തിരുവനന്തപുരം : രാഷ്ട്രീയ നേതാക്കളുടെ അഴിമതിക്കഥകള്‍ പുറത്തുകൊണ്ടുവരുന്നതിനായി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്
കച്ചമുറുക്കി ഇറങ്ങിയിരിക്കുകയാണ്. ഇതിനായി ധനകാര്യ സ്ഥാപനങ്ങളില്‍ നിക്ഷേപമുള്ള സംസ്ഥാനത്തെ അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ സ്വത്തുവിവരം തേടി ആദായ നികുതി വകുപ്പിനും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും വിജിലന്‍സ് ഡയറക്ടര്‍ കത്തെഴുതി. രാഷ്ട്രീയക്കാര്‍ കള്ളപ്പണം നിക്ഷേപിക്കുന്നതായി സംശയിക്കുന്ന സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളില്‍ വിജിലന്‍സ് നേരിട്ടുള്ള പരിശോധനയും തുടങ്ങി. ഗള്‍ഫ് രാജ്യങ്ങളിലെ അടക്കം ചിലരുടെ വിദേശത്തുള്ള പണമിടപാട് കണ്ടെത്താന്‍ സിബിഐയുടെ സഹായം തേടാനും നീക്കമുണ്ട്.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന പലരുടേയും അടുത്ത ബന്ധുക്കള്‍ ഗള്‍ഫിലാണുള്ളത്. കോഴപ്പണത്തിന്റെ ഇടപാടുകള്‍ ഗള്‍ഫില്‍ നടക്കും. അതിന് ശേഷം ആ തുക പ്രവാസിയുടെ സമ്പാദ്യമാക്കി മാറ്റി കേരളത്തിലേക്കും. ഈ പണമുപയോഗിച്ച് വമ്പന്‍ ആശുപത്രി പോലും വാങ്ങിയ മന്ത്രിമാര്‍ ഉണ്ട്. ഇത്തരം സാമ്പത്തിക ഇടപാട് കണ്ടെത്താനാണ് സിബിഐയുടെ പിന്തുണ തേടുന്നത്. വിജിലന്‍സ് സംശയമുള്ളവരുടെ പട്ടിക തയ്യറാക്കി സിബിഐയ്ക്ക് നല്‍കും. അതിന്റെ അടിസ്ഥാനത്തില്‍ കഴിയുന്നത്ര സഹകരണം ഉറപ്പാക്കാമെന്ന് സിബിഐയും വ്യക്തമാക്കിയിട്ടുണ്ട്. ഇതാദ്യമായാണ് അഴിമതിപ്പണം കണ്ടെത്താന്‍ വിജിലന്‍സ് കേന്ദ്ര ഏജന്‍സികളുടെകൂടി സഹായം തേടുന്നത്. ബാര്‍ കോഴയില്‍ കുടുങ്ങിയ മന്ത്രിമാരുടേയെല്ലാം സ്വത്ത് വിവരം വിജിലന്‍സ് പരിശോധിക്കുന്നുണ്ട്. കെ എം മാണിക്കും കെ ബാബുവിനും പുറമേ ധാരളം മന്ത്രിമാര്‍ക്ക് അഴിമതിയില്‍ പങ്കുണ്ടെന്നാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നിലപാട്.
പല രാഷ്ട്രീയക്കാരും സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളില്‍ ബിനാമി പേരിലും അല്ലാതെയും നിക്ഷേപം നടത്തിയതായി വിജിലന്‍സ് ഇന്റലിജന്‍സിനു വിവരം ലഭിച്ചിരുന്നു. മാത്രമല്ല, അടുത്തിടെ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ ഇത്തരത്തില്‍ പലരുടെയും കള്ളപ്പണ നിക്ഷേപത്തിന്റെ വിവരം ലഭിച്ചിട്ടുണ്ടെന്നും വിജിലന്‍സിനു സൂചന ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ പൊതുപ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടെയും നിക്ഷേപത്തെക്കുറിച്ചുള്ള വിവരം കൈമാറാന്‍ ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ് കത്തെഴുതിയത്. വിവരം ലഭിക്കേണ്ട ഏതാനും പേരുടെ പട്ടികയും വിജിലന്‍സ് ഉടന്‍ നല്‍കും. ഇത് ലഭിച്ചാലുടന്‍ വിവരങ്ങള്‍ നല്‍കാമെന്നാണ് ആദായ നികുതി വകുപ്പിന്റെ വിലയിരുത്തല്‍. മുത്തൂറ്റ് സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡാണ് നിര്‍ണ്ണായകമായത്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും ഇതേ ആവശ്യത്തിനു കത്തെഴുതിയിട്ടുണ്ട്. അടുത്തിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു കോടികളുടെ കള്ളപ്പണം പിടികൂടിയിരുന്നു. ഇതു സംബന്ധിച്ച അന്വേഷണം എന്‍ഫോഴ്സമെന്റ് വിഭാഗമാണു നടത്തുന്നത്. അതില്‍ നിന്നു ലഭിച്ച വിവരമാണു ശേഖരിക്കുന്നത്. ഇപ്പോള്‍ അഴിമതിക്കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള രാഷ്ട്രീയക്കാരുടെ നിക്ഷേപം ഉണ്ടെന്നു കരുതുന്ന തൃപ്പൂണിത്തുറയിലെയും കോതമംഗലത്തെയും സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളില്‍ വിജിലന്‍സ് കഴിഞ്ഞ ദിവസവും പരിശോധന നടത്തിയിരുന്നു. മറ്റേതാനും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലും പരിശോധന നടത്തും. യുഡിഎഫ് നേതാക്കള്‍ക്ക് ഈ ബാങ്കുകളില്‍ നിക്ഷേപമുണ്ടെന്നാണ് വിലയിരുത്തല്‍.
Post Your Comments