KeralaNews

തലസ്ഥാനത്തെ എ.ടി.എം കൊള്ള: ‘മിന്നല്‍ പിണറായി’ കേരള പൊലീസ്: പ്രതികളെ പിടികൂടിയത് 24 മണിക്കൂര്‍ തികയും മുന്‍പ് : പൊലീസ് സേനയ്ക്ക് അഭിമാന മുഹൂര്‍ത്തം

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ കുറേ നാളുകാളായി പൊലീസുകാര്‍ക്ക് ശനി ദശയായിരുന്നു. പൊലീസ് സേനക്ക് വീര്യം പോരെന്ന് പറഞ്ഞ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ രംഗത്തെത്തിയത് പൊലീസ് സേനയുടെ ആത്മവീര്യം കെടുത്തിയിരുന്നു. എന്നാല്‍ ഇതിനെല്ലാം മറുപടിയെന്ന നിലയ്ക്കാണ് തിരുവനന്തപുരത്ത് എ.ടി.എം കൊള്ളയടിച്ച കേസിലെ പ്രതികളായ വിദേശ പൗരന്‍മാരെ ഇരുപത്തിനാല് മണിക്കൂര്‍ തികയും മുന്‍പ് പൊലീസ് പിടികൂടിയത് മിന്നല്‍ വേഗത്തില്‍ പിടികൂടിയത്. .

പ്രതികളുടെ ചിത്രം കണ്ടെത്തി മണിക്കൂറുകള്‍ പൂര്‍ത്തിയാകും മുന്‍പു തന്നെ ഇവരെ പൊലീസ് പിടികൂടുകയായിരുന്നു. വിദേശത്തു നിന്നെത്തി എടിഎം കൊള്ളയടിച്ചു മടങ്ങുന്ന സംഘത്തെ മിന്നല്‍ വേഗത്തില്‍ പിടികൂടാനായത് കേരള പൊലീസിന്റെ അന്വേഷണ മികവിലെ തിളങ്ങുന്ന അധ്യായമായും മാറി. തലസ്ഥാനത്തെ എ.ടി.എമ്മില്‍ രഹസ്യക്യാമറ സ്ഥാപിച്ച് പണം തട്ടിയ കേസിലെ മുഖ്യപ്രതി റുമേനിയന്‍ പൗരനായ ഗബ്രിയേല്‍ മരിയനാണ് കഴിഞ്ഞ ദിവസം മുംബൈയില്‍ അറസ്റ്റിലായത്. വ്യാജ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടാന്‍ ശ്രമിക്കുന്നതിനിടെയാണ് മുംബൈ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. എ.ടി.എം. കൗണ്ടറില്‍നിന്നുള്ള സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മൂന്നു വിദേശികള്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഘടിപ്പിക്കുന്നതു കണ്ടെത്തിയത്. കോവളത്തെ ഹോട്ടലില്‍ റെയ്ഡ് നടത്തിയ പോലീസ് റുമേനിയക്കാരായ ഗബ്രിയേല്‍ മരിയന്‍, ബ്ലോഗ് ബീന്‍ ഫ്‌ലോറിയാന്‍, കോണ്‍സ്റ്റാന്റിനന്‍ എന്നിവരാണു മോഷ്ടാക്കളെന്നു തിരിച്ചറിഞ്ഞു. ഇവരില്‍ ഗബ്രിയേല്‍ മരിയനാണ് മുംബൈ പോലീസിന്റെ വലയിലായത്്. ഹോട്ടലില്‍നിന്നു പ്രതികളുടെ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പുകള്‍, സി ഫോം തുടങ്ങിയവ ശേഖരിച്ച പോലീസ് വിപുലമായ തെരച്ചിലിനു തുടക്കമിട്ടിട്ടുണ്ട്.

രാജ്യാന്തര ബന്ധമുള്ളതിനാല്‍ അന്വേഷണത്തിന് ഇന്റര്‍പോളിന്റെ സഹായവും തേടും. വിനോദസഞ്ചാരികളെന്ന വ്യാജേനയാണ് പ്രതികള്‍ തിരുവനന്തപുരത്തെത്തിയതും ഹോട്ടലില്‍ മുറിയെടുത്തു താമസിച്ചതും. പോലീസ് പുറത്തുവിട്ട സി.സി.ടിവി ദൃശ്യങ്ങള്‍ കണ്ട ഹോട്ടല്‍ ജീവനക്കാരാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇവര്‍ കോവളത്തുനിന്നു വാടകയ്‌ക്കെടുത്ത് ഉപയോഗിച്ച രണ്ട് ഹോണ്ട ആക്ടിവ സ്‌കൂട്ടറുകളും ഹെല്‍മെറ്റുകളും കണ്ടെടുത്തു. പ്രതികള്‍ക്ക് ഇവിടെയുള്ള ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നും അന്വേഷിക്കും. ‘റോബിന്‍ഹുഡ്’ സിനിമാ മോഡല്‍ കവര്‍ച്ചയില്‍ പണം നഷ്ടമായെന്ന 50 പേരുടെ പരാതികളില്‍ മ്യൂസിയം പോലീസ് വെവ്വേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. എല്ലാവര്‍ക്കുമായി മൂന്നര ലക്ഷം രൂപ നഷ്ടമായെന്നാണു കണക്ക്. എ.ടി.എം. കാര്‍ഡ് ഇടുന്ന സ്ഥലത്ത് സ്‌കിമ്മര്‍ എന്ന ഉപകരണം ഘടിപ്പിച്ച് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തുകയും ഉപയോക്താവ് വിരലമര്‍ത്തുന്ന ബട്ടണുകള്‍ രഹസ്യ ക്യാമറയിലൂടെ ഒപ്പിയെടുത്ത് പിന്‍ നമ്ബര്‍ കണ്ടെത്തുകയുമാണ് മോഷ്ടാക്കള്‍ ചെയ്തിരുന്നത്. തുടര്‍ന്ന് ഡ്യൂപ്ലിക്കേറ്റ് കാര്‍ഡുണ്ടാക്കി പിന്‍നമ്ബര്‍ ഉപയോഗിച്ച് മുംബൈയിലെ എ.ടി.എമ്മിലൂടെ പണമെടുക്കുകയായിരുന്നു. തിരുവനന്തപുരത്തെ എ.ടി.എമ്മുകളില്‍ രഹസ്യ ഉപകരണങ്ങള്‍ ഘടിപ്പിച്ച് വിവരം ചോര്‍ത്തിയ ശേഷം മുംബൈയില്‍ ചെന്നു പണമെടുത്ത പ്രതികള്‍ ഇന്ത്യ വിട്ടിരിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഇന്റര്‍പോളിന്റെ സഹായം തേടാന്‍ തീരുമാനിച്ചത്. ഇന്റര്‍പോളിന്റെ സഹായം വേഗത്തില്‍ ലഭ്യമാക്കാനായി പോലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും സി.ബി.ഐയുടെയും സഹായം തേടിയിട്ടുണ്ട്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ സൈബര്‍ഡോമിന്റെ സാങ്കേതിക സഹായവുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button