മലപ്പുറം : ദേശീയപതാകയെ അപമാനിച്ചയാള്‍ അറസ്റ്റില്‍. ദേശീയ പതാകയെ അപമാനിച്ച് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചാരണം നടത്തിയ പശ്ചിമ ബംഗാള്‍ സ്വദേശി അബ്ദുള്‍ വാഹിദാണ് മലപ്പുറത്ത് അറസ്റ്റിലായത്. മലപ്പുറം എസ്.പി പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി, ഐ.ബി, എസ്.എസ്.ബി ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘം ഇയാളെ ചോദ്യം ചെയ്തു.
ഇന്ത്യയുടെ ദേശീയപതാക പുതച്ച തെരുവുനായയെ, ബംഗ്ലാദേശി പതാക പുതച്ച കടുവ ഓടിക്കുന്നതായി ചിത്രീകരിച്ച ചിത്രമാണിയാള്‍ ഫേസ് ബുക്ക് വഴി പ്രചരിപ്പിച്ചത്. ഇതു കൂടാതെ, ദുര്‍ഗ്ഗാദേവിയുടെ പ്രതിമയില്‍ നായ മൂത്രമൊഴിക്കുന്ന ചിത്രവും ഇയാള്‍ പ്രചരിപ്പിച്ചിരുന്നു. ഇയാള്‍ ഫേസ്ബുക്ക് അക്കൗണ്ട് ആരംഭിച്ചിട്ട് മൂന്നു മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂവെന്ന് പൊലീസ് അറിയിച്ചു.
വണ്ടൂര്‍ കുറ്റിയില്‍ നിര്‍മ്മാണത്തൊഴിലിനെത്തിയ ഇയാളെ, ഡി.ജി.പിക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. ഐ.എസ് അടക്കമുള്ള തീവ്രവാദസംഘടനകളുമായി ബന്ധമുള്ളയാളാണോ ഇയാള്‍ എന്ന് പരിശോധിച്ചു വരികയാണ്. എന്‍.ഐ.എ ഇയാളെ ചോദ്യം ചെയ്യാന്‍ സാദ്ധ്യതയുണ്ട്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.
Post Your Comments