ഹാങ്ഷു : പാകിസ്ഥാന്റെ പേരെടുത്ത് പറയാതെ ഭീകരവാദത്തെ അനുകൂലിയ്ക്കുന്ന രാജ്യങ്ങളെ ശക്തമായി എതിര്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നവരെ ഒറ്റപ്പെടുത്താനും ഭീകരവാദത്തിനെതിരെ യോജിച്ചു മുന്നേറാനുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിക്‌സ് രാജ്യങ്ങളുടെ നേതാക്കളോട് മോദി ആഹ്വാനം ചെയ്തത്. ജി20 ഉച്ചകോടിക്കായി ചൈനയിലെത്തിയ മോദി, ബ്രിക്‌സ് രാജ്യങ്ങളുടെ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ആവശ്യം ഉന്നയിച്ചത്. ബ്രിക്‌സ് നേതാക്കളുടെ യോഗത്തില്‍ അധ്യക്ഷനായിരുന്ന മോദി, പാക്കിസ്ഥാന്റെ പേരെടുത്ത് പറയാതെയാണ് ഭീകരവാദത്തിനെതിരായ ബ്രിക്‌സ് കൂട്ടായ്മയ്ക്ക് ആഹ്വാനം ചെയ്തതെന്ന് വളരെ ശ്രദ്ധേയമാണ്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ ചേര്‍ന്നു രൂപം നല്‍കിയ കൂട്ടായ്മയാണ് ബ്രിക്‌സ്.
ദക്ഷിണേഷ്യയിലായാലും ലോകത്തിന്റെ ഏതു ഭാഗത്തായാലും, ഭീകരവാദികള്‍ക്ക് ബാങ്കോ ആയുധ നിര്‍മാണ ശാലകളോ ഇല്ലെന്ന് മോദി ചൂണ്ടിക്കാട്ടി. ആരൊക്കെയോ ഭീകരര്‍ക്ക് പണവും ആയുധങ്ങളും നല്‍കുന്നുണ്ടെന്ന് ഇതില്‍നിന്നുതന്നെ വ്യക്തമാണ്. അതുകൊണ്ടുതന്നെ ഭീകരവാദത്തിനെതിരെ പോരാടാന്‍ മാത്രമല്ല, ഭീകരവാദം സ്‌പോണ്‍സര്‍ ചെയ്യുന്നവരെ ഒറ്റപ്പെടുത്താനും ബ്രിക്‌സ് രാജ്യങ്ങള്‍ യോജിച്ചു നില്‍ക്കണമെന്ന് മോദി ആവശ്യപ്പെട്ടു. ഭീകരവാദത്തെ പിന്തുണയ്ക്കുന്നതിനെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ചെങ്കിലും ഒരിടത്തും പാക്കിസ്ഥാന്റെ പേരെടുത്ത് പറയാന്‍ മോദി ശ്രമിച്ചില്ല. പാക്കിസ്ഥാനുമായി അടുത്ത സൗഹൃദം പങ്കിടുന്ന ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിനെ സാക്ഷി നിര്‍ത്തിയായിരുന്നു മോദിയുടെ പരാമര്‍ശങ്ങള്‍.
ഇന്നും രാജ്യാന്തര സമൂഹം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയും അസ്ഥിരതയുടെ സ്രോതസുമാണ് ഭീകരവാദം. പണമായും ആയുധമായും അവര്‍ക്ക് ലഭിക്കുന്ന പ്രോത്സാഹനത്തിന് വലിയൊരു രാജ്യാന്തര ശൃംഖലയുടെ പിന്തുണയുണ്ടെന്നും മോദി പറഞ്ഞു. രാജ്യാന്തര സ്വഭാവമുള്ള വിഷയങ്ങളില്‍ ഏറെ സ്വാധീനമുള്ള ശബ്ദമാണ് ബ്രിക്‌സിന്റേതെന്നും മോദി ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ വികസനവഴിയിലുള്ള രാജ്യങ്ങളെ അവരുടെ ലക്ഷ്യം നേടാന്‍ സഹായിക്കുന്നതിന് വികസനവുമായി ബന്ധപ്പെട്ട രാജ്യാന്തര അജണ്ട നിശ്ചയിക്കേണ്ടത് ബ്രിക്‌സിന്റെ കൂട്ടുത്തരവാദിത്തമാണെന്നും മോദി പറഞ്ഞു.
Post Your Comments