മൂവാറ്റുപുഴ : തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന ടി.ജെ ജോസഫിന്റെ കൈ വെട്ടിയ കേസിലെ നാലാം പ്രതി സജില്‍ കീഴടങ്ങി. മൂവാറ്റുപുഴ എന്‍ഐഎ കോടതിയില്‍ കീഴടങ്ങിയ സജിലിനെ റിമാന്‍ഡ് ചെയ്തു. പ്രതിയെ സബ്ജയിലിലേക്ക് മാറ്റി. 2010 ജൂലൈ നാലിന് രാവിലെ 8.05 ഓടെയാണ് സംഭവം നടന്നത്. ബിരുദ വിദ്യാര്‍ത്ഥികളുടെ ഇന്റേണല്‍ പരീക്ഷയുടെ മലയാളം ചോദ്യപേപ്പറില്‍ മതവികാരത്തെ വ്രണപ്പെടുത്തുന്ന ചോദ്യം ഉള്‍പ്പെടുത്തി എന്നാരോപിച്ചാണ് അധ്യാപകന്റെ കൈവെട്ടിയത്.
ഭാര്യക്കും സഹോദരിക്കുമൊപ്പം മൂവാറ്റുപുഴ നിര്‍മല മാതാ പള്ളിയില്‍നിന്ന് കുര്‍ബാന കഴിഞ്ഞ് മടങ്ങുകയായിരുന്ന ടി.ജെ ജോസഫിനെ ഒമ്‌നി വാനിലെത്തിയ ഏഴംഗ സംഘമാണ് ആക്രമിച്ചത്. ചോദ്യപേപ്പര്‍ വിവാദമായതോടെ മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ടിജെ ജോസഫിനെതിരെ കേസെടുത്തിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ടിജെ ജോസഫ് ആക്രമിക്കപ്പെട്ടത്. ചോദ്യപേപ്പര്‍ തയ്യാറാക്കിയ കേസില്‍ തൊടുപുഴ സിജെഎം കോടതി ടിജെ ജോസഫിനെ കുറ്റവിമുക്തനാക്കിയിരുന്നു.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായിരുന്നു കൈവെട്ടിയത്. കേസില്‍ ആകെ 37 പ്രതികളാണ് ഉണ്ടായിരുന്നത്. കുറ്റക്കാരായവരില്‍ 10 പേര്‍ക്കെതിരെ യുഎപിഎ ചുമത്തിയാണ് കേസെടുത്തത്. കേസിലെ നാലാം പ്രതിയാണ് സജില്‍. സജിലിനെ അടുത്തദിവസം ചോദ്യം ചെയ്യലിനായി എന്‍ഐഎ കസ്റ്റഡിയില്‍ വാങ്ങും. അധ്യാപകനെ അക്രമിച്ചതില്‍ നേരിട്ട് പങ്കെടുത്ത വ്യക്തിയായിരുന്നു സജില്‍. പോലീസും എന്‍ഐഎയും അന്വേഷിച്ചിട്ടും സജിലിനെ പിടികൂടാനായിരുന്നില്ല. ആക്രമണം നടന്ന് ആറുവര്‍ഷത്തിന് ശേഷമാണ് പ്രതി കീഴടങ്ങുന്നത്.
Post Your Comments