IndiaNews

ലെഫ്റ്റനന്‍റ് കേണല്‍ നിരഞ്ജന്‍റെ ബംഗളുരുവിലെ വീട് പൊളിക്കാനുള്ളവയുടെ പട്ടികയില്‍!

ബംഗളുരു നഗരത്തിലെ സ്റ്റോം വാട്ടര്‍ ഡ്രെയിനുകള്‍ പുനരുദ്ധരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി തകര്‍ക്കപ്പെടുന്ന വീടുകളുടെ കൂട്ടത്തില്‍ പത്താന്‍കോട്ടില്‍ രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ലെഫ്റ്റനന്‍റ് കേണല്‍ നിരഞ്ജന്‍റെ വീടും. ഈ വര്‍ഷം ജനുവരിയില്‍ പഞ്ചാബിലെ പത്താന്‍കോട്ട് സൈനികത്താവളത്തില്‍ പാക് ഭീകരര്‍ നടത്തിയ ഭീകരാക്രമണം നേരിടുന്ന അവസരത്തിലാണ് ലെഫ്റ്റനന്‍റ് കേണല്‍ നിരഞ്ജന്‍ ഉള്‍പ്പെടെ എഴ് ഇന്ത്യന്‍ സൈനികര്‍ വീരചരമം പ്രാപിച്ചത്.

“സഹോദരന്‍റെ വിയോഗമേല്‍പ്പിച്ച ആഘാതത്തിനു ശേഷം നടക്കുന്ന ഈ സംഭവുമായി പൊരുത്തപ്പെടാന്‍ പാടുപെടുകയാണ് ഞങ്ങള്‍,” നിരഞ്ജന്‍റെ സഹോദരന്‍ ശശാങ്ക് പറഞ്ഞു. “ഈ നടപടി റദ്ദാക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. നിരഞ്ജന്‍ രാജ്യത്തിന് വേണ്ടിയാണ് ജീവന്‍ ബലിയര്‍പ്പിച്ചത്. വീട് തകര്‍ക്കാനുള്ള ഈ തീരുമാനം നടപ്പിലാകുകയാണെങ്കില്‍ അത് ഖേദകരമായിരിക്കും,” ശശാങ്ക് പറഞ്ഞു.

കഴിഞ്ഞ മാസം ഉണ്ടായ കനത്ത മഴയില്‍ സ്റ്റോം വാട്ടര്‍ ഡ്രെയിനുകളുടെ അഭാവം മൂലം റോഡില്‍ വെള്ളം നിറയുകയും, ആളുകള്‍ റോഡിലെ വെള്ളത്തിലിറങ്ങി ആഘോഷപൂര്‍വ്വം മീന്‍ പിടിക്കുന്ന അവസ്ഥ വരെയുണ്ടാവുകയും ചെയ്തു. ഇതിനൊരു പരിഹാരം തേടിയാണ് ഇപ്പോള്‍ നഗരാധികൃതര്‍ വീടുകള്‍ തകര്‍ത്ത് സ്റ്റോം വാട്ടര്‍ ഡ്രെയിനുകള്‍ തിരികെ കൊണ്ടുവരാന്‍ ഒരുങ്ങുന്നത്.

തകര്‍ക്കാന്‍ നിശ്ചയിച്ചിട്ടുള്ള 1,100 വീടുകളില്‍ ഒന്ന്‍ മാത്രമാണ് നിരഞ്ന്‍റേതെന്നും, തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല എന്നുമാണ് അധികൃതരുടെ നിലപാട്.

“നിരഞ്ജന്‍റെ കുടുംബത്തോട് ഞങ്ങള്‍ക്ക് സഹതാപമുണ്ട്. പൊതുനന്മയ്ക്ക് വേണ്ടി വളരെ വേദനാപൂര്‍വ്വം നടപ്പിലാക്കുന്ന ഒരു തീരുമാനമാണിത്,” സിവിക് കമ്മീഷണര്‍ മഞ്ജുനാഥ്‌ പറഞ്ഞു.

ബംഗളുരു നഗരത്തില്‍ ബൊമ്മനഹള്ളിയിലെ ആവേരി ശൃംഗേരി നഗര്‍, മഹാദേവപുരയിലെ കസവനഹള്ളി, യെലഹങ്കയിലെ ശിവനഹള്ളി എന്നിവിടങ്ങളിലാണ് വീടുകള്‍ തകര്‍ക്കപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button