ചന്തകളിലൂടെ ഇവ വില്ക്കാൻ സൗകര്യമൊരുക്കിയതോടെ വിപണി കിട്ടാതെ പച്ചക്കറി ഉപയോഗശൂന്യമാകുന്നെന്ന പരാതിക്കും പരിഹാരമായി. വിഷരഹിതമെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സർട്ടിഫിക്കറ്റ് നല്കിയ പച്ചക്കറികളാണ് വില്പനയ്ക്കെത്തിച്ചിട്ടുള്ളത്.
കേരളത്തിൽ 2012-13ൽ 54,820 ഹെക്ടർ സ്ഥലത്ത് നിന്ന് 9.1 ലക്ഷം ടണ്ണും,2013-14ൽ 75320 ഹെക്ടറിൽ നിന്ന് 11.90 ലക്ഷം ടണ്ണും,2014-15ൽ 90,533 ഹെക്ടറിൽ നിന്ന് 15.32 ലക്ഷം ടണ്ണും പച്ചക്കറി ഉത്പാദിപ്പിച്ചു. ഒരു ദിവസം കേരളം ഉപയോഗിക്കുന്നത് 5320 മെട്രിക് ടൺ പച്ചക്കറികളാണ് .
3900 മെട്രിക് ടൺ പച്ചക്കറി ഇവിടെ ഇപ്പോൾ ഉത്പാദിപ്പിക്കുന്നുണ്ട്.വിഷരഹിത പച്ചക്കറിയോട് ജനങ്ങൾക്കുള്ള താത്പര്യം മുതലെടുത്ത് ഓണം കഴിഞ്ഞും ആവേശത്തോടെ കൂടുതൽ തരിശുഭൂമിയിൽ പച്ചക്കറി വിപ്ലവം തുടർന്നാൽ വിഷത്തിൽ മുക്കിയ തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറിയെ ആശ്രയിക്കാതെ ഏതാനും വർഷങ്ങൾക്കുള്ളിൽ വിഷരഹിത പച്ചക്കറിയെന്ന ലക്ഷ്യത്തിലെത്താൻ കേരളത്തിന് കഴിയുമെന്നാണ് കൃഷിവകുപ്പ് ഉന്നതോദ്യോഗസ്ഥരുടെ അവകാശവാദം.
Post Your Comments