KeralaNews

കെ.ബാബുവിന്റെ സാമ്രാജ്യം അധോലോകത്തിനു സമാനം : ബിനാമിപ്പട്ടികയില്‍ വേലക്കാരന്‍ മുതല്‍ സിവില്‍സര്‍വീസ് ഉദ്യോഗസ്ഥന്‍ വരെ

തിരുവനന്തപുരം: മുന്‍മന്ത്രി കെ. ബാബുവിന്റെ വീട്ടിലും മക്കളുടെ വീടുകളിലും വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത രേഖകളും അനധികൃത സ്വത്തിടപാടുകളും പിടിച്ചെടുത്തതില്‍ നിന്നും വ്യക്തമാകുന്നത്, സംസ്ഥാനത്ത് പുറത്തുവന്ന ഏറ്റവും വലിയ അഴിമതി കഥയാണ് ഇതെന്നാണ്. തടിമില്ലിലെ സഹായി മുതല്‍ സിവില്‍സര്‍വീസ് ഉദ്യോഗസ്ഥര്‍ വരെ ഒരു ഡസനിലധികംപേരെയാണ് ബാബുവിന്റെ ബിനാമികളായി വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. 

ഹോട്ടല്‍ വ്യവസായവും സിനിമാനിര്‍മ്മാണവും മുതല്‍ മദ്യക്കുപ്പിയുടെ അടപ്പ് നിര്‍മ്മാണം വരെയുള്ള ബിസിനസുകളുള്ളവരും വിദേശരാജ്യങ്ങളില്‍ ബിസിനസ് നടത്തുന്നവരും ഇതില്‍പ്പെടും. സെക്രട്ടേറിയറ്റില്‍ ഉന്നത പദവിയിലുള്ള സിവില്‍സര്‍വീസ് ഉദ്യോഗസ്ഥന്‍ നേരത്തേ കെ. ബാബുവിന്റെ വകുപ്പിലെ കോര്‍പറേഷന്റെ ചുമതലക്കാരനായിരുന്നു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കെ.ബാബുവുമായി ചേര്‍ന്ന് അഴിമതിനടത്തിയെന്ന പരാതിയില്‍ ഈ ഉദ്യോഗസ്ഥനെതിരേ ത്വരിതപരിശോധന നടത്താന്‍ വിജിലന്‍സ് മേധാവി ജേക്കബ്‌തോമസ് ഇന്നലെ ഉത്തരവിട്ടു.

എറണാകുളം കുമ്പളം സ്വദേശിയായ ചെറുകിടകരാറുകാരന്റെ ഭാര്യയുടെപേരില്‍ വേളാങ്കണ്ണിയില്‍ നൂറിലേറെ മുറികളുള്ള ഹോട്ടല്‍സമുച്ചയമുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ഈ സ്ത്രീയുടെ പേരില്‍ വേളാങ്കണ്ണി തീര്‍ത്ഥാടനകേന്ദ്രത്തിന് തൊട്ടടുത്ത് ഭൂമിവാങ്ങി കെട്ടിടം പണിതീര്‍ക്കുകയായിരുന്നു. ഇതിന്റെ ഉദ്ഘാടനചടങ്ങില്‍ മന്ത്രിയായിരിക്കേ കെ. ബാബു പങ്കെടുത്തിട്ടുണ്ടെന്നും അവിടേക്ക് ഔദ്യോഗിക കാറില്‍ നിരവധി യാത്രകള്‍ നടത്തിയിട്ടുണ്ടെന്നും വിജിലന്‍സ് വ്യക്തമാക്കി. കോലഞ്ചേരി സ്വദേശിയായ പൊതുമരാമത്ത് കരാറുകാരന്റെ സ്വത്തുവകകളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
ഇരുപത് വര്‍ഷമായി കെ. ബാബുവിനൊപ്പമുള്ള സഹായിയുടെ സ്വത്തുവിവരങ്ങളും വിജിലന്‍സ് പിടിച്ചെടുത്തിട്ടുണ്ട്. കണ്ണൂരില്‍ നിന്ന് വീടുവിട്ട് എറണാകുളത്തെത്തി വൈറ്റിലയില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ തടിമില്ലിലെ സഹായിയായി കൂടിയ ഇയാള്‍, മണ്ഡലം പ്രസിഡന്റിന്റെ ശുപാര്‍ശയിലാണ് ബാബുവിന്റെ സഹായിയായത്. മദ്യക്കുപ്പിയുടെ അടപ്പ്, കോക്ക് എന്നിവ നിര്‍മ്മിക്കുന്ന ഇവരുടെ കമ്പനിക്ക് എല്ലാ മദ്യക്കമ്പനികളുടെയും മൊത്തക്കരാര്‍ ലഭിച്ചിട്ടുണ്ട്. മലേഷ്യ, സിംഗപ്പൂര്‍, ദുബായ് എന്നിവിടങ്ങളിലേക്ക് നൂറുകണക്കിന് തവണ യാത്ര ചെയ്തിട്ടുള്ള ഇയാള്‍ക്ക് അവിടങ്ങളില്‍ ഒമ്പത് കമ്പനികളില്‍ പങ്കുകച്ചവടമുണ്ടെന്നാണ് വിജിലന്‍സ് നിഗമനം. ഇയാളുടെയും ഭാര്യയുടെയും പേരില്‍ കൊച്ചിയില്‍ 30 ഓട്ടോറിക്ഷകളുണ്ട്. കെ. ബാബുവിന്റെ പി.എയുടെ ഭാര്യയുടെ പേരില്‍ തൃപ്പൂണിത്തുറയിലുള്ള പണമിടപാട് സ്ഥാപനത്തില്‍ നടത്തിയ റെയ്ഡില്‍ 160 പവന്‍ സ്വര്‍ണാഭരണം പിടിച്ചെടുത്തതായി വിജിലന്‍സ് അറിയിച്ചു.
2013ല്‍ നിരവധി സംസ്ഥാന അവാര്‍ഡുകള്‍ വാരിക്കൂട്ടിയ മലയാളചിത്രത്തിന് പണം മുടക്കിയത് ബിനാമികളിലൊരാളാണെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കുന്നതിനാണ് സിനിമയെടുത്തതെന്നാണ് വിജിലന്‍സ് നിഗമനം. സിനിമയുടെ പ്രചാരണത്തിനായി വകുപ്പുദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും കെ. ബാബുവിന്റെ സ്റ്റാഫംഗങ്ങള്‍ മൊബൈല്‍ സന്ദേശമയച്ചതായും വിജിലന്‍സിന് വിവരംകിട്ടി. ഈ ബിനാമിയിടപാടില്‍ പങ്കാളിയായ ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ഏപ്രിലില്‍ കേരളസര്‍വകലാശാല ആസ്ഥാനത്തിന് തൊട്ടടുത്ത് ആഡംബര ഫ്‌ളാറ്റ് വാങ്ങിയതായും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.
കെ.ബാബു മന്ത്രിയായിരിക്കേ എക്‌സൈസ് വകുപ്പിലെ അബ്കാരി ഡിവിഷന്റെ ചുമതലയുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിയായ അസി. എക്‌സൈസ് കമ്മിഷണറുടെ ഇടപാടുകളും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്.

വിജിലന്‍സിന്റെ നാല് റേഞ്ചുകളിലെയും സമര്‍ത്ഥരായ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പത്തോളം സംഘങ്ങള്‍ രൂപീകരിച്ചാണ് കെ. ബാബുവിനെതിരെയുള്ള അന്വേഷണം. ഒരുസംഘം തമിഴ്‌നാട്ടിലുമെത്തിയിട്ടുണ്ട്. ഡയറക്ടര്‍ ജേക്കബ് തോമസാണ് മേല്‍നോട്ടം വഹിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button