Kerala

സ്വാതന്ത്ര്യ സമരത്തിൽ യാതൊരു പങ്കുമില്ലാത്ത പ്രസ്ഥാനമാണ് ആര്‍.എസ്.എസ്- കോടിയേരി ബാലകൃഷ്ണന്‍

തൃശൂര്‍● ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ യാതൊരു പങ്കുമില്ലാത്ത പ്രസ്ഥാനമാണ് ആര്‍.എസ്.എസെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍.എസ്.എസിന്റെ നേതാവായ ഇന്ന് മോദി ചെങ്കോട്ടയില്‍ പ്രസംഗിക്കുമ്പോള്‍ സ്വാതന്ത്ര്യപ്പോരാട്ടത്തിൽ യാതൊരു പങ്കുമില്ലാത്തതാണ് അദ്ദേഹത്തിന്റെ പാർട്ടിയെന്ന കാര്യം ഇന്ത്യക്കാർ മറക്കരുത്. എന്നാല്‍ ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമമാണ് മോദിയും കൂട്ടരും നടത്തുന്നതെന്നും ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച യുവസാഗരം പരിപാടി തൃശൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കവേ കോടിയേരി പറഞ്ഞു.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരമാണ് ലോകത്തെമ്പാടുമുള്ള വിമോചനപ്പോരാട്ടങ്ങൾക്കു കരുത്തുപകര്‍ന്നത്. അതിനെ വിസ്മരിച്ചുകൊണ്ടു സ്വാതന്ത്ര്യദിനം ആചരിക്കാൻ ആവില്ല. ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് ദിശാബോധനം നൽകിയത് കമ്യൂണിസ്റ്റുകാരാണ്. 1926-ൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ടപ്പോഴാണ് രാജ്യത്തിന് പൂർണ സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം മുന്നോട്ടുവച്ചത്. പിന്നീടാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആ മുദ്രാവാക്യം ഏറ്റെടുത്തത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഇടപെടലുകളിലൂടെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൃഷിക്കാരെയും കർഷകത്തൊഴിലാളികളെയും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാക്കിയതെന്നും കോടിയേരി പറഞ്ഞു.

വർഗീയതയ്‌ക്കെതിരായ പോരാട്ടമാണ് കാലം ആവശ്യപ്പെടുന്നതെന്ന് കോടിയേരി പറഞ്ഞു. ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും സ്വതന്ത്ര പരമാധികാരത്തിനും വെല്ലുവിളിയാകുന്ന കാര്യങ്ങളാണ്‌ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നുവരുന്നത്. ഇതിനെതിരേ ജാഗരൂകരായി ഭരണഘടനയുടെ തത്വങ്ങൾ ഉയർത്തിപ്പിടിക്കണമെങ്കിൽ രാജ്യത്തു വളർന്നു വരുന്ന വർഗീയതയിൽനിന്നു മോചിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കശ്മീരിന്റെ പേരില്‍ പാക്കിസ്ഥാന്‍ ഉയര്‍ത്തുന്ന വെല്ലുവിളി രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാണ്. എന്നാല്‍ പാകിസ്ഥാനെതിരായ നിലപാടിനെ ഒരു മതത്തിനെതിരായ വികാരമായി അതു വളർത്തിയെടുത്താൽ അത് വിപരീതഫലമായിരിക്കും ഉണ്ടാക്കുകയെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button