അൽഹസ്സ● പക്ഷാഘാതത്തെ തുടർന്ന് ജീവിതം ദുരിതത്തിലായ പ്രവാസിയ്ക്ക് നവയുഗം സാംസ്കാരികവേദി അൽഹസ്സ മേഖല കമ്മിറ്റി ചികിത്സാധനസഹായം കൈമാറി.
കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ സുനിൽ കുമാർ എട്ടു വർഷത്തിലേറെയായി സൗദി അറേബ്യയിൽ പ്രവാസിയായി കഴിയുകയായിരുന്നു. അൽ ഹസ്സയിൽ ഒരു കമ്പനിയിൽ മേസനായി ജോലി നോക്കി വരികയായിരുന്ന സുനിൽ കുമാറിന്റെ ജീവിതം മാറി മാറിമറിഞ്ഞത് ഒരു മാസങ്ങൾക്ക് മുൻപാണ്. പക്ഷാഘാതം വന്ന് ശരീരത്തിന്റെ ഒരു ഭാഗം തളർന്നു പോയ സുനിൽ കുമാറിനെ സഹപ്രവർത്തകർ ഉടനെ അൽഹസ്സയിലെ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ചികിത്സയ്ക്കായി നാട്ടിലേയ്ക്ക് കൊണ്ട് പോയി.
നവയുഗം സാംസ്കാരിക വേദി അൽഹസ്സ മേഖലയുടെ കീഴിൽ വരുന്ന മസറോയിയ യൂണിറ്റ് കമ്മിറ്റി അംഗമായിരുന്ന സുനിൽ കുമാറിന്റെ തുടർചികിൽസക്കായി ചികിൽസ ഫണ്ട് സ്വരൂപിയ്ക്കാൻ നവയുഗം മേഖല കമ്മിറ്റി തീരുമാനിയ്ക്കുകയായിരുന്നു.
നവയുഗം മസറോയിയ യൂണിറ്റിലെ പ്രവർത്തകരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചികിൽസ സഹായഫണ്ട്, നവയുഗം അൽഹസ്സ മേഖല കമ്മിറ്റി ഓഫിസിൽ കുടിയ യോഗത്തിൽ വെച്ച് അൽഹസ്സ മേഖലകമ്മിറ്റി സെക്രട്ടറി ഇ.എസ്.റഹിം തൊളിക്കോട് അൽഹസ്സ മേഖല സാമൂഹികക്ഷേമ കൺവീനർ അബ്ദുൽലത്തീഫ് മൈനാഗപള്ളിയ്ക്ക് കൈമാറി.
നവയുഗം അൽഹസ്സ മേഖല കമ്മിറ്റി പ്രസിഡന്റ് രാജീവ് ചവറ, അൽഹസ്സ മേഖല രക്ഷാധികാരി ഹുസൈൻ കുന്നിക്കേട്, മേഖല കമ്മിറ്റി നേതാക്കളായ സുശിൽകുമാർ, സുബ്രമണ്യം, സിയാദ്, ദീപക് വയല, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
നാട്ടിലെ ചികിത്സയിൽ സുഖം പ്രാപിച്ചു വരുന്ന സുനിൽ കുമാറിന് ഈ ധനസഹായം ഉടനെ കൈമാറുമെന്ന് നവയുഗം അൽഹസ്സ മേഖല കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
Post Your Comments