ന്യൂഡൽഹി: ജമ്മു കശ്മീരിൽ കലാപാന്തരീക്ഷം നിലനിൽക്കുന്നതിനിടെ പാക്കിസ്ഥാനെ കടന്നാക്രമിച്ചു കൊണ്ട് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ് വീണ്ടും രംഗത്തെത്തി. കശ്മീർ താഴ്‍വരയിൽ സമാധാനം അവതാളത്തിലാക്കാൻ പാക്കിസ്ഥാൻ നിരന്തരം ശ്രമിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ രാജ്നാഥ് ഇത്തവണ താന്‍ ഇതുപറയുന്നത് യാതൊരു സംശയവും ഇല്ലാതെയാണെന്നും വ്യക്തമാക്കി.
“ഞാൻ പാക്കിസ്ഥാനിൽ പോയപ്പോൾ നമ്മുടെ അയൽരാജ്യം എന്താണു ചെയ്തതെന്ന് നിങ്ങൾക്കെല്ലാം അറിയാം. അവിടെ സംഭവിച്ചത് ഞാൻ വീണ്ടും ആവർത്തിക്കുന്നില്ല. പക്ഷെ, അവിടെ വച്ച് ഇന്ത്യയുടെ ആത്മാഭിമാനത്തിന് ക്ഷതമേൽക്കാൻ ഞാൻ അനുവദിച്ചില്ല. ഒരു രാജ്യത്തിലെ ഭീകരവാദിക്ക് മറ്റൊരു രാജ്യത്തിന്റെ വീരനായകനാകാൻ സാധിക്കില്ല,” രാജ്നാഥ് സിങ് പറഞ്ഞു.
“കശ്മീരിലെ ജനങ്ങളോട് എനിക്കൊരു കാര്യമാണ് പറയാനുള്ളത്. ഞങ്ങൾ കശ്മീരിനെ മാത്രമല്ല സ്നേഹിക്കുന്നത്, അവിടെയുള്ള ജനങ്ങളെയുമാണ്. കശ്മീരിലെ ജനങ്ങളുടെ കയ്യിൽ കല്ലും, തോക്കുകളും, ഇഷ്ടികകളുമല്ല കാണേണ്ടത് പകരം പേനയും കംപ്യൂട്ടറുകളും ജോലിയുമാണ്. ചിലയാളുകൾ ഹിന്ദുവിനെയും മുസ്‍ലിമിനെയും ക്രൈസ്തവരെയും വിഭജിക്കാനാണ് ശ്രമിക്കുന്നത്. പണ്ട് ബ്രിട്ടീഷുകാർ ശ്രമിച്ചതുപോലെയാണിത്. പക്ഷേ, അവരുടെ ശ്രമം പരാജയപ്പെടും. ആർക്കും ഇന്ത്യയിലെ ജനങ്ങളെ വിഭജിക്കാൻ സാധിക്കില്ല,” രാജ്നാഥ് സിങ് പറഞ്ഞു.
Post Your Comments