തിരുവനന്തപുരം : തൊഴില്‍ നഷ്ടപ്പെട്ട് സൗദി അറേബ്യയില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാനുള്ള ദൗത്യവുമായി സൗദിയിലേക്കു പോകാനിരുന്ന തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീലിന്റെ യാത്ര മുടങ്ങി. വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് മന്ത്രിക്കു ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് ലഭിച്ചില്ല.
കേന്ദ്രസര്‍ക്കാരിനെ സഹായിക്കാനാണു സംസ്ഥാനസര്‍ക്കാര്‍ ശ്രമിച്ചതെന്നും സൗദിയില്‍ കുടുങ്ങിയ മലയാളികള്‍ക്കു നിയമപരിരക്ഷ ഉറപ്പാക്കുകയെന്നതായിരുന്നു യാത്രയുടെ ഉദ്ദേശ്യമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രവുമായി ഒരുതരത്തിലുമുള്ള ഏറ്റുമുട്ടലിന് ആഗ്രഹിക്കുന്നില്ല. സാധാരണ ഗതിയില്‍ അപേക്ഷ നല്‍കിയാല്‍ നാലോ അഞ്ചോ മണിക്കൂറിനുള്ളില്‍ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് അനുവദിക്കുകയാണു പതിവ്.
മലയാളികള്‍ക്കു ലഭിക്കുമായിരുന്ന നിയമപരിരക്ഷയാണ് ഇതോടെ നഷ്ടമായതെന്ന് മന്ത്രി കെ.ടി.ജലീല്‍ പ്രതികരിച്ചു. പാസ്‌പോര്‍ട്ട് നിഷേധിച്ചതിനു പിന്നില്‍ രാഷ്ട്രീയലക്ഷ്യങ്ങളുണ്ടോ എന്നു വ്യക്തമല്ല. ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പു നടക്കാന്‍ പോവുകയാണ്. കേരളത്തില്‍നിന്ന് ഒരു സര്‍ക്കാര്‍ പ്രതിനിധി സൗദിയിലേക്കുപോയാല്‍ സ്വാഭാവികമായും യു.പിയില്‍നിന്നും പ്രതിനിധികള്‍ പോകുമെന്നു കേന്ദ്രം ഭയപ്പെടുന്നുണ്ടോയെന്ന് അറിയില്ല. പ്രതിസന്ധിയില്‍പ്പെട്ടവരില്‍ ഭൂരിഭാഗവും യുപിയില്‍ നിന്നുള്ളവരാണെന്നാണ് അനൗദ്യോഗികവിവരം.
വിദേശകാര്യമന്ത്രിയുടെ പഴ്‌സണല്‍ സെക്രട്ടറിയുമായി ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ടിന്റെ കാര്യം ചര്‍ച്ച ചെയ്തിരുന്നുവെന്നു മന്ത്രി ജലീല്‍ നേരത്തെ പറഞ്ഞിരുന്നു. സൗദി എംബസിയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്നാണ് അപ്പോള്‍ ലഭിച്ച മറുപടി. എന്നാല്‍, രാത്രിയോടെ അനുമതി നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പാണു ലഭിച്ചത്. കടുത്ത നിയന്ത്രണങ്ങളുള്ള രാജ്യമാണ് സൗദി അറേബ്യ. സാധാരണ പാസ്‌പോര്‍ട്ടുമായി സൗദിയിലേക്കു പോയിട്ടു കാര്യമില്ല. ലേബര്‍ ക്യാംപ് സന്ദര്‍ശിക്കാനോ തൊഴിലാളികളെ കാണാനോ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.
വെള്ളിയാഴ്ച സൗദിയിലേക്കു പുറപ്പെടാനായിരുന്നു മന്ത്രിയുടെ പദ്ധതി. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് മന്ത്രി ജലീലിനെയും സ്‌പെഷല്‍ സെക്രട്ടറി ഡോ. വി.കെ. ബേബിയെയും സൗദിയിലേക്ക് അയയ്ക്കാന്‍ തീരുമാനിച്ചത്.
Post Your Comments