ശബരിമല : സന്നിധാനത്ത് പുതിയ സ്വര്‍ണ്ണക്കൊടിമരം ഒരുങ്ങുന്നു. സ്വര്‍ണക്കൊടിമരം നിര്‍മിക്കുന്നതിന്റെ ചെലവ് ഹൈദരാബാദിലെ ഫോണിക്‌സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി വഹിക്കുമെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ കൊടിമര നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആലോചിക്കാന്‍ 26ന് ദേവസ്വം അധികൃതരുടെ യോഗം ഏറ്റുമാനൂരില്‍ നടക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
നിലവിലുള്ള കൊടിമരത്തിന്റെ ചുവട്ടില്‍ ജീര്‍ണതയുണ്ടെന്നും പഞ്ചവര്‍ഗത്തറയില്‍ ചായം പൂശിയതു മൂലം ചൈതന്യലോപം സംഭവിച്ചതായും സന്നിധാനത്ത് നടന്ന അഷ്ടമംഗല ദേവപ്രശ്‌നത്തില്‍ തെളിഞ്ഞിരുന്നു. ഇതേതുടര്‍ന്നാണ് പുതിയ സ്വര്‍ണക്കൊടിമരം നിര്‍മിക്കുന്നത്. നിലവിലുള്ള സ്വര്‍ണക്കൊടിമരത്തിന്റെ ഉള്‍വശം കോണ്‍ക്രീറ്റാണ്. കോണ്‍ക്രീറ്റ് ഒഴിവാക്കി തേക്കുതടി ഉപയോഗിച്ചാണ് പുതിയകൊടിമരം നിര്‍മിക്കുക. ശബരിമലയില്‍ സ്വര്‍ണക്കൊടിമരം നിര്‍മിക്കാന്‍ ആവശ്യമായ ചെലവ് പൂര്‍ണമായും വഹിക്കാമെന്ന് കമ്പനി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കത്തു നല്‍കിയത്. ബോര്‍ഡ് ഇതംഗീകരിച്ചതായും ഇക്കാര്യത്തിന് ഹൈക്കോടതിയുടെ അനുവാദം വാങ്ങിയതായും ദേവസ്വം അധികൃതര്‍ പറഞ്ഞതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
തറനിരപ്പില്‍നിന്നു 10.29 മീറ്റര്‍ ഉയരമുള്ള കൊടിമരം നിര്‍മിക്കുന്നതിന് മൂന്നുകോടി ഇരുപത് ലക്ഷത്തി മുപ്പതിനായിരം രൂപയുടെ എസ്റ്റിമേറ്റാണ് എടുത്തിരിക്കുന്നത്. ആദ്യം ചെമ്പ് പറ നിര്‍മ്മിച്ച ശേഷം സ്വര്‍ണം കനം കുറഞ്ഞ തകിട് രൂപത്തിലാക്കി പതിക്കുകയാണ് ചെയ്യുന്നത്. പറയും പഞ്ചവര്‍ഗ തറയും സ്വര്‍ണത്തകിട് പാളി പൊതിയും. അഷ്ടദിക്പാലകരെ സ്വര്‍ണം പൂശും. കൊടിമര നിര്‍മാണത്തിന് പത്തുകിലോഅമ്പത് ഗ്രാം സ്വര്‍ണം ആവശ്യമാണെന്നാണു കണക്കാക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments