ശ്രീദേവി പിള്ള എഴുതുന്നു
ആരവങ്ങളില്ലാതെ ആർപ്പുവിളിയും, ആളിമാരുമില്ലാതെ കിരീടം നഷ്ടപ്പെട്ട, അല്ലെങ്കിൽ യുദ്ധത്തിൽ തോറ്റ റാണിയെപ്പോലെ ഐറോം ശർമിള തിരിച്ചുനടക്കുകയാണ്. പതിനാറു വർഷങ്ങൾ , യൗവനത്തിന്റെ സുവർണ്ണകാലം മുഴുവൻ സ്വജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ഭിക്ഷ നൽകിയ നൽകിയ ആ സ്ത്രീ തിരിച്ചുനടക്കുമ്പോൾ എന്താണ് ചുറ്റും നിശബ്ദത? സ്തുതിപാഠകർക്കും, ചാനൽ കാമറകൾക്കും, വാർത്താ ലേഖകർക്കും നടുവിൽ കഴിഞ്ഞ, ഐറോം ശർമിള ഇന്ന് ഒരു പരാജിതയെപ്പോലെ ഇന്ന് താൻ പതിനാറു വര്ഷം ഉപേക്ഷിച്ച ഭക്ഷണത്തിനും, തലയ്ക്കു മേലൊരു തണലിനും തിരഞ്ഞു ആലംബമില്ലാതെ അലയുന്നു.
ശർമിള മണിപ്പൂരിന്റെ പൊതുബോധത്തിലേക്ക് കടന്നുവരുന്നത് കൃത്യമായി പറഞ്ഞാൽ രണ്ടായിരാമാണ്ടു നവംബർ നാലാം തീയതിയാണ് . നവംബർ രണ്ടാംതീയതി ആസാം റൈഫിൾസിലെ പട്ടാളക്കാർ ട്യൂഷന് പോയ രണ്ടു പെൺകുട്ടികൾ ഉൾപ്പടെ പത്തുപേരെ വെടിവെച്ചു കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് അന്ന് അവൾ നിരാഹാരം ആരംഭിച്ചു.മാലോം കൂട്ടക്കൊല എന്നാണ് ഈ സംഭവം അറിയപ്പെടുന്നത്. സൈനികർക്ക് പ്രത്യേക അധികാരം നൽകുന്ന അഫ്‌സ്പ നിയമം നിർത്തലാക്കണം എന്നാരംഭിച്ച നിരാഹാര സമരം തുടങ്ങുമ്പോൾ അച്ഛനമ്മമാരുടെ ഒൻപത് സന്താനങ്ങളിൽ ഏറ്റവും ഇളയവളായ ജനിച്ച ശർമ്മിളയ്ക്ക് വയസ്സ് ഇരുപത്തെട്ടായിരുന്നു. പിന്നീട് മൂക്കിൽ തിരുകിയ ഭക്ഷണ നാളിയുമായി അഴിഞ്ഞുലഞ്ഞ ചുരുളൻ മുടിയും അസ്ഥിമാത്ര ശരീരത്തിൽ ചുറ്റിപ്പൊതിഞ്ഞ ഷാളുമായി ആ രൂപം ലോകത്തിനു ചിരപരിചിതമായി.
രണ്ടായിരം നവംബർ രണ്ടിന് മാലോം വഴി കടന്നുപോവുകയായിരുന്ന ഇന്ത്യൻ കരസേനയുടെ ആസാം റൈഫിൾസിന്റെ വാഹനവ്യൂഹത്തിനു നേരെ തീവ്രവാദികൾ ആക്രമണം നടത്തി. സേനയുടെ പ്രത്യാക്രമണത്തിൽ വഴിയരികിൽ ബസ്സു കാത്തുനിന്ന പത്ത് നാട്ടുകാർക്ക് കൂടി ജീവൻ നഷ്ടമായി. അവരിൽ അറുപത്തിരണ്ടു വയസ്സായ ലീസാങ്ബം ഇബിടോമി എന്ന സ്ത്രീയും യും 1988 ൽ ധീരതയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ ബോച്ച എന്ന് വിളിപ്പേരുള്ള സിനാം ചന്ദ്രമണിയും ഉണ്ടായിരുന്നു. ആക്രമിക്കപ്പെട്ട സേന പ്രതികാരനടപടിയായി ഗ്രാമം മുഴുവനും തിരച്ചിൽ ആരംഭിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് ഇറോം ശർമിള നവംബർ നാലാംതീയതി മുതൽ തന്റെ മരണം വരെ ഉപവാസം ആരംഭിച്ചത്.
ഉപവാസം ആരംഭിച്ചത്തിനു മൂന്നാം ദിവസം ആത്മഹത്യാശ്രമം ചുമത്തി ഇറോം അറസ്റ്റു ചെയ്യപ്പെട്ടു, ഇന്ത്യൻ ഭരണഘടനയുടെ 309 ആം വകുപ്പ് പ്രകാരം ആത്മഹത്യാശ്രമം കുറ്റകരമാണ്. ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന ഇറോമിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് കോടതിയുത്തരവ് പ്രകാരമാണ് മൂക്കിലൂടെ കുഴലിട്ടു ദ്രവരൂപത്തിലുള്ള ആഹാരം നൽകുന്നത്. ആത്മഹത്യാശ്രമത്തിനു നൽകുന്ന ഒരു വര്ഷം വെറും തടവാണ്. ശിക്ഷാ കാലാവധികഴിയുമ്പോൾ പുറത്തു വിടുകയും, വീണ്ടും അതേ കുറ്റം ചുമത്തി അറസ്റ് ചെയ്യുകയും ചെയ്യും.
എന്താണ് മണിപ്പൂരിന്റെ രാഷ്ട്രീയ ചരിത്രം?
എഡി മുപ്പത്തിനാലാമാണ്ട് മുതലുള്ള രാജഭരണ ചരിത്രം മണിപ്പൂരിനുണ്ട്. മൈതിയ രാജവംശമാണ് മണിപ്പൂർ ഭരിച്ചിരുന്നത്. സാമന്തന്മാരായി നാഗ, കുക്കി ഗിരിവർഗ്ഗകാരും ചേർന്നതായിരുന്നു മണിപ്പൂർ രാജ്യത്തിന്റെ ഭൂമിശാസ്ത്രം. പതിനെട്ടാം നൂറ്റാണ്ടിൽ ശാന്തിദാസ് ഗോസായി എന്ന ഒരു ഗുരുവിന്റെ പ്രബോധനങ്ങളിൽ ആകൃഷ്ടരായി മൈതിയ രാജാവായ പാംഹീബയും രാജകുടുംബം മുഴുവനും ഹിന്ദുമതം സ്വീകരിച്ചു. നാഗ, കുക്കി വംശജർ സ്വജാതിയിൽ തന്നെ തുടർന്നു. മലകളും താഴ്വരകളും ഉൾപ്പെടുന്ന മണിപ്പൂരിൽ മലകളിൽ ഗിരിവർഗക്കാരും താഴ്വരയിൽ രാജവംശവും ഭരണം നടത്തി.
പണ്ട്, നിങ്‌തീ നദിയായിരുന്നു മണിപ്പൂരിന്റെയും ബർമ്മ (മ്യാൻമാർ) യുടെയും അതിർത്തിയായി കണക്കാക്കിയിരുന്നത്. എന്നാൽ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ബർമ്മ മണിപ്പൂരും വടക്കു കിഴക്കൻ മേഖലയും വ്യാപകമായി ആക്രമിച്ചു. കടുത്ത ആക്രമണത്തിനും ഭീമമായ നാശനഷ്ടങ്ങൾക്കും മണിപ്പൂർ സാക്ഷ്യം വഹിച്ചു. ഇതേത്തുടർന്ന് മണിപ്പൂർ രാജാവ് ബ്രിട്ടീഷ് ഈസ്റ് ഇന്ത്യ കമ്പനിയുമായി സഖ്യത്തിലേർപ്പെട്ടു. ലോര്‍ഡ് ആമെര്സ്റ്റ് (Lord Amherst) ന്റെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർ 1824 ഫിബ്രവരി ഇരുപത്തിനാലിന് ബർമ്മയുമായി യുദ്ധമാരംഭിച്ചു. ബ്രിട്ടീഷ് പട്ടാളത്തിന് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാഞ്ഞ ബർമ്മ സമാധാന ഉടമ്പടിയിൽ ഒപ്പുവച്ചു. മണിപ്പൂരിന് സ്വാതന്ത്ര്യം നൽകുക എന്നതായിരുന്നു ഉടമ്പടിയിൽ പ്രധാന തീരുമാനം. പക്ഷെ കരാർ പ്രകാരം മണിപ്പൂരിന് സ്വാതന്ത്ര്യം ലഭിച്ചുവെങ്കിലും, രാജ്യാതിർത്തി മാറ്റി വരയ്ക്കുകയും നിങ്‌തീ നദിയുടെ പടിഞ്ഞാറുള്ള വലിയൊരു പ്രദേശം ബർമ്മയ്ക്ക് നൽകുകയും ചെയ്തു.
ബ്രിട്ടീഷ് ഭരണകാലത്ത് ഭാരതത്തിലെ മറ്റേതു നാട്ടുരാജ്യത്തിനും സംഭവിച്ചത് മണിപ്പൂരിനും സംഭവിച്ചു. രക്ഷകനായ ബ്രിട്ടീഷുകാർ സ്വന്തം പ്രതിനിധികളെ രാഷ്ട്രീയകാര്യങ്ങൾ നോക്കാനായി ഏർപ്പെടുത്തി. ഇവർ നിരന്തരമായി രാജ്യകാര്യങ്ങളിൽ ഇടപെട്ടുതുടങ്ങി. തങ്ങളുടെ വരുതിയ്ക്കു നാട്ടുരാജ്യങ്ങളെ നിർത്തുവാനുള്ള പ്രസിദ്ധമായ ബ്രിട്ടീഷ് തന്ത്രം.മലകളും താഴ്‌വാരവുമായി പ്രത്യേക ഭൂപ്രകൃതിയുള്ള മണിപ്പൂരിന്റെ മലമ്പ്രദേശങ്ങളുടെ നിയന്ത്രണം ബ്രിട്ടീഷ് ഓഫീസർക്കും താഴ്വാരം രാജാവിനുമായിരുന്നു. മലമ്പ്രദേശങ്ങളിൽ മിഷനറിമാർ വഴി ക്രിസ്തുമത പ്രചാരണവുംആരംഭിച്ചു. അനിയന്ത്രിതമായ ബ്രിട്ടീഷ് കൈകടത്തലിൽ പ്രതിഷേധിച്ച രാജാവ് അവരെ എതിർക്കാൻ ഒരുങ്ങിയെങ്കിലും ദയനീയമായി പരാജയപ്പെട്ടു. പിന്നീട് ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള നാട്ടുരാജ്യമായി മണിപ്പൂർ മാറി.
അനന്തരാവകാശികൾ ഇല്ലാത്തതും, ഉള്ള ഭരണാധികാരികൾ ബലഹീനരുമാണെങ്കിൽ നാട്ടുരാജ്യങ്ങളെ ബ്രിട്ടീഷ് ഇന്ത്യയിൽ ചേർക്കുന്ന നിയമമായിരുന്നു ഡൽഹൗസി പ്രഭു മുന്നോട്ടുവച്ച ദത്താപഹാര നിരോധന നയം (Doctrine of Lapse ). മണിപ്പൂരിൽ അങ്ങനെയൊരു അവസ്ഥ വന്നു ചേരാഞ്ഞതുകാരണം ബ്രിട്ടീഷുകാർ ഇന്ത്യ വിടുന്നവരെ ആ പ്രദേശം സ്വതന്ത്ര നാട്ടുരാജ്യമായിരുന്നു.
1947 ൽ മണിപ്പൂരിലെ അന്നത്തെ മഹാരാജാവ് ബോധചന്ദ്ര സ്ഥാനത്യാഗം ചെയ്യുകയാണെന്നും മണിപ്പൂരിൽ ജനാധിപത്യം സ്ഥാപിക്കുവാനായി പുതിയൊരു ഭരണഘടന രൂപീകരിക്കുകയാണെന്നും പ്രഖ്യാപിച്ചു. ഇത്രരമൊരു ഭരണഘടന ഭാരതത്തിൽത്തന്നെ ആദ്യമായിരുന്നു. “Manipur Constitution Act, 1947” എന്നാണ് ഇത് അറിയപ്പെടുന്നത്. അത് പ്രകാരം 1948ൽ മണിപ്പൂരിൽ തെരഞ്ഞെടുപ്പ് നടക്കുകയും ഒക്ടോബർ പതിനെട്ടിന് മണിപ്പൂർ സ്റ്റേറ്റ് അസംബ്ലിയുടെ പ്രഥമ സമ്മേളനം മഹാരാജാവ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
1949 ൽ നാട്ടുരാജ്യങ്ങൾ സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ യൂണിയനിൽ ചേർക്കുന്ന പ്രക്രിയകൾ നടന്നുകൊണ്ടിരിക്കെ ആസാം ഗവർണർ ശ്രീ പ്രകാശ, മഹാരാജാവിനെ ഇന്ത്യൻ യൂണിയനിൽ ചേരുന്ന ചർച്ചകൾക്കായി ക്ഷണിച്ചു. ഭാരതത്തിന്റെ ഭാഗമാവാനുള്ള ഏകപക്ഷീയമായ കരാർ കണ്ട രാജാവ് തനിക്ക് ഒറ്റയ്ക്ക് തീരുമാനമെടുക്കാൻ സാധിക്കുകയില്ലെന്നും, മന്ത്രിസഭയിൽ ചർച്ച ചെയ്ത ശേഷം തീരുമാനം അറിയിക്കാമെന്ന് പറഞ്ഞു ചർച്ചയിൽ നിന്നും പിൻവാങ്ങുകയും ചെയ്തു. കൊട്ടാരത്തിൽ മടങ്ങിയെത്തിയ രാജാവിനെ സ്വീകരിച്ചത് കൊട്ടാരം വളഞ്ഞു നിൽക്കുന്ന ഭാരതീയ സേനയാണ്. മഹാരാജാവ് വീട്ടുതടങ്കലിലാവുകയും പിന്നീട് സെപ്തംബർ 21 നു ഇന്ത്യൻ യൂണിയനിൽ ലയിക്കാനുള്ള കരാർ ഒപ്പുവയ്ക്കുകയും ചെയ്തു.
കരാർ പ്രകാരം ഒക്ടോബർ 1949 മുതൽ മണിപ്പൂർ ഇന്ത്യൻ യൂണിയന്റെ ഭാഗമാണ്. അതിർത്തി സംസ്ഥാനമായതുകൊണ്ടും, വികസനപരമായി പിന്നോക്കം നിൽക്കുന്നതുകൊണ്ടും, മണിപ്പൂർ കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള ഭരണത്തിന് കീഴിൽ കേന്ദ്രഭരണ പ്രദേശമായാണ് കൂട്ടിചേർക്കപെട്ടത്. (അന്ന് പാർട് സി യിൽ ഉൾപ്പെടുന്ന പ്രദേശങ്ങളെ പിന്നീട് 1956 ൽ ഔദ്യോഗികമായി കേന്ദ്രഭരണ പ്രദേശമാക്കുകയായിരുന്നു.) രഹസ്യമായി സൂക്ഷിച്ചിരുന്ന ഈ കരാർ ഒക്ടോബർ പതിനഞ്ചാംതീയതി പുറത്തുവിടുകയും അന്നേദിവസം തന്നെ മണിപ്പൂരിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അസാധുവായി പ്രഖ്യാപിക്കുകയും ചെയ്തു. ഇവിടെ മുതലാണ് മണിപ്പൂരിന്റെ വിഘടനവാദ ചരിത്രം തുടങ്ങുന്നത്. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളിൽ ഒരാളായിരുന്ന ഹിജാം ഐറാബത് സിംഗിന്റെ തലയിലുദിച്ച അനിഷ്ടം പിന്നീട് അഞ്ചുവര്ഷങ്ങൾക്കു ശേഷം അദ്ദേഹം മരിക്കുമ്പോഴേക്കും പലരും ഏറ്റെടുക്കുകയും അറുപതുകളുടെ ആദ്യത്തോടെ മണിപ്പൂർ ഒട്ടാകെ പടർന്നുപിടിച്ച ജനവികാരമായി മാറുകയും ചെയ്തു.
ജനാധിപത്യരീതിയിൽ തെരഞ്ഞെടുപ്പുകൾ നടന്നുവെങ്കിലും മണിപ്പൂരികളുടെ മനസ്സിൽ അടിസ്ഥാനപരമായി മുളയിട്ടിരുന്ന അസംതൃപ്തിയാണോ, ഭരണകർത്താക്കളുടെ പിടിപ്പുകേടാണോ, പിന്നീടിങ്ങോട്ട് മണിപ്പൂരിന്റെ ചരിത്രം വിഘടനവാദത്തിന്റെയും രക്തപങ്കിലമായ ദിനങ്ങളുടെയും ആയിരുന്നു. അരനൂറ്റാണ്ട് പിന്നിടുന്ന രക്തക്കച്ചൊരിച്ചിലിൽ ഒരുലക്ഷത്തോളം പേർക്ക് ജീവഹാനി സംഭവിക്കുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട്.
തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് വേണ്ടി മണിപ്പൂരിൽ അറുപതുകളിൽ വീണ്ടും പ്രക്ഷോഭം ആരംഭിച്ചു. ഒരു വ്യാഴവട്ടക്കാലം നീണ്ടുനിന്ന പ്രക്ഷോഭങ്ങൾക്ക് ശേഷം 1972 ൽ മണിപ്പൂരിന് സംസ്ഥാനപദവി ലഭിച്ചു. എന്നാൽ വിഘടനവാദികളുടെ ഇനിയും അടങ്ങാത്ത വാദങ്ങളും, സായുധാക്രമണങ്ങളും ജനാധിപത്യത്തിന് മണിപ്പൂരിൽ വേണ്ടവിധമുള്ള വേരോട്ടം കിട്ടുന്നതിന് തടസ്സമായി നിൽക്കുകയാണ്. മണിപ്പൂരിലെ പ്രശ്നങ്ങൾ ഭാരത സർക്കാർ അതീവ കരുതലോടെയാണ് നേരിടുന്നത്. അതിർത്തി സംസ്ഥാനമായതും, ഏതെങ്കിലും രീതിയിലുള്ള അശ്രദ്ധ രാജ്യസുരക്ഷയെത്തന്നെ ബാധിക്കും എന്നുള്ളതിനാലും പട്ടാളത്തിന് പ്രത്യേക അധികാരങ്ങൾ നൽകിയാണ് കേന്ദ്രം മണിപ്പൂരിലെ പ്രശ്നങ്ങളെ നേരിടുന്നത്. മണിപ്പൂരിലെ വിഘടനവാദ/ തീവ്രവാദ ഗ്രൂപ്പുകൾ ഇന്ന് ലോകത്തിലെതന്നെ മികച്ച കെട്ടുറപ്പുള്ളവയാണ്. സാങ്കേതികമായും ഇവർ മികച്ചുനിൽക്കുന്നു. ഇന്ത്യൻ പട്ടാളത്തിന് അനേകം ധീര ജവാന്മാരെ ഇവരുടെ കയ്യാൽ നഷ്ടമായിട്ടുണ്ട്. അഫ്‌സ്പ നിയമം കേന്ദ്രം പട്ടാളത്തിന് നൽകിയിരിക്കുന്നത്തിന്റെ കാരണം ചികഞ്ഞുപോകാൻ തീവ്രവാദി ആക്രമണങ്ങളിൽ മരിച്ച സാധാരണക്കാരുടെയും പട്ടാളക്കാരുടെയും എണ്ണം മാത്രം മതിയാവും. ഇന്ത്യൻ ദേശീയതയോടു തീർത്തും മുഖംതിരിച്ചു നിൽക്കുന്ന മണിപ്പൂർ തീവ്രവാദികളോട് സന്ധിയ്ക്കുള്ള മാർഗങ്ങൾ തെളിയുന്നത് വളരെ ദുഷ്കരമായിരിക്കുന്നു.
ഹിജാം ഐറാബത് സിംഗിന്റെ ആശയങ്ങൾ കമ്യൂണിസത്തോട് ചായ്‌വുള്ള റവല്യൂഷണറി ഗവണ്മെന്റ് ഓഫ് മണിപ്പൂർ (RGM) എന്ന സംഘടനയ്ക്ക് രൂപം നൽകി. പിന്നീട് പീപ്പിൾസ് ലിബറേഷൻ ആർമി (PLA ) ഇത് ഏറ്റെടുത്തു.തുടർന്ന് മണിപ്പൂരിന്റെ വിവിധഭാഗങ്ങളിൽ നിന്ന് വിവിധ സംഘടനകൾ മണിപ്പൂരിന്റെ സ്വാതന്ത്ര്യത്തിനായി പോരാടാൻ മുന്നോട്ടു വന്നു.
സ്വതന്ത്രഭരണപ്രദേശമെന്ന ആശയത്തിലൂന്നി സംഘർഷഭരിതമായ മണിപ്പൂരിലെ കേന്ദ്രസർക്കാർ 1970 ൽ പ്രശ്‌നബാധിത പ്രദേശമായി പ്രഖ്യാപിച്ചു. അന്നുമുതലാണ് The Armed Forces (Special Powers) Act, 1958 അഥവാ അഫ്‌സ്പ മണിപ്പൂരിൽ ബാധകമാക്കുന്നത്.
Post Your Comments