തിരുവനന്തപുരം: സെക്രട്ടറിയറ്റിനു മുന്നിലെ ബഹുനില കെട്ടിടത്തിലും സമീപത്തെ മരത്തിലും കയറി ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്ന പിഎസ് സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചു.
കേരള പോലിസിലെ സാഹസിക കൃത്യങ്ങള്‍ ചെയ്യുന്ന വിഭാഗമായ ‘തണ്ടര്‍ബോള്‍ട്ട്’ നിയമനത്തിനായുള്ള റാങ്ക് ലിസ്റ്റിലാണ് ഇവര്‍ ഉള്‍പ്പെട്ടിരുന്നത്.
കടുത്ത കായികക്ഷമതാ പരീക്ഷ കഴിഞ്ഞാണ് ഇവര്‍ ഈ പട്ടികയില്‍ ഇടംപിടിച്ചത്. ഏറെ കാത്തിരിപ്പിനൊടുവില്‍ നിയമനം ലഭിക്കാതെ വരുമെന്ന സാഹചര്യമായപ്പോള്‍ ഉദ്യോഗാര്‍ത്ഥികള്‍ സമരമുറകളുമായി സെക്രട്ടറിയറ്റിനു മുന്നില്‍ കഴിഞ്ഞ ആറുദിവസമായി സമരത്തിലായിരുന്നു.
നിയമന കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കാമെന്നും ചര്‍ച്ച ചെയ്തു പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാമെന്നും ഡി ജി പി ലോക്‌നാഥ്‌ബെഹ്‌റ നല്‍കിയ വഗ്ദാനത്തിലാണ് സമരം അവസാനിപ്പിച്ചത്.
യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് തന്നെ നിയമനം നല്‍കാമെന്നുപറഞ്ഞ് വഞ്ചിക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ നിയമനത്തിന് മുന്‍പേ തന്നെ നടത്തിയ സാഹസിക സമരം ഇതോടെ അവസാനിച്ചു.
Post Your Comments