NewsGulf

ഖത്തറില്‍ അവശ്യസാധനങ്ങളുടെ വിലകുറയ്ക്കാന്‍ ഉതകുന്ന നടപടികളുമായി വാണിജ്യ മന്ത്രാലയം

ദോഹ: വാണിജ്യ ദല്ലാൾ ഇടപാടുകളിൽനിന്ന് അരി, പാൽ, ഇറച്ചി ഉൾപ്പെടെ 35 ഇനം അവശ്യവസ്തുക്കളെ ഒഴിവാക്കി സാമ്പത്തിക വാണിജ്യ മന്ത്രാലയം ഉത്തരവിട്ടു. റജിസ്റ്റേഡ് ദല്ലാൾമാർക്കല്ലാതെ വ്യാപാരികൾക്കു നേരിട്ട് ഇറക്കുമതി ചെയ്യാൻ അനുമതി ലഭിക്കുന്നതോടെ അവശ്യവസ്തുക്കൾക്കു വില കുറയാനുള്ള സാധ്യതയേറി. വിപണിയിൽ മൽസരം ഉറപ്പുവരുത്തുന്ന നിർണായക നടപടിയാണിത്. 420 ഏജന്റുമാർക്കു മാത്രമാണ് ഈ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യാൻ നേരത്തേ കുത്തക അനുമതിയുണ്ടായിരുന്നത്.

കസ്റ്റംസ് ജനറൽ അതോറിറ്റിക്ക് ഈ ഏജന്റുമാരുടെ അധികാരം റദ്ദാക്കി മന്ത്രാലയം അറിയിപ്പു നൽകി. ഉപഭോക്തൃ താൽപര്യങ്ങൾ സംരക്ഷിക്കും വിധം വാണിജ്യ ദല്ലാളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനായി 2002ലെ എട്ടാം നമ്പർ നിയമം മന്ത്രിസഭ ഏപ്രിലിൽ ഭേദഗതി ചെയ്തിരുന്നു. 2016ലെ ഇരുപത്തിനാലാം നമ്പർ മന്ത്രിസഭാ തീരുമാനപ്രകാരമാണ് 35 അവശ്യ വസ്തുക്കളെ കുത്തകവൽക്കരണത്തിൽനിന്ന് ഒഴിവാക്കുന്നതെന്നു മന്ത്രാലയം അറിയിച്ചു.

ഈ ഉൽപന്നം നിലവിൽ ഏതെങ്കിലും ഉൽപന്നത്തിന്റെ ഇറക്കുമതിക്കു റജിസ്റ്റർ ചെയ്ത ദല്ലാൾ ഉണ്ടെങ്കിൽ അവരിൽക്കൂടി മാത്രമേ രാജ്യത്തേക്ക് എത്തിക്കാനാകുമായിരുന്നുള്ളൂ. അതിനാൽ ഇവർ തീരുമാനിക്കുന്ന വിലയ്ക്കു മാത്രമേ ഉൽപന്നങ്ങൾ വിൽക്കാൻ കഴിഞ്ഞിരുന്നുള്ളൂ. വിപണിയിലെ മൽസരം ഇല്ലാതാക്കുന്ന നടപടിയാണിതെന്നു കണ്ടാണ് ചില ഇനങ്ങളെ ഈ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. സാമ്പത്തിക വാണിജ്യമന്ത്രാലയമാണു ഏതൊക്കെ ഇനങ്ങളാണ് എന്നുള്ളതു തീരുമാനിക്കുക.

അതു പ്രകാരമുള്ള ആദ്യ ഉത്തരവിലാണ് 35 എണ്ണം ഉൾപ്പെടുത്തിയത്. വിപണിയിലെ മാറ്റങ്ങൾ വിലയിരുത്തി കൂടുതൽ ഉൽപന്നങ്ങളെ ഏജന്റുമാരുടെ പിടിയിൽനിന്നു മാറ്റാനാകും. രാജ്യത്തെ ഭക്ഷ്യ, ഉപഭോക്തൃ ഉൽപന്നങ്ങളുടെ വിൽപന ചുരുക്കം ചിലരുടെ നിയന്ത്രണത്തിലാണെന്നു നേരത്തേ മന്ത്രാലയം നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. വിപണിയിൽ പരസ്പരം മൽസരിക്കേണ്ട ചില ഇനങ്ങളുടെ ഏജൻസിയെല്ലാം ഒരാൾക്കായിരിക്കും.

പാൽ ഉൽപന്നങ്ങൾ, ചിക്കൻ, ഇറച്ചി, ഇറച്ചി ഉൽപന്നങ്ങൾ, മുട്ട, അരി, ധാന്യപ്പൊടി, മീൻ, സീഫുഡ്, തേയില, കാപ്പി, പഞ്ചസാര, തേൻ, ജ്യൂസുകൾ, ശീതളപാനീയങ്ങൾ, മിനറൽ വാട്ടർ, ഉപ്പ്, എല്ലാത്തരം പേസ്ട്രികൾ, ബിസ്കറ്റ്, ചോക്കലേറ്റ്, ഐസ്‌ക്രീം, നട്സ്, ചിപ്സ്, ശീതീകരിച്ച ഭക്ഷ്യസാധനങ്ങൾ, ടോമോറ്റോ പേസ്റ്റ്, പയറുകൾ, പോപ് കോൺ, ഭക്ഷ്യ എണ്ണ, ഫുട് പ്രിസർവേറ്റീവ്സ്, അലുമിനിയം, ക്ലീനിങ് ഉപകരണങ്ങൾ തുടങ്ങിയവയാണ് ഏജന്റുമാരുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയ ഇനങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button