ഡല്‍ഹി : ഡല്‍ഹിയില്‍ പട്ടത്തിന്റെ ചൈനീസ് മാഞ്ച എന്ന പ്ലാസ്റ്റിക് നൂല്‍ കഴുത്തില്‍ കുരുങ്ങി കുട്ടികള്‍ മരിച്ചു. സാഞ്ചി ഗോയല്‍ (4),ഹാരി (3) എന്നീ കുട്ടികള്‍ക്കാണ് സ്വാതന്ത്ര്യദിനത്തില്‍ 10 കി.മീ ചുറ്റളവിലുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ നൂല് കഴുത്തില്‍ കുരുങ്ങി ജീവന്‍ നഷ്ടപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് മാതാപിതാക്കള്‍ക്കൊപ്പം സിനിമ കണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സാഞ്ചി ഗോയല്‍ എന്ന നാലു വയസുകാരിയുടെ കഴുത്തില്‍ ചൈനീസ് നൂല്‍ കുടുങ്ങിയത്.
കാറിന്റെ സണ്‍റൂഫിലൂടെ തല പുറത്തിട്ട് യാത്ര ചെയ്യുകയായിരുന്ന സാഞ്ചിയുടെ കഴുത്തില്‍ അപ്രതീക്ഷിതമായി നൂല്‍ കുരുങ്ങുകയായിരുന്നു. ഉടന്‍ തന്നെ മാതാപിതാക്കള്‍ ഏകമകളായ സാഞ്ചിയുമായി ആശുപത്രിയിലേക്ക് തിരിച്ചെങ്കിലും യാത്രമധ്യേ തന്നെ അമ്മയുടെ മടിയില്‍ കിടന്ന് സാഞ്ചി മരിച്ചു. ഈ അപകടം കഴിഞ്ഞ് രണ്ട് മണിക്കൂറിന് ശേഷം രാത്രി എട്ട് മണിയോടെയാണ് അച്ഛനമ്മമാര്‍ക്കും മൂത്തസഹോദരിക്കുമൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന മൂന്ന് വയസുകാരന്‍ ഹാരിയുടെ കഴുത്തില്‍ പൊട്ടിപോയ പട്ടത്തിന്റെ നൂല്‍ കുടുങ്ങുകയായിരുന്നു. കഴുത്തിനേറ്റ മുറിവില്‍ നിന്ന് ചോരവാര്‍ന്നതോടെ ഹാരിയുമായി കുടുംബം ആശുപത്രിയല്ക്ക് പോകും വഴി കുഞ്ഞിന് ജീവന്‍ നഷ്ടമായി.
പശ്ചിമഡല്‍ഹിയില്‍ ബൈക്ക് യാത്രികനായ യുവാവ് ചൈനീസ് നൂല്‍ കഴുത്തില്‍ കുരുങ്ങി മരിച്ച സംഭവത്തിന് പിന്നാലെയാണ് രണ്ട് കുട്ടികള്‍ക്ക് കൂടി ദുരന്തം സംഭവിച്ചത്. ചൈനീസ് നൂലിന്റെ അപകടം തിരിച്ചറിഞ്ഞ ഡല്‍ഹി സര്‍ക്കാര്‍ ഗ്ലാസ്സ്, മെറ്റല്‍ ആവരണത്തോടു കൂടിയ ചൈനീസ് നൂലുകള്‍ ഉപയോഗിക്കുന്നത് നിരോധിച്ചു കൊണ്ട് ചൊവ്വാഴ്ച ഉത്തരവിറക്കി. ചൈനീസ് നൂലുകളുടെ വില്‍പനയും ഉത്പാദനവും സംഭരണവുമടക്കം നിരോധിച്ചു കൊണ്ടാണ് സര്‍ക്കാരിന്റെ ഉത്തരവ്. പട്ടം പറത്തുവാന്‍ സാധാരണ കോട്ടണ്‍ നൂലുകളോ മറ്റോ ഉപയോഗിക്കുവാനും ഉത്തരവില്‍ നിര്‍ദേശമുണ്ട്. ഇതിന് വിരുദ്ധമായി ചൈനീസ് നൂലുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വരെ പിഴയോ അഞ്ച് വര്‍ഷം വരെ തടവോ ശിക്ഷ ലഭിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
Post Your Comments