കണ്ണൂർ: കഴിഞ്ഞ സർക്കാറിന്റെ കാലത്ത് കണ്ണൂർ വിമാനത്താവളത്തിലെ ജോലികളിൽ ലീഗുകാരായവരെ കയറ്റാൻ ശ്രമിക്കണമെന്ന് പറഞ്ഞുള്ള ഒരു കത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇഷ്ടക്കാരായവരെ തിരുകി കയറ്റാൻ യുഡിഎഫ് ശ്രമം ശക്തമായ വേളയിലാണ് ഇത്തരമൊരു കത്ത് സോഷ്യൽ മീഡിയയിലൂടെ പുറത്തു വന്നത്.കണ്ണൂർ വിമാനത്താവളത്തിൽ പണം കൊടുത്ത് ജോലി നേടുന്നതിന് നിരവധി ഉദ്യോഗാർത്ഥികൾ തയ്യാറായി രംഗത്തുണ്ട്. എന്നാൽ ഇത്തരക്കാർക്കൊക്കെ തിരിച്ചടിയായി ഇടതു സർക്കാരിന്റെ പുതിയ തീരുമാനം വന്നിരിക്കുകയാണ് .
കണ്ണൂർ വിമാന താവളത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് ആരംഭിച്ച നടപടി ഡയറക്ടർ ബോർഡ് റദ്ധാക്കിയിരിക്കുകയാണ് .ഫെബ്രുവരി പതിനേഴിന് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് വിജ്ഞാപനം ചെയ്ത നിയമന നടപടികളാണ് റദ്ധാക്കിയിരിക്കുന്നത്. ഇതോടെ അപേക്ഷകൾ നല്കിയിട്ടുള്ളവർ വീണ്ടും അപേക്ഷകൾ നൽകേണ്ടി വരും.ഭരണപരമായ കാരണങ്ങളാൽ നിയമന നടപടികളും അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനങ്ങളും റദ്ദാക്കുകയാണെന്നും അപേക്ഷകർക്കുണ്ടായ അസൗകര്യങ്ങളിൽ ഖേദിക്കുന്നുവെന്നുമാണ് കിയാൽ വെബ്‌സൈറ്റിൽ ഞായറാഴ്ച പ്രത്യക്ഷപ്പെട്ട അറിയിപ്പ് .നിയമനത്തിനുള്ള പുതിയ വിജ്ഞാപനം പിന്നീട് പുറപ്പെടുവിക്കുമെന്നും അറിയിപ്പിൽ പറയുന്നു.നേരത്തെ അപേക്ഷിച്ചവർ അപേക്ഷയോടൊപ്പം ഏതെങ്കിലും രേഖകൾ നൽകിയിട്ടുണ്ടെങ്കിൽ അത് കിയാൽ സൂക്ഷിക്കുമെന്നും പുതിയ അപേക്ഷകൾ നൽകുമ്പോൾ വീണ്ടും രേഖകൾ നൽകേണ്ട ആവശ്യമില്ലെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
Post Your Comments