NewsInternational

രാജ്യാന്തര സംഭവമായി മാറിയ യു.എസ്-ചൈനീസ് കലഹത്തില്‍ പ്രതികരണവുമായി ഒബാമ

ഹാങ്ഷു (ചൈന) : ചൈനയില്‍ ജി-20 ഉച്ചകോടിയ്ക്കായി പഹാങ്ഷു വിമാനത്താവളത്തില്‍ എത്തിയ യു.എസ് പ്രതിനിധികളും ചൈനീസ് പ്രതിനിധികളും തമ്മിലുണ്ടായ കലഹവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ഒബാമ. മനുഷ്യാവകാശ, പത്രസ്വാതന്ത്ര്യ വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും പുലര്‍ത്തുന്ന വ്യത്യസ്ത നിലപാടുകളാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ഒബാമ പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമൊത്ത് മാധ്യമപ്രവര്‍ത്തകരെ കാണുമ്പോഴായിരുന്നു വിഷയത്തില്‍ ഒബാമ പ്രതികരണമറിയിച്ചത്. ജി20 ഉച്ചകോടിക്കെത്തിയ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് സ്വീകരണം നല്‍കുന്നയിടത്തേക്ക് മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മില്‍ ഉരസിയത്.
ഇത്തരം സംഭവങ്ങള്‍ ചൈനയില്‍ ആദ്യമായല്ല ഉണ്ടാകുന്നതെന്നും ഒബാമ ചൂണ്ടിക്കാട്ടി. നയതന്ത്രതലത്തിലെ സഹകരണവുമായി ബന്ധപ്പെട്ട് നാം ചെയ്യുന്നതെന്താണെന്നറിയാന്‍ മാധ്യമങ്ങള്‍ക്ക് അവകാശമുണ്ടെന്നാണ് യുഎസ് നിലപാട്. പല സംശയങ്ങള്‍ക്കുമുള്ള മറുപടി അങ്ങനെ ലഭിക്കും. വിദേശ സന്ദര്‍ശനങ്ങള്‍ക്കു പോകുമ്പോള്‍ രാജ്യത്തിന്റെ ആദര്‍ശങ്ങളും മൂല്യങ്ങളും ഒളിച്ചുവയ്ക്കാതെ ഉയര്‍ത്തിപ്പിടിക്കുന്നതാണ് തങ്ങളുടെ പതിവെന്നും ഒബാമ പറഞ്ഞു.

കാഴ്ചപ്പാടിലെ ഇത്തരം വ്യത്യാസങ്ങള്‍ ചൈനീസ് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുമ്പോഴും പതിവാണെന്നും ഒബാമ പറഞ്ഞു. മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ പോലെയുള്ള ചില വിഷയങ്ങള്‍ ചൈനീസ് പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഞാന്‍ ഉയര്‍ത്തിക്കാട്ടുമ്പോഴുണ്ടാകുന്ന അതേ ഫലമാകില്ല ഇതേ വിഷയം മറ്റു ലോക നേതാക്കള്‍ ഉയര്‍ത്തി കാട്ടിയാല്‍ ഉണ്ടാവുക എന്നും ഒബാമ ചൂണ്ടിക്കാട്ടി.

അതേസമയം, വിദേശസന്ദര്‍ശന വേളകളില്‍ യുഎസ് പ്രസിഡന്റിനെ അനുഗമിക്കുന്ന വൈറ്റ് ഹൗസ് സംഘത്തിന്റെ വലുപ്പം ആതിഥേയ രാജ്യങ്ങളെ അസ്വസ്ഥപ്പെടുത്തുന്നതില്‍ അതിശയമില്ലെന്നും ഒബാമ പറഞ്ഞു. മറ്റു പല രാജ്യങ്ങളേയും അപേക്ഷിച്ച് വലിയ സംഘമാണ് ഞങ്ങളുടേത്. സാധാരണ ഗതിയില്‍ യുഎസ് സംഘത്തിനൊപ്പം ഒട്ടേറെ വിമാനങ്ങളും ഹെലികോപ്റ്ററുകളും കാറുകളുമുണ്ടാകും. ഇതിന് പുറമെ അനേകം യുഎസ് പ്രതിനിധികളുമുണ്ടാകും. ഇതല്‍പം കൂടുതലല്ലേ എന്ന് ആതിഥേയര്‍ക്കു തോന്നിയേക്കാമെന്നും ഒബാമ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button