ന്യൂഡല്‍ഹി: ഹൈദരാബാദ് സര്‍വ്വകലാശാലയിൽ ആത്മഹത്യ ചെയ്ത ഗവേഷണ വിദ്യാർത്ഥി രോഹിത് വെമുല ദളിത് വിഭാഗക്കാരന്‍ അല്ലെന്ന് ജൂഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. അലഹബാദ് ഹൈക്കോടതി മുന്‍ ജഡ്ജി എ.കെ. രൂപന്‍വാല്‍ അധ്യക്ഷനായ എകാംഗ കമ്മീഷനാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.കേന്ദ്ര മാനവിഭവ ശേഷി മന്ത്രാലയം നിയോഗിച്ച കമ്മീഷന്റെതാണ് കണ്ടെത്തല്‍. ആഗസ്ത് ആദ്യവാരം യൂണിവേഴ്സിറ്റി ഗ്രാന്റ്‌സ് കമ്മീഷന് എ.കെ. രൂപന്‍വാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.രോഹിത് വെമുല ദളിത് വിഭാഗത്തില്‍പ്പെട്ട ആളല്ലെന്നും യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹൈദരാബാദ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പി. അപ്പറാവുവിന് പങ്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
രോഹിത് വെമുലയുടെ ആത്മഹത്യ ദളിത് വിഷയമായി ആളിപ്പടര്‍ന്നതോടെയാണ് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം എകാംഗ കമ്മീഷനെ നിയോഗിച്ചത്. വിഷയം വിവാദമായതോടെ കേന്ദ്ര മന്ത്രി ബന്ദാരു ദത്താത്രേയ, ഹൈദരാബാദ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ അപ്പറാവു എന്നിവര്‍ക്കെതിരെ പട്ടിക വിഭാഗക്കാര്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള നിയമപ്രകാരം എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ രോഹിത് വെമുല ദളിത് വിഭാഗത്തില്‍പ്പെട്ട ആളാണെന്ന് ഗൂണ്ടൂര്‍ ജില്ലാ കളക്ടര്‍ ദേശീയ പട്ടികജാതി കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട് .ദേശീയ പട്ടികജാതി കമ്മീഷന്റെ റിപ്പോര്‍ട്ടിന് വിരുദ്ധമാണ് എകാംഗ കമ്മീഷന്റെ കണ്ടെത്തല്‍. എന്നാല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചകാര്യം എച്ച്.ആര്‍.ഡി മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല.
Post Your Comments