തിരുവനന്തപുരം: തൊഴിലാളി സംഘടനകള്‍ സംയുക്തമായി നടത്തുന്ന ദേശീയ പണിമുടക്ക് ജനജീവിതം സ്തംഭിപ്പിച്ചു. ആദ്യ മണിക്കൂറില്‍ തന്നെ പല സ്ഥലങ്ങളിലും നേരിയ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തു. കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. വാഹനഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടുകയും ചെയ്തു. ഗതാഗതം സ്തംഭിച്ചതിനെ തുടര്‍ന്ന് റെയില്‍വേ, ബസ് സ്റ്റേഷനുകളില്‍ നിരവധി പേരാണ് കുടുങ്ങിയത്.
ബി.എം.എസ് ഒഴികെയുള്ള സംഘടനകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. കേരളത്തെ സമരം കാര്യമായി ബാധിച്ചു. പണിമുടക്കിനെ അനുകൂലിക്കാത്ത ചിലര്‍ ഓട്ടോറിക്ഷ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും സമരാനുകൂലികള്‍ തടഞ്ഞു.
അതേസമയം തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ പണിമുടക്ക് കാര്യമായി ബാധിച്ചില്ല. ജീവനക്കാര്‍ സ്വകാര്യ വാഹനങ്ങളില്‍ എത്തി. ജീവനക്കാരെ കൊണ്ടുവരാനായി കമ്പനികള്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്തിരുന്നതിനാല്‍ മിക്കവരും ജോലിക്കെത്തിയതായാണ് റിപ്പോര്‍ട്ട്.
എറണാകുളത്ത് ടാക്‌സി വാഹനത്തിന് നേരെ അക്രമണ ഉണ്ടായതും തൃശൂരില്‍ പേരാമ്പ്ര അപ്പോളോ ടയേഴ്‌സില്‍ ജോലിക്കെത്തിയവരെ തടഞ്ഞതുമാണ് ആദ്യ മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന അക്രമ സംഭവങ്ങള്‍. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് യൂബര്‍ ടാക്‌സിയുടെ ചില്ലുകളാണ് സമരാനുകൂലികള്‍ അടിച്ചു തകര്‍ത്തത്. കളമശ്ശേരി എഫ്എസിറ്റിയില്‍ ജോലിക്കെത്തിയവരെ സംഘടനാ നേതാക്കള്‍ തിരിച്ചയച്ചു. കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കല്ലേറുണ്ടായി. ട്രെയിന്‍ ഗതാഗതത്തെ പണിമുടക്ക് ബാധിച്ചിട്ടില്ല.
കോഴിക്കോട് ഉള്‍പ്പെടെ മലബാര്‍ മേഖലയില്‍ പണിമുടക്ക് പൂര്‍ണ്ണമായിരുന്നു. അതേസമയം അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കടകമ്പോങ്ങള്‍ പൂര്‍ണ്ണമായി നടക്കുകയാണ്. ഒന്‍പതു മണിയോടെ സംയുക്ത ട്രേഡ് യൂണിയനുകള്‍ ഇവിടെ മാര്‍ച്ച് നടത്തും. അക്രമ സംഭവങ്ങള്‍ കാര്യമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വയനാട്, കണ്ണൂര്‍, മലപ്പുറം, കാസര്‍ഗോഡ് എന്നിവിടങ്ങളിലെല്ലാം വാഹനങ്ങള്‍ നിരത്തിലിറങ്ങിയിട്ടില്ല.
അതേസമയം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പണിമുടക്കിനോട് തണുപ്പന്‍ സമീപനമാണ് സ്വീകരിച്ചത്. പണിമുടക്ക് ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടില്ല. ബാങ്കിംഗ് മേഖലകളെ മാത്രമാണ് ആദ്യഘട്ടത്തില്‍ ബാധിച്ചത്. ഡല്‍ഹിയില്‍ പൊതു സ്വകാര്യ വാഹനങ്ങള്‍ ഓടുകയും ജനങ്ങള്‍ തൊഴിലിടങ്ങളില്‍ എത്തുകയും ചെയ്തു. ബംഗാളില്‍ ഹര്‍ത്താലിനെ നേരിടാനുള്ള കടുത്ത നടപടികളാണ് മമതാ ബാനര്‍ജി ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Post Your Comments