ചടയമംഗലം : ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവാവ് തെളിവില്ലാതിരിക്കാന്‍ പള്ളിയില്‍ പോയി. ചടയമംഗലം അക്കോണം കുന്നുവിളവീട്ടില്‍ ഹലിമബീവിയെ (37) കൊന്ന കേസിലാണ് ഭര്‍ത്താവ് അഷ്‌റഫ് ( മമ്മൂട്ടി45) പൊലീസിന്റെ കണ്ണില്‍ പൊടിയിടാന്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചത്. ആളിന്റെ സ്വഭാവം ശരിക്കുമറിയാവുന്ന ബന്ധുക്കള്‍ കാര്യകാരണസഹിതം പൊലീസില്‍ പരാതി കൊടുത്തതോടെ ഇയാള്‍ കുടുങ്ങുകയായിരുന്നു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് വീട്ടിലെത്തിയ അഷറഫ് ഭാര്യയുമായി വഴക്കിട്ടു. ഒന്നും രണ്ടും പറഞ്ഞ് വഴക്ക് മൂത്തതോടെ ഒരു തോര്‍ത്തെടുത്ത് ഹലീമ ബീവിയുടെ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഹലീമ മരിച്ചുവെന്ന് ഉറപ്പാക്കിയ അഷ്‌റഫ്. തറ തുടച്ച് വൃത്തിയാക്കി. തോര്‍ത്ത് മുറുകിയ കഴുത്ത് തിരുമി പാടുകള്‍ മാറ്റി. ഉന്തിനിന്ന കണ്ണുകള്‍ തിരുമ്മി അടച്ചു. ഭാര്യയുടെ ദേഹത്ത് വെള്ളമൊഴിച്ച് ഇപ്പോള്‍ കുളികഴിഞ്ഞതു പോലെയാക്കി. വസ്ത്രം മാറ്റി ധരിപ്പിച്ചു. പൗഡറും ഇട്ടു. കട്ടിലില്‍ കിടത്തി. ഭാര്യ മരിച്ച സമയത്ത് താന്‍ വീട്ടില്‍ ഇല്ലായിരുന്നു എന്നു സ്ഥാപിക്കാന്‍ വേണ്ടി പിന്നെ പള്ളിയിലേക്ക് പോയി. താന്‍ പള്ളിയിലുണ്ടായിരുന്നു എന്ന് ബോധ്യപ്പെടുത്താന്‍ പലരോടും സംസാരിച്ചു.
പള്ളിയില്‍ നിന്ന് വീട്ടിലെത്തിയ അഷറഫ് തുടര്‍ന്ന് നേരെ അയല്‍വീട്ടിലേക്ക് ഓടിച്ചെന്ന് അവിടത്തെ വീട്ടമ്മയോട് തന്റെ ഭാര്യക്ക് എന്തോ പറ്റിയെന്നും വിളിച്ചിട്ട് വിളികേള്‍ക്കുന്നില്ലെന്നും ആകെ പരവശനായി പറഞ്ഞു. അവര്‍ മറ്റ് അയല്‍ക്കാരെയും കൂട്ടി അഷറഫിന്റെ വീട്ടിലെത്തി ഹലിമ ബീവിയെ വിളിക്കാന്‍ ശ്രമിച്ചു. അനക്കമില്ലത്തതിനാല്‍ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചു. അവിടെയെത്തിയപ്പോള്‍ മരണം സ്ഥിരീകരിച്ചു. അഷ്‌റഫ് തന്നെ മുന്‍കൈയെടുത്ത് യുവതിയുടെ വര്‍ക്കലയിലുള്ള ബന്ധുക്കളെ വിവരം അറിയിക്കുകയും ചെയ്തു.
ഇവരുടെ വീട്ടില്‍ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്ന കാര്യം അറിയാവുന്ന ഹലിമബീവിയുടെ ബന്ധുക്കള്‍ മരണവിവരം അറിഞ്ഞ ഉടന്‍ അവിടേക്ക് പുറപ്പെടുംമുമ്പേ പൊലീസിനെ വിവരമറിയിച്ചു. ഭര്‍ത്താവിനെ തങ്ങള്‍ക്ക് സംശയമുണ്ടെന്നും തങ്ങള്‍ വരുംമുമ്പ് രക്ഷപ്പെടാതെ നോക്കണമെന്നും അവര്‍ പറഞ്ഞതോടെ പൊലീസ് എത്തി. ഹലിമബീവിയുടെ ബന്ധുക്കള്‍ എത്തി ഇവര്‍ വീട്ടില്‍ സ്ഥിരമായി വഴക്കുണ്ടാക്കുന്ന അഷറഫിനെക്കുറിച്ച് പൊലീസിനും നാട്ടുകാര്‍ക്കും മുന്നില്‍ എല്ലാം വിളിച്ചുപറഞ്ഞു. കൊലപാതകം തന്നെയെന്ന് ഉറപ്പിച്ച് പറഞ്ഞ് പൊലീസില്‍ പരാതിയും കൊടുത്തു. പൊലീസ് അഷറഫിനെ കസ്റ്റഡിയിലെടുത്തശേഷം ഹലിമബീവിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിനയച്ചു.
പോസ്റ്റ്‌മോര്‍ട്ടത്തില്‍ ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് വ്യക്തമായതോടെ പൊലീസ് അഷറഫിനെ ചോദ്യം ചെയ്യാന്‍ തുടങ്ങി. ഒടുവില്‍ അഷ്‌റഫ് പൊലീസിനോട് നടന്ന കാര്യങ്ങള്‍ തുറന്ന് പറഞ്ഞു. ഹലിമബീവി സ്ഥിരമായി ഡയറി എഴുതുന്ന സ്വഭാവക്കാരിയാണ്. ഡയറിയില്‍ കഴിഞ്ഞ പതിനഞ്ച് വര്‍ഷമായുള്ള തങ്ങളുടെ ദാമ്പത്യ ജീവിതത്തെക്കുറിച്ച് പലപ്പോഴായി എഴുതിയ പ്രധാന സംഭവങ്ങള്‍ അഷറഫിന്റെ തനിനിറം വെളിച്ചത്തുകൊണ്ടുവരും. കേസില്‍ നിര്‍ണ്ണായകമായ ഡയറി ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. വെള്ളം വീണ് നനഞ്ഞ ഡയറി അടുത്ത ദിവസം പരിശോധിക്കുമെന്നാണ് പൊലീസ് പറഞ്ഞു. ഇവര്‍ക്ക് സ്‌കൂളില്‍ പഠിക്കുന്ന രണ്ടു കുട്ടികളുണ്ട്.
Post Your Comments