കൊല്ലം : സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യം വെച്ച് എത്തിച്ച ലക്ഷങ്ങളുടെ ലഹരി മരുന്ന് ശേഖരം പിടികൂടി. ബീഹാര്‍ സ്വദേശി അക്രം എന്നയാളുടെ ഗോഡൗണിലാണ് പാന്‍മസാലയടങ്ങുന്ന ലഹരിശേഖരം സൂക്ഷിച്ചിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം മൂന്നാംകുറ്റിയിലെ ഗോഡൗണില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് അരക്കോടി രൂപയിലധികം വരുന്ന ലഹരിമരുന്ന് വസ്തുക്കള്‍ പിടികൂടിയത്.
റെയ്ഡിനെത്തുടര്‍ന്ന് അക്രം ഒളിവിലാണ്. ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അക്രത്തിന്റെ സഹായികളായ രണ്ട് ബീഹാര്‍ സ്വദേശികളെ എക്‌സൈസ് സംഘം കസ്റ്റഡിയില്‍ എടുത്തു. ഒരു വര്‍ഷം മുന്‍പാണ് ലഹരി വസ്തുക്കളുടെ വിതരണം ലക്ഷ്യമിട്ട് ബീഹാര്‍ സ്വദേശികള്‍ ലക്ഷങ്ങള്‍ നല്‍കി മൂന്നാം കുറ്റിയിലെ ഗോഡൗണ്‍ വാങ്ങിയത്. പാന്‍മസാല ഉത്പന്നങ്ങള്‍ക്ക് പുറമേ ദ്രവ്യ രൂപത്തിലുള്ള ലഹരി മരുന്നുകളും എക്‌സൈസ് സംഘം ഗോഡൗണില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. ഇതില്‍ കുട്ടികള്‍ക്ക് നല്‍കാനായുളള മധുരം ചേര്‍ത്ത് രൂപപ്പെടുത്തിയ ലഹരി പാദര്‍ത്ഥങ്ങളും ഉള്‍പ്പെടും.
ജില്ലയിലും സംസ്ഥാനത്തെ മറ്റ് മേഖലകളിലും ലഹരി മരുന്ന് നല്‍കുന്ന മൊത്ത വിതരണക്കാരനാണ് അക്രമെന്ന് എക്‌സൈസ് സംഘം പറഞ്ഞു. ഗോഡൗണിനുള്ളില്‍ പ്രത്യേക അറകള്‍ നിര്‍മിച്ചായിരുന്നു ലഹരിമരുന്നുകള്‍ സൂക്ഷിച്ചിരുന്നത്. അന്യസംസ്ഥാന തൊഴിലാളികളെ മുന്‍നിര്‍ത്തി ലഹരിമാഫിയ സംസ്ഥാനത്ത് സജീവമാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വന്‍ ലഹരിമരുന്ന് വേട്ട നടന്നിരിക്കുന്നത്.
Post Your Comments