തിരുവനന്തപുരം : നിലവിളക്ക് വിവാദത്തില്‍ നിലപാടില്‍ ഉറച്ച് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. സര്‍ക്കാര്‍ ചടങ്ങുകളില്‍ നിലവിളക്ക് തെളിക്കാന്‍ പാടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. അന്നു പറഞ്ഞ വാക്കുകളില്‍ ഉറച്ചുനില്‍ക്കുന്നു. അനാവശ്യമല്ല, വസ്തുതയാണ് പറയുന്നത്. ഇക്കാരണത്താല്‍ തന്നെ പറഞ്ഞ വാക്കുകള്‍ ഇതുവരെ തിരുത്തേണ്ടി വന്നിട്ടില്ല. കഥാകൃത്ത് ടി. പത്മനാഭന്‍ തന്റെ നിലപാടിനെ അഭിനന്ദിക്കാന്‍ വിളിച്ചത് താന്‍ പറഞ്ഞ വാക്കുകള്‍ ശരിയാണെന്നതിനു തെളിവാണെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ പരിപാടിയില്‍ പ്രത്യേക വിഭാഗത്തിന്റെ ആചാരങ്ങള്‍ വേണ്ടെന്നാണ് തന്റെ നിലപാടെന്ന് ജി. സുധാകരന്‍ പറഞ്ഞു. ഭരണകൂടത്തിനു ജാതി ഇല്ല. എന്നാല്‍, ചില മാധ്യമങ്ങള്‍ വിവാദമാക്കിയ പ്രസംഗത്തിനു ശേഷം രണ്ടു ചടങ്ങുകളില്‍ കൂടി തനിക്കു നിലവിളക്ക് കൊളുത്തേണ്ടി വന്നു. മറ്റുള്ളവര്‍ നിലവിളക്ക് കൊളുത്തുന്ന ചടങ്ങില്‍ താന്‍ ഇനിയും നിലവിളക്ക് കൊളുത്തും. എന്നാല്‍, പറയാനുള്ളത് തുറന്നു പറയുകയും ചെയ്യുമെന്നും സുധാകരന്‍ വ്യക്തമാക്കി.
ലീഗ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിഎച്ച് നിലവിളക്ക് തെളിക്കാന്‍ തയ്യാറാകാത്തതിനെ അനുകൂലിച്ച് ഇഎംഎസ് ലേഖനം എഴുതിയിട്ടുണ്ട്. തന്റെ വീട്ടില്‍ അമ്മ നിലവിളക്ക് തെളിക്കുമായിരുന്നു. കായംകുളത്ത് താന്‍ മത്സരിച്ചപ്പോള്‍ അമ്മ ഒരു ക്ഷേത്രത്തിലെ തീര്‍ഥം ദേഹത്ത് തളിച്ചു. തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിഞ്ഞത് തീര്‍ഥം തളിച്ചതുകൊണ്ടാണെന്നായിരിക്കും അമ്മ കരുതിയത്. അത് വിശ്വാസം. പക്ഷേ, ഭരണകൂടത്തിന് ജാതി ഇല്ലെന്നും സുധാകരന്‍ പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച ആലപ്പുഴയില്‍ സിപിഎം സംഘടിപ്പിച്ച ‘നമുക്ക് ജാതിയില്ല വിളംബരത്തിന്റെ കാലിക പ്രസക്തി’ സെമിനാര്‍ ഉദ്ഘാടനം ചെയ്യുമ്പോഴാണ് സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്ക് തെളിക്കലും പ്രാര്‍ഥനയും വേണ്ടെന്ന് ജി. സുധാകരന്‍ പറഞ്ഞത്. പ്രസ്താവനയ്‌ക്കെതിരെ ബിജെപി നേതൃത്വം രംഗത്തെത്തിയിരുന്നു.
Post Your Comments