റിയോ ഡി ജനീറോ: ലോകത്തിന്റെ കായിക മാമാങ്കത്തിന് ഇന്ന് റിയോയില്‍ അരങ്ങുണരും. 31 ആം ഒളിമ്പിക്സിന് റിയോ ഡി ജനീറോയിലെ മാരക്കാന സ്റ്റേഡിയത്തില്‍ ദീപം തെളിയും. ബ്രസീല്‍ സമയം രാത്രി എട്ടു മുതല്‍ 11 മണിവരെയാണ് ലോകത്തിലെ ഏറ്റവും വലിയ കായികോല്‍സവത്തിന്‍റെ തുടിയുണര്‍ത്തല്‍ . 206 രാജ്യങ്ങളില്‍ നിന്നും 10,500 താരങ്ങള്‍ പിറന്ന രാജ്യത്തിനായി ഒരു മെഡല്‍ എന്ന സ്വപ്‌നത്തില്‍ പോരിനിറങ്ങുന്നു. തങ്ങളുടെ രാജ്യത്തിനായി ആര്‍പ്പു വിളിക്കാന്‍ ആരാധകര്‍ റിയോയിലേക്ക് പറന്ന് കഴിഞ്ഞു.എന്നാല്‍ സ്വന്തം രാജ്യത്തിന്റെ ആര്‍പ്പു വിളികള്‍ ലഭിക്കാത്ത, രാജ്യത്തിന്റെ പതാക നെഞ്ചോടു ചേര്‍ത്തു പിടിക്കാന്‍ സാധിക്കാത്ത 10 പേര്‍ റിയോയിലുണ്ട്.
ദേശീയത അടയാളപ്പെടുത്തുന്ന ഒന്നും തന്നെ അവര്‍ ധരിക്കില്ല, ജഴ്സികള്‍ അണിയില്ല, ദേശീയ ഗീതങ്ങള്‍ ആലപിക്കില്ല.ഏതു രാജ്യക്കാരായിരിക്കും ഇവര്‍ എന്ന് ഇപ്പോള്‍ തന്നെ പലര്‍ക്കും സംശയം തോന്നിത്തുടങ്ങിയിരിക്കുകയാണ്. അന്താരാഷ്ട്ര ഒളിമ്പിക് അസോസിയേഷന്‍ ഇവര്‍ക്ക് നല്‍കിയിരിക്കുന്ന പേര് ‘അഭയാര്‍ത്ഥികളുടെ സംഘം’ എന്നാണ്.
രാഷ്ട്രീയ അനിശ്ചിതത്വത്താലും ആഭ്യന്തര കലാപങ്ങള്‍ കൊണ്ടും ജന്മനാട് ഉപേക്ഷിക്കേണ്ടി വന്നവരാണ് ഈ അഭയാര്‍ത്ഥികളുടെ സംഘത്തിലുള്ളത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തപ്പെട്ട ഇവരെ മത്സരത്തില്‍ പങ്കെടുപ്പിക്കാനുള്ള ഒളിമ്പിക് അസോസിയേഷന്‍റെ തീരുമാനം ചരിത്രമാവുകയാണ്. ആദ്യമായാണ് അഭയാര്‍ത്ഥികളുടെ സംഘം ഒളിമ്പിക്സില്‍ പങ്കെടുക്കുന്നത്.ദക്ഷിണ സുഡാന്റെ തലസ്ഥാനമായ ജൂബയില്‍ നിന്നും കെനിയയിലേക്ക് കുടിയേറിയവരാണ് ഈ സംഘത്തിലെ അഞ്ചുപേര്‍.
പ്രത്യേക ഒളിമ്പിക് പതാകയുടെ കീഴില്‍ ‘അഭയാര്‍ത്ഥികളുടെ ഒളിമ്പിക് ടീം’ എന്ന പേരിലാണ് ഇവര്‍ മത്സരത്തിനിറങ്ങുന്നത്.ദുരന്തങ്ങള്‍ തകര്‍ത്ത ജീവിതത്തിന് ഇനിയും ഒട്ടേറെ സ്വപ്നങ്ങള്‍ ബാക്കിയുണ്ടെന്ന് ഇവര്‍ പറയുന്നു.സ്വന്തം മണ്ണില്‍ കഴിയാനാകാതെ നാടും വീടും വിട്ട് അഭയാര്‍ത്ഥികളായവര്‍ക്ക് സമര്‍പ്പിക്കുകയാണ് ഇവര്‍ ഈ ചരിത്ര മുഹൂര്‍ത്തത്തിലൂടെ.
Post Your Comments