ദുബായ് : എമിറേറ്റ്സ് വിമാനാപകടത്തെ തുടര്‍ന്നു സര്‍വീസുകള്‍ താളംതെറ്റിയ ദുബായ് രാജ്യാന്തര വിമാനത്താവളം നാളെ പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകും.പ്രവര്‍ത്തനം സാധാരണ നിലയിലാകാന്‍ 24 മണിക്കൂര്‍ കൂടി വേണ്ടിവരുമെന്നാണ് അറിയിപ്പ്.
തിരുവനന്തപുരത്തുനിന്നുള്ള എമിറേറ്റ്സ് വിമാനം ബുധനാഴ്ച ഇടിച്ചിറക്കിയതിനെ തുടര്‍ന്ന് ഇതുവരെ വരെ 242 സര്‍വീസുകളാണു റദ്ദാക്കിയത്. 64 സര്‍വീസുകള്‍ സമീപ വിമാനത്താവളങ്ങളിലേക്കു തിരിച്ചുവിട്ടു. ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ ഇരുപതിനായിരത്തിലേറെ യാത്രക്കാര്‍ വലഞ്ഞു. കേടുപാടു സംഭവിച്ച റണ്‍വേയുടെ അറ്റകുറ്റപ്പണി അതിവേഗം പുരോഗമിക്കുകയാണ്. ശേഷിക്കുന്ന ഒരു റണ്‍വേ മാത്രം ഉപയോഗിക്കുന്നതിനാലാണു സര്‍വീസുകള്‍ക്കു നിയന്ത്രണമെന്നും അസൗകര്യത്തില്‍ ഖേദിക്കുന്നതായും ദുബായ് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
അതേസമയം പ്രതിസന്ധി നേരിടാന്‍ സമീപത്തെ ജബല്‍ അലി അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളം പരമാവധി ഉപയോഗപ്പെടുത്തിവരികയാണ്.
അപകടകാരണമറിയാന്‍ വിമാനത്തിലെ ബ്ലാക്ക് ബോക്സില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചു. ഫ്ളൈറ്റ് ഡേറ്റയും കോക്പിറ്റ് സംഭാഷണങ്ങളും വിമാന ഭാഗങ്ങളും പരിശോധിച്ചുവരികയാണ്. ദുബായ് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ ബോയിങ്, എമിറേറ്റ്സ്, റോള്‍സ് റോയ്സ് എന്നിവയും സഹകരിക്കുന്നുണ്ട്
Post Your Comments