തിരുവനന്തപുരം● കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മനേക ഗാന്ധി മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വെബ്സൈറ്റ് മലയാളി ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തു. തിരുവനന്തപുരം പുല്ലുവിളയില്‍ വൃദ്ധയെ തെരുവ് നായ്ക്കള്‍ കടിച്ചുകീറി കൊന്നതില്‍ പ്രതിഷേധ സൂചകമായാണ് കേരള സൈബര്‍ വാരിയേഴ്സ് എന്ന പേരില്‍ അറിയപ്പെടുന്ന ഹാക്കര്‍മാരുടെ കൂട്ടായ്മ വെബ്സൈറ്റ് ഹാക്ക് ചെയ്തത്.
പീപ്പിള്‍സ് ഫോര്‍ അനിമല്‍സ് ഇന്ത്യ ഡോട്ട് ഓര്‍ഗ് എന്ന പേരിലുള്ള വെബ്സൈറ്റാണ് തകര്‍ത്തത്. #സ്ട്രേ ഡോഗ് ഫ്രീ ഇന്ത്യ എന്ന ഹാഷ് ടാഗിനോപ്പം 50 നായ്ക്കളുടെ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട 65 കാരിയായ ശീലുവമ്മയുടെ ചിത്രവും വാര്‍ത്തയും വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
തെരുവ് നായ്ക്കളെ കൊല്ലുന്നതിനെതിരെ മനേക ഗാന്ധിയുടെ നേതൃത്വത്തില്‍ നേരത്തെ മൃഗാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. പട്ടി കടിയ്ക്കാന്‍ വന്നാല്‍ ഓടി ഏതെങ്കിലും മരത്തില്‍ കയറണമെന്ന മനേക ഗാന്ധിയുടെ മുന്‍ പ്രസ്താവനയേയും ഹാക്കര്‍മാര്‍ പരിഹസിച്ചിട്ടുണ്ട്. ഓടിക്കയറാന്‍ അവിടെ മരമൊന്നും ഇല്ലാതിരുന്നതിനാലാണ് നിസാഹായയായ ഈ 65 കാരി 50 ഓളം തെരുവുനായ്ക്കളാല്‍ കൊലചെയ്യപ്പെട്ടതെന്ന് വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ പറയുന്നു.
നേരത്തേ നിരവധി പാക്കിസ്ഥാന് വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്ത് വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുള്ള ഹാക്കിംഗ് കൂട്ടായ്മയാണ് കേരള സൈബര്‍ വാരിയേഴ്സ്.
Post Your Comments