മെല്‍ബണ്‍ : ഓസ്‌ട്രേലിയ മെല്‍ബണില്‍ പ്രവാസി മലയാളി യുവാവിന്റെ മരണത്തില്‍ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. മെല്‍ബണിലെ എപ്പിംഗില്‍ മലയാളിയായ സാം എബ്രഹാം ( 33) മരിച്ച സംഭവത്തിലാണ് മരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തിയത്. ഭാര്യയും കാമുകനും ചേര്‍ന്ന് സാമിനെ സയനൈഡ് കൊടുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് കോടതിയെ അറിയിച്ചു.
സാമിന്റെ ഭാര്യ സോഫിയെയും സുഹൃത്ത് അരുണ്‍ കമലാസനനെയും അടുത്ത ഫെബ്രുവരി വരെ റിമാന്റ് ചെയ്തു. കാമുകനും മലയാളിയാണ്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു പുനലൂര്‍ സ്വദേശിയും യുഎഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനുമായ സാം എബ്രഹാം മരിച്ചത് ഉറക്കത്തിനിടയില്‍ ഹൃദയാഘാതം വന്നാണെന്നാണ് പോലീസ് ആദ്യഘട്ടത്തില്‍ കരുതിയിരുന്നത്. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സാം എബ്രഹാമിന് നേരെ നേരത്തെയും വധ ശ്രമമുണ്ടായിരുന്നെന്ന് വ്യക്തമായത്.
മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞാഴ്ചയാണ് സാമിന്റെ ഭാര്യ സോഫിയെയും (32) സുഹൃത്ത് അരുണ്‍ കമലാസനനെയും (34) പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തി ഇന്നലെ മെല്‍ബണ്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. മാസങ്ങളായി സോഫിയയുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ നിരീക്ഷച്ചതില്‍ നിന്നാണ് നിര്‍ണ്ണായകമായ തെളിവുകള്‍ കിട്ടിയതെന്ന് പോലീസ് കോടതിയെ അറിയിച്ചു. അടുത്ത വര്‍ഷം ഫെബ്രുവരി 13 നായിരിക്കും കോടതി കേസ് വീണ്ടും പരിഗണിക്കുക. സാമിനും സോഫിക്കും നാലു വയസ്സുള്ള ഒരു കുട്ടിയുമുണ്ട്.
Post Your Comments