ന്യൂഡല്‍ഹി: ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസ് ആണെന്ന് പറഞ്ഞിട്ടില്ലെന്ന് കോണ്‍ഗ്രസ് വൈസ്പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി. രാഹുലിനെതിരെയുള്ള അപകീര്‍ത്തിക്കേസില്‍ സുപ്രീം കോടതിയില്‍ വിശദീകരണം നല്‍കാനെത്തിയപ്പോഴാണ് രാഹുല്‍ തന്‍റെ മുന്‍അഭിപ്രായത്തില്‍ മലക്കംമറിച്ചില്‍ നടത്തിക്കൊണ്ട് ഇപ്രകാരം പറഞ്ഞത്.
“ഒരു സംഘടന എന്ന നിലയില്‍ ഞാന്‍ ആര്‍എസ്എസിനെ കുറ്റപ്പെടുത്തിയിട്ടില്ല. ആര്‍എസ്എസുമായി ബന്ധമുള്ള ചിലരാണെന്നാണ് ഞാന്‍ പറഞ്ഞത്,” രാഹുല്‍ വിശദീകരിച്ചു.
രാഹുലിന്‍റെ വിശദീകരണം അംഗീകരിച്ചുകൊണ്ട് കേസിലെ അടുത്ത വാദംകേള്‍ക്കല്‍ സെപ്റ്റംബര്‍ ഒന്നായി കോടതി നിശ്ചയിച്ചു.
ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസുകാരാണെന്ന് 2015 മാര്ച്ച് ആറിന് നടന്ന ഒരു റാലിയിലാണ് രാഹുല്‍ പ്രസംഗിച്ചത്. ഇത് ചൂണ്ടിക്കാട്ടി രാജേഷ് മഹാദേവ് കുന്ദെ മഹാരാഷ്ട്രയിലെ ഭീവണ്ഡി മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ പരാതിയിലാണ് രാഹുലിന് ഇപ്പോള്‍ വിശദീകരണം നല്‍കേണ്ടി വന്നത്.
കേസ് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വന്നപ്പോള്‍ ആര്‍എസ്എസിനെ മൊത്തത്തില്‍ കുറ്റപ്പെടുത്തിയത് തെറ്റായെന്നും ഖേദപ്രകടനം നടത്തിയില്ലെങ്കില് വിചാരണ നേരിടേണ്ടിവരുമെന്നും രാഹുലിന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ് ലഭിച്ചിരുന്നു. രണ്ട് വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്.
Post Your Comments