ലക്നൗ: തന്നെ കടിച്ച നായയെ വെടിവെച്ച പോലീസ് സബ് ഇന്‍സ്പെക്ടര്‍ കുഴങ്ങി. ലക്നൗവിനെ ചിന്‍ഹത് പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ മഹേന്ദ്ര പ്രതാപ് ആണ് നായയെ വെടിവെച്ചത്. കേന്ദ്രമന്ത്രി മനേകാ ഗാന്ധി സംഭവത്തെക്കുറിച്ച് പരാതി ലഭിച്ചതിനെ തുടര്‍ന്ന് ബന്ധപ്പെട്ടവരില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് തേടി.
വീടിനടുത്തുവെച്ചാണ് ആദര്‍ശ് നഗര്‍ സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥനെ നായ കടിച്ചത്. ഉടന്‍ വീട്ടിലെത്തിയ ഉദ്യോഗസ്ഥന്‍ തന്റെ സര്‍വീസ് റൈഫിളുമായി എത്തി നായയെ വെടിവയ്ക്കുകയായിരുന്നു.
നായയ്ക്ക് പരിക്കു പറ്റിയോ എന്ന കാര്യം വ്യക്തമല്ല. നായ ഉടന്‍ സംഭവസ്ഥലത്തുനിന്നും ഓടിപ്പോയെന്നാണ് റിപ്പോര്‍ട്ട്.
മൃഗ സംരക്ഷണ ബോര്‍ഡ് മെമ്പർ കമ്ന പാണ്ഡെ പോലീസ് ഉദ്യോഗസ്ഥന്‍ നായയെ വെടിവെച്ചത് വാര്‍ത്തയായതോടെ പോലീസ് കേസെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ലോക്കല്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുക്കാന്‍ തയ്യാറായില്ല. ഇതോടെ ഇദ്ദേഹം മനേകാ ഗാന്ധിക്ക് ഇതേക്കുറിച്ച് പരാതി നല്‍കുകയായിരുന്നു.
സംഭവം അതീവ ഗൗരവമുള്ളതാണെന്നാണ് കമ്ന പാണ്ഡെ പറയുന്നത്. നായയ്ക്ക് പകരം വഴിയിലുള്ള ആര്‍ക്കെങ്കിലും വെടിയേറ്റാല്‍ എന്തുചെയ്യുമെന്നും നായ വെടിയേറ്റു ചത്താല്‍ ആര് ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും ചോദിച്ചു. പോലീസ് ഉദ്യോഗസ്ഥന്‍ സുപ്രീംകോടതി നിര്‍ദ്ദേശം ലംഘിച്ചിരിക്കുകയാണ്. ഉടനടി നടപടി വേണമെന്നും പാണ്ഡെ ആവശ്യപ്പെട്ടു.
Post Your Comments