പെരുമ്പാവൂർ: കേസന്വേഷണം കൃത്യമായി നടന്നില്ല എന്ന പരാതിയെത്തുടർന്നാണ് വിജിലൻസ് അന്വേഷണം തുടങ്ങിയത്. കേസന്വേഷിച്ച രണ്ടു സംഘങ്ങളും പരസ്പരവിരുദ്ധമായി പ്രവർത്തിച്ചെന്ന പരാതിയിലാണ് വിജിലൻസിന്റെ കൊച്ചി ടീം അന്വേഷണം നടത്തുന്നത്. ജിഷയുടെ ദേഹത്തുകണ്ട കടിയുടെ പാടുകളാണ് വിജിലൻസിനെ വലയ്ക്കുന്നത്. കടിയേറ്റപാടുകൾ വിശകലനം ചെയ്ത പൊലീസ് മുൻനിരയിലെ പല്ലുകൾ തമ്മിൽ വിടവുള്ള ആളാണ് കൊലപാതകി എന്ന നിഗമനത്തിലെത്തി. ജിഷയുടെ ശരീരത്തിൽ നിരവധി കടികൾ ഏറ്റതായി പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ഇതര സംസ്ഥാനക്കാരിലേക്ക് അന്വേഷണം കേന്ദ്രീകരിക്കാൻ പോന്ന തെളിവുകളായിരുന്നു ഇത്. കടിയേറ്റ ശരീരഭാഗത്തിന്റെ ചിത്രങ്ങൾ പോസ്റ്റുമോർട്ടം നടത്തിയ സമയത്ത് എടുക്കുകയും അത് ആദ്യ അന്വേഷണ സംഘത്തിന് കൈമാറുകയും ചെയ്തിരുന്നു. എന്നാൽ പുതിയ അന്വേഷണ സംഘം ഇതിനെ കാര്യമായി പരിഗണിച്ചില്ല.
ആലപ്പുഴയിലെത്തിയ വിജിലൻസ് എസ്പി ഫൊറൻസിക് വിദഗ്ധരിൽനിന്നു വിവരങ്ങൾ ശേഖരിച്ചു. പ്രതിയുടെ പല്ലിന് വിടവുണ്ടോ ഇല്ലയോ എന്നത് ദന്തക്ഷതങ്ങൾ പരിശോധിക്കുന്ന ഓഡന്റോളജിസ്റ്റിന് മാത്രമേ പറയാനാകൂ എന്നാണ് ഫൊറനൻസിക് വിശദീകരണം. അതേസമയം, പ്രതി അമീർ ആണെന്നതിൽ പൊലീസിനോ വിജിലൻസിനോ തർക്കമില്ല. എന്നാൽ എന്നാൽ അന്വേഷണ സംഘം പറഞ്ഞ കാര്യങ്ങൾ വീണ്ടും പരിശോധിക്കുമ്പോൾ ചില അവ്യക്തതകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കേസ് കോടതിയിലെത്തുമ്പോൾ പ്രതിഭാഗം ഇതിനെ ആയുധമാക്കും. കേസ് ദുർബലമാകാൻ ഇത് കാരണമാവുകയും ചെയ്യും. അതിനാലാണ് പഴുതടച്ചുള്ള നീക്കത്തിന് വിജിലൻസ് ശ്രമിക്കുന്നത്. ജിഷയെ പോസ്റ്റുമോർട്ടം ചെയ്ത ആലപ്പുഴ മെഡിക്കൽ കോളജിലെത്തി സംഘം വിവരങ്ങൾ ശേഖരിച്ചു.
Post Your Comments