ന്യൂഡല്‍ഹി● പാകിസ്ഥാന്‍ ആണവ സാമഗ്രികള്‍ ഉത്തരകൊറിയയ്ക്ക് വില്‍ക്കുന്നതായി അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സി.ഐ.എ) യുടെ കണ്ടെത്തല്‍. ഇക്കാര്യം സി.ഐ.എ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റിസേര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗി (റോ) നെ അറിയിച്ചു.
കടല്‍മാര്‍ഗമാണ് പാകിസ്ഥാന്‍ ആണവ സാമഗ്രികള്‍ വടക്കന്‍ കൊറിയയിലേക്ക് അയക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ അറ്റോമിക് എനര്‍ജി കമ്മീഷന്‍ ആണവ സാമഗ്രിയായ മോണേലും എന്‍കൊണേലും ഉത്തരകൊറിയയ്ക്ക് കൈമാറിയത് ഐക്യരാഷ്ട്രസഭയുടെ ചട്ടങ്ങളുടെ പരസ്യമായ ലംഘനമാണ്.
ചൈനീസ് കമ്പനിയായ ബീജിംഗ് സണ്‍ടെക് ടെക്നോളജി കമ്പനിയാണ് ഈ സാമഗ്രികള്‍ പാകിസ്ഥാന് വിതരണം ചെയ്യുന്നത്. ചൈനീസ് കമ്പനി പാകിസ്ഥാന് നല്‍കുന്ന ഈ വസ്തുക്കള്‍ പാകിസ്ഥാന്‍ ചരക്കുക്കപ്പല്‍ മാര്‍ഗം ഉത്തരകൊറിയയിലേക്ക് തിരിച്ചുവിടുകയാണ് ചെയ്യുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.
ആണവ പദാര്‍ത്ഥങ്ങളുടെ നിയമവിരുദ്ധമായ വില്പനയില്‍ ഏര്‍പ്പെട്ടുകൊണ്ടാണ് ആണവ വിതരണ ഗ്രൂപ്പില്‍ (എന്‍.എസ്.ജി) അംഗത്വത്തിനായി പാകിസ്ഥാന്‍ ശ്രമിച്ചുവരുന്നത്. മറ്റൊരു ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍ ആണവ ആയുധങ്ങള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ ഉപകരണങ്ങളും പാകിസ്ഥാന്‍ ഉത്തരകൊറിയയ്ക്ക് നല്‍കുന്നുവെന്നതാണെന്നും സി.ഐ.എ വൃത്തങ്ങള്‍ പറയുന്നു.
യുറേനിയം, പ്ലൂട്ടോണിയം മുതലായ വസ്തുക്കള്‍ ശുദ്ധീകരിക്കുന്നതിന് ഉപയോഗിക്കുന്ന വാക്വം ഇന്‍ഡക്ഷന്‍ മെല്‍റ്റിംഗ് ഫര്‍ണസുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ് ബീജിംഗ് സണ്‍ടെക് ടെക്നോളജി കമ്പനി. ചൈനയില്‍ നിന്ന് പാക്കിസ്ഥാന്‍ വാങ്ങിയ ഈ ഉപകരണങ്ങളും ഉത്തരകൊറിയയ്ക്ക് കൈമാറിയതായി ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.
Post Your Comments