അമൃത്സര്‍ : മുന്‍ എംപിയും ക്രിക്കറ്ററുമായ നവജോത് സിങ് സിദ്ദു പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു. ആവാസ് ഇ പഞ്ചാബ് എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. ഡല്‍ഹിയില്‍ സിദ്ദുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള ധാരണയായത്. പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സിദ്ദുവിന് പുറമേ മുന്‍ ഹോക്കി താരവും എംഎല്‍എയുമായ പ്രഗത് സിങ്, ലുധിയാനയില്‍ നിന്നുള്ള സിമര്ജീത് സിങ് ബയിന്‍സ്, ബല്‍വീന്ദര്‍ സിങ് ബയിന്‍സ് എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. അഴിമതിയില്‍ പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ചതിന് അകാലി ദള്‍ പുറത്താക്കിയ ജലന്ദര്‍ കന്റോണ്‍മെന്റ് എംഎല്‍എയാണ് മുന്‍ ഹോക്കി താരമായ പ്രഗത് സിങ്.
കഴിഞ്ഞ ജൂലൈയില്‍ രാജ്യസഭാംഗത്വം രാജിവെച്ചാണ് സിദ്ദു ബിജെപി വിട്ടത്. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തോളം ബിജെപിയുടെ സഹയാത്രകനായിരുന്നു സിദ്ദു. അടുത്ത വര്‍ഷം നടക്കുന്ന പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പില്‍ സിദ്ദു എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഭാര്യയും എംഎല്‍എയുമായ നവ്‌ജോത് കൗറിനും പാര്‍ട്ടി ടിക്കറ്റ് നല്‍കണമെന്നും തന്നെ എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്നുമുള്ള സിദ്ദുവിന്റെ ആവശ്യങ്ങള്‍ നിരസിച്ചതോടെയാണ് സിദ്ദു പുതിയ പാര്‍ട്ടി രൂപീകരിച്ചത്.
Post Your Comments