ഇരിങ്ങാലിക്കുട : ചെഗുവേരയുടെ ചിത്രം പതിച്ച ജഴ്സിയുമായി കളത്തിലിറങ്ങിയ സ്കൂള്‍ ഫുട്ബോള്‍ ടീം കടുത്ത വിമര്‍ശനം നേരിടുന്നു. ചെ യുടെ പേരില്‍ വിമര്‍ശിക്കപ്പെടുന്നത് ക്രൈസ്റ്റ് കോളേജില്‍ നടക്കുന്ന ഉപജില്ലാ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കളിച്ച എടതിരിഞ്ഞി എച്ച്ഡിപി സമാജം ഹയര്‍ സെക്കണ്ടറി സ്കൂളാണ്. കോണ്‍ഗ്രസും ബിജെപിയും സംഭവം വലിയ വിവാദമാക്കി മാറ്റാനുള്ള ശ്രമത്തിലാണ്. സ്കൂള്‍ ടീം അണിഞ്ഞ നീല ജഴ്സിയുടെ സ്കൂളിന്റെ പേരെഴുതിയ നെഞ്ചില്‍ ഇടതുമുകള് ഭാഗത്തായി ചുവപ്പ് നിറത്തിലാണ് ചെഗുവേരയുടെ വിഖ്യാതമായ ടാറ്റു പതിച്ചിട്ടുള്ളത്.
കോൺഗ്രസ് ആരോപിക്കുന്നത് സംഭവം സ്കൂള്‍ കായികമേഖലയെ തന്നെ രാഷ്ട്രീയവല്‍ക്കരിക്കുന്ന നടപടിയാണെന്നും ഇതില്‍ ഗൂഡാലോചയുണ്ടെന്നുമാണ്. കുട്ടികളെ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രചരണ ഉപകരണമാക്കി മാറ്റുന്ന നടപടിയാണ് ഇതെന്ന് ആരോപിച്ച പടിയൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു.സംഗതിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്ന ബിജെപി പടിയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോസ്റ്റ് ഓഫീസിന് മുന്നില്‍ നിന്നും സ്കൂളിന് മുന്നിലേക്ക് മാര്‍ച്ച് നടത്തിയിരിക്കുകയാണ്. അതേസമയം ജഴ്സി വിഷയത്തില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്ന് കാണിച്ച് സ്കൂള്‍ മാനേജ്മെന്റ് രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ സ്കൂള്‍ പ്രധാന അദ്ധ്യാപകനോ കായിക അദ്ധ്യാപകനോ പ്രതികരിച്ചിട്ടില്ല.
Post Your Comments