NewsIndia

മോദി സര്‍ക്കാരിന് സിഖുകാരുടെ കൈയ്യടി : സിഖ്കാര്‍ക്ക് മാത്രമായി ഏര്‍പ്പെടുത്തിയ ഇന്ദിരാ ഗാന്ധിയുടെ കാലത്തെ നിയമം മോദി പൊളിച്ചെഴുതി

ന്യൂഡല്‍ഹി: 212 പ്രവാസി സിഖ് കുടുംബാംഗങ്ങള്‍ക്ക് കഴിഞ്ഞ 32 വര്‍ഷമായി ഇന്ത്യയില്‍ വരുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി മോദി സര്‍ക്കാര്‍ പഞ്ചാബ് തിരഞ്ഞെടുപ്പിന് മുന്നോടിയായി സിഖുകാരുടെ കയ്യടി നേടുന്നു. 1984ല്‍ ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിനു ശേഷവും 85ലെ കനിഷ്‌ക ബോംബിംഗിനു ശേഷവുമായി അക്കാലത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്കാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് നീക്കുന്നത്. യു.എസ്, യു.കെ, കാനഡ എന്നിവിവിടങ്ങളിലെ 212 സിഖ് കുടുംബങ്ങളിലുള്ളവരാണ് വിലക്കുണ്ടായിരുന്നതിനാല്‍ ഇത്രയും കാലം രാജ്യത്ത് വരാന്‍പറ്റാതെ കഴിഞ്ഞിരുന്നത്.

സിഖുകാരുടെ പ്രധാന ആരാധനാകേന്ദ്രമായ അമൃത്സറിലെ സുവര്‍ണക്ഷേതം കയ്യടക്കിയ ഖാലിസ്ഥാന്‍ ഭീകരരെ ഒഴിപ്പിക്കാനായിരുന്നു 1984ല്‍ ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ എന്ന സൈനിക നടപടി. അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് ഇതിന് ഉത്തരവിട്ടത്. ഇതിന്റെ പേരിലാണ് അതേവര്‍ഷം ഒക്ടോബറില്‍ ഇന്ദിര സ്വന്തം അംഗരക്ഷകരാല്‍ കൊല്ലപ്പെടുന്നതും.

മോണ്‍ട്രിയല്‍ ന്യൂഡല്‍ഹി യാത്രയിലായിരുന്ന എയര്‍ ഇന്ത്യയുടെ കനിഷ്‌ക വിമാനം സ്‌ഫോടകവസ്തുക്കളുപയോഗിച്ച് തകര്‍ത്ത് 329 യാത്രക്കാരുടെ കൊലയ്ക്ക് കാരണമായ അട്ടിമറിയുണ്ടായത് തൊട്ടടുത്ത വര്‍ഷമാണ്. ഇവരില്‍ ഭൂരിഭാഗവും കാനഡയില്‍ താമസക്കാരായ ഇന്ത്യക്കാരായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സിഖ് ഭീകരര്‍ പിടിയിലാവുകയും കാനഡയില്‍ നിരവധി അറസ്റ്റുകള്‍ നടക്കുകയും ചെയ്തു. ഈ രണ്ടു സംഭവങ്ങളെ തുടര്‍ന്നാണ് പ്രവാസി സിഖ് കുടുംബങ്ങളില്‍ പലതിനും ഇന്ത്യയിലേക്ക് വരുന്നതിന് വിലക്കേര്‍പ്പെടുത്തിയത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയ അഡീഷണല്‍ സെക്രട്ടറി തലവനായ കമ്മിറ്റിയാണ് ഇവരുടെ പേരില്‍ ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ പരിശോധിച്ച ശേഷം 324 പേരെ ഉള്‍പ്പെടുത്തിയിരുന്ന കരിമ്പട്ടികയില്‍ നിന്ന് 212 പേരെ ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. മറ്റുള്ളവരുടെ കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പരിശോധിക്കാനുണ്ടെന്നും അതിനുശേഷം അവരുടെ പേരിലുള്ള വിലക്കും നീക്കുമെന്നുമാണ് ഇപ്പോള്‍ ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്ക, കാനഡ സന്ദര്‍ശനവേളയില്‍ ഇക്കാര്യം ആവശ്യപ്പെട്ട് നിരവധി സിഖ് സംഘടനകള്‍ അദ്ദേഹത്തെ സമീപിച്ചിരുന്നു. അതേസമയം, ഇവരുടെ പേരിലുള്ള നിരോധനം നീക്കരുതെന്ന ഇന്റലിജന്‍സ് ബ്യൂറോയുടെ എതിര്‍പ്പ് മറികടന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടപടി ഉണ്ടായതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു.

അടുത്തുവരുന്ന പഞ്ചാബ് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സിഖ് വിഭാഗത്തിന്റെ പിന്തുണ ഉറപ്പാക്കാനും അവരെ കയ്യിലെടുക്കുന്നതിനുമായാണ് മോദി സര്‍ക്കാരിന്റെ നീക്കമെന്ന ആക്ഷേപം ഇതോടെ ഉയരുന്നുണ്ട്. അതേസമയം കോണ്‍ഗ്രസ് സര്‍ക്കാര്‍ തികച്ചും ഏകപക്ഷീയമായാണ് പല കുടുംബങ്ങളേയും കരിമ്പട്ടികയില്‍പ്പെടുത്തി ഇന്ത്യയിലേക്ക് വരുന്നതിന് വിലക്കേര്‍പ്പെടുത്തിയെന്നും ഇന്ദിരാഗാന്ധി സിഖ് അംഗരക്ഷകരാല്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇങ്ങനെ ചെയ്തതെന്നുമാണ് സിഖ് സംഘടനകള്‍ ആരോപിക്കുന്നത്.

സൂക്ഷ്മ പരിശോധന കൂടാതെയായിരുന്നു ഈ നടപടി. സിഖ് സംഘടനകളുടെ എതിര്‍പ്പ് ഭയന്ന് ഈ നിരോധന കാര്യം ആദ്യകാലത്ത് പുറത്തറിയിക്കാതെ രഹസ്യമായി സൂക്ഷിക്കുകയും ചെയ്തു. ഇന്ത്യയിലേക്ക് വരാന്‍ ശ്രമിക്കുമ്പോള്‍ പലതവണ വിസയ്ക്ക് ഈ കുടുംബങ്ങള്‍ക്ക് ഓരോ കാരണം പറഞ്ഞ് അനുമതി നിഷേധിക്കപ്പെട്ടതോടെയാണ് ഏറെക്കാലങ്ങള്‍ക്കുശേഷം നിരോധനം പുറത്തറിഞ്ഞത്.

ഏതായാലും 32 വര്‍ഷങ്ങള്‍ക്കുശേഷം ഇത്രയും പ്രവാസി കുടുംബങ്ങളിലേക്ക് നാട്ടിലേക്കുവരാന്‍ മോദി സര്‍ക്കാര്‍ അവസരമൊരുക്കിയതിനെ വന്‍ ആഘോഷമാക്കുകയാണ് പ്രവാസി സിഖ് സമൂഹവും പഞ്ചാബിലെ സിഖ് സംഘടനകളും. ഇത് മോദിക്കും ബിജെപിക്കും അടുത്തു നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ വന്‍ മുന്‍തൂക്കം നല്‍കുമെന്നും പൊതുവെ വിലയിരുത്തലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button