India

വാടക ഗര്‍ഭധാരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു

ന്യൂഡല്‍ഹി : വാടക ഗര്‍ഭധാരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. രാജ്യത്ത് പണം വാങ്ങിയുള്ള വാടക ഗര്‍ഭധാരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ബില്ലിന്റെ കരടിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇത് ലംഘിക്കുന്നവര്‍ക്ക് പത്തു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന തരത്തിലാണ് ബില്‍ തയ്യാറാക്കിയിരിക്കുന്നത്.

ബില്‍ പാര്‍ലമെന്റില്‍ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. വാടക ഗര്‍ഭധാരണം വാണിജ്യ വത്കരിക്കപ്പെടുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ല. വിദേശികള്‍ക്കായി മനുഷ്യ ഭ്രൂണം ഇറക്കുമതി ചെയ്യുന്നത് പൂര്‍ണമായി നിരോധിക്കും. അതേസമയം, ഗവേഷണ ആവശ്യങ്ങള്‍ക്ക് ഭ്രൂണം ഇറക്കുമതി ചെയ്യുന്നത് തടയില്ലെന്നും മന്ത്രി അറിയിച്ചു.

വിവാഹിതരായി അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ ഇന്ത്യാക്കാര്‍ക്ക് മാത്രമെ വാടക ഗര്‍ഭധാരണത്തിന് അര്‍ഹതയുണ്ടാവൂ. വന്ധ്യത, കുഞ്ഞിനെ ചുമക്കുന്നതിന് മെഡിക്കല്‍ ചെലവ് മാത്രം നല്‍കുന്ന രീതി എന്നീ സാഹചര്യങ്ങളിലും വാടക ഗര്‍ഭധാരണത്തിന് അനുമതി നല്‍കും. അടുത്ത ബന്ധുക്കളില്‍ ആര്‍ക്കെങ്കിലുമായിരിക്കും വാടക ഗര്‍ഭധാരണത്തിന് അനുവാദം.

വിദേശികള്‍ക്ക് ഇന്ത്യയില്‍ വാടക ഗര്‍ഭധാരണം നടത്താന്‍ അനുമതി നല്‍കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇങ്ങനെ അനുമതി നല്‍കിയാല്‍ അത് പൗരത്വം സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നതിനാലാണിത്. മാത്രമല്ല വിസ പ്രശ്‌നങ്ങളുടെ പേരില്‍ കുഞ്ഞിനെ ഉപേക്ഷിക്കുന്ന സ്ഥിതി ഉണ്ടാവുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button