കൊച്ചി: തട്ടിപ്പുകള്‍ അരങ്ങു തകര്‍ക്കുന്ന എറണാകുളത്ത് വീണ്ടുമൊരു വന്‍ഫ്ലാറ്റ് തട്ടിപ്പ്. നാലു ഫ്ളാറ്റുകളുടെ ചിത്രം ഓണ്‍ലൈനില്‍ നല്‍കിയശേഷമാണ് തട്ടിപ്പിന് കളമൊരുക്കിയത്. ആലുവ കരിമുകളില്‍ പാറയ്ക്കല്‍, ഡ്രീം, എലഗന്റ്, സിഗ്നേച്ചര്‍ എന്നീ പേരുകളില്‍ ഫ്ലാറ്റ് സമുച്ചയങ്ങള്‍ താമസിക്കാന്‍ പാകത്തില്‍ വില്‍ക്കാനുണ്ടെന്ന് കാണിച്ചാണ് നാല്‍വര്‍ സംഘം ഇടപാടുകാരില്‍നിന്നും കോടികള്‍ തട്ടിയത്. 20 പേരില്‍ നിന്നും 25-50 ലക്ഷം രൂപ വരെ വിലവാങ്ങിയാണ് ഫ്ളാറ്റുകളില്‍ പലതും രജിസ്റ്റര്‍ ചെയ്ത് നല്‍കിയത്.
എന്നാല്‍ പണിപൂര്‍ത്തിയാകാത്ത ഫ്ളാറ്റുകളില്‍ പലതിന്റെയും രേഖകള്‍ ന്യൂജെന്‍ ബാങ്കുകളില്‍ പണയപ്പെടുത്തി കോടികള്‍ വായപ എടുത്തിട്ടുള്ളതായി തെളിഞ്ഞതോടെയാണ് തട്ടിപ്പ് പുറത്തായത്.
തട്ടിപ്പ് പുറത്താകുന്നതിന് മുമ്പെ ഉടമകളില്‍ പ്രധാനി വിദേശത്തേക്ക് പറന്നു. മീരാ ഹോംസ് എന്ന സ്ഥാപനത്തിന്റെ കരിമുകള്‍ ഡോണ്‍ ഇന്റര്‍നാഷണല്‍ സ്കൂളിന് സമീപം പ്രവര്‍ത്തിക്കുന്ന എലഗന്‍സ് അപ്പാര്‍ട്ട്മെന്റിലാണ് ഫ്ളാറ്റുകളില്‍ പലതും ബുക്ക് ചെയതത്. അത്താണി, തുരുത്തുശ്ശേരിക്കരയില്‍ രാജി നിവാസില്‍ താമസിക്കുന്ന രാജീവ് ഗംഗാധരന് മാനേജിങ് പാര്ട്ടര് ആയ സ്ഥാപനത്തില്‍ ഇയാളുടെ ഭാര്യ മഞ്ജു, ആലുവ തായിക്കാട്ടുക്കര മനപ്പാടന്‍ വീട്ടില്‍ ബിജോയി ഡൊമിനിക്ക്, വെണ്ണല, ചേറുങ്കല്‍ വീട്ടില്‍ ഇ എം സി റോഡില്‍ ഡോ. ജോണ്സണ് ലൂക്കോസ് എന്നിവരാണ് കമ്ബനി നടത്തിയിരുന്നത്. ഇതില്‍ രാജീവ് ഗംഗാധരനാണ് ഇടപാടുകാരില്‍നിന്നും പണം കൈപ്പറ്റിയിരുന്നത്.
ജോണ്സണ് ലൂക്കോസിന്റെ 27 സെന്റ് സ്ഥലത്താണ് ഫ്ലാറ്റ് ഭാഗീകമായി പണിതിട്ടുള്ളത്. മനോഹരമായ ചിത്രങ്ങളോടെ ഓണ്‍ലൈന്‍ വഴി പരസ്യംചെയ്ത് ഉപഭോക്താക്കളെ ആകര്‍ഷിക്കുകയായിരുന്നു ആദ്യഘട്ടത്തില്‍ ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍ ചെയ്തത്. ഫ്ളാറ്റിന്റെ രൂപവും ഭാവവും കണ്ട് പ്രവാസികളാണ് അധികവും തട്ടിപ്പിന് ഇരയായത്. 20 ഓളം പേര്‍ക്ക് ഇതിനിടെ
ഫ്ളാറ്റുകള്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ബാങ്കുകളില്‍നിന്നും ജപ്തിനോട്ടിസ് എത്തിയതോടെയാണ് ഫ്ളാറ്റിനായി പണം നല്കിയവര് തങ്ങള്‍ കൊടുംചതിയില്പ്പെട്ട വിവരം അറിയുന്നത്. തങ്ങള്‍ക്ക് പതിച്ചു നല്കിയ ഫ്ളാറ്റിന്റെ പേരില്‍ ഉടമകള്‍ എങ്ങനെ വായ്പ തരപ്പെടുത്തിയെന്ന കാരണം കണ്ടെത്താനാണ് ഉപഭോക്താക്കള്‍ ശ്രമിക്കുന്നത്. ഒരേ നമ്പര്‍ ഫ്ലാറ്റ് തന്നെ പല ആളുകള്‍ക്കായി മറിച്ചുവിറ്റാണ് കമ്പനി പണം തട്ടിയിട്ടുള്ളത്. ഇതിനായി വായ്പ നല്കിയ ബാങ്കുകളും ഫ്ലാറ്റ് കമ്പനിയെ വഴിവിട്ട് സഹായിച്ചതായാണ് ഉപഭോക്താക്കള്‍ പറയുന്നത്.
ഉടമകള്‍ മുങ്ങിയതോടെ ബാങ്കുകളും കൊടുത്ത പണം തിരികെ പിടിക്കാന്‍ പെരുമ്പാവൂര്‍ കോടതി മുഖേന കേസുമായി മുന്നോട്ടു പോകുകയാണ്. അതേസമയം കോടികള്‍ തട്ടിയെടുത്ത് വിദേശത്തേക്കു മുങ്ങിയ പ്രതി രാജീവ് ഗംഗാധരന് വിദേശത്ത് ഭാര്യയുമായി ചേര്‍ന്നു വന്‍ ബിസിനസ് നടത്തുന്നതായും കബളിപ്പിക്കപ്പെട്ട ഇടപാടുകാര്‍ പറയുന്നു. കോടികള്‍ തട്ടിയശേഷം വിദേശത്തേക്ക് മുങ്ങിയ ഉടമ ഗള്‍ഫില്‍നിന്നും പണം നല്‍കിയവര്‍ക്ക് കത്തെഴുതി. ‘എന്നെ കുറച്ചു നാളത്തേക്ക് ശല്യം ചെയ്യരുത്. ആരെയും മനഃപൂര്‍വ്വം പറ്റിക്കാന്‍ നോക്കിയതല്ല. സദയം ക്ഷമിക്കുക…..’ എന്നു തുടരുന്നു കത്ത്. തങ്ങളെ പറ്റിച്ച സംഘത്തെ അറസ്റ്റു ചെയ്യണമെന്ന് കാണിച്ച് 20 ഓളം പേര് ആലുവ പൊലീസില്‍ നല്കിയ പരാതി ഇനിയും പരിഗണിക്കപ്പെട്ടിട്ടില്ല.
Post Your Comments