കൊച്ചി : റിസര്‍വേഷന്‍ ടിക്കറ്റുകാര്‍ക്ക് സൗകര്യമായി യാത്ര ചെയ്യാന്‍ കഴിയുന്നില്ല എന്ന പരാതിയെ തുടര്‍ന്ന് ട്രെയിനുകളില്‍ പരിശോധന ശക്തമാക്കി. ട്രെയിനുകളില്‍ പരിശോധന നടത്തിയതോടെ തിരുവനന്തപുരം ഗുവഹാത്തി ട്രെയിനില്‍ യാത്ര ചെയ്യാനെത്തിയ ആയിരക്കണക്കിനു യാത്രക്കാര്‍ വഴിയാധാരമായി. ടിക്കറ്റില്ലാത്തവരെയും വെയ്റ്റിംഗ്് ലിസ്റ്റ് ടിക്കറ്റുകാരും യാത്ര ചെയ്യുന്നതു റെയില്‍വേ തടഞ്ഞതോടെ തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ വന്‍തിരക്കാണു അനുഭവപ്പെട്ടത്. യാത്ര ചെയ്യാന്‍ കഴിയില്ലെന്നറിഞ്ഞതോടെ പലരും സ്റ്റേഷനുകളില്‍ തന്നെ ഇരുന്നു.
തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട ട്രെയിനുകളിലാണു റെയില്‍വേ കൊമേഴ്‌സ്യല്‍ വിഭാഗവും ആര്‍പിഎഫും ചേര്‍ന്നു പരിശോധന നടത്തിയത്. റിസര്‍വേഷന്‍ ടിക്കറ്റില്ലാത്തവര്‍ ഒന്നടങ്കം ജനറല്‍ കോച്ചുകളില്‍ കയറാന്‍ ശ്രമിച്ചതോടെ ട്രെയിന്‍ കൊല്ലം സ്റ്റേഷന്‍ വിട്ടതോടെ മറ്റ് സ്റ്റേഷനുകളില്‍ ജനറല്‍ ടിക്കറ്റ് കൊടുക്കുന്നതു നിര്‍ത്തി വെച്ചു. കണ്‍ഫേംഡ് ടിക്കറ്റുമായി യാത്ര ചെയ്യുന്നവര്‍ക്കു സൗകര്യമായി ഈ ട്രെയിനില്‍ യാത്ര ചെയ്യാന്‍ കഴിയുന്നില്ലെന്ന വ്യാപക പരാതിയിന്‍മേലായിരുന്നു റെയില്‍വേ നടപടി.
എല്ലാ കോച്ചുകളിലും രണ്ടു ആര്‍.പി.എഫ് ഉദ്യോഗസ്ഥരെ വീതം ഡ്യൂട്ടിക്ക് നിയോഗിച്ചാണു ടിക്കറ്റില്ലാത്തവര്‍ ട്രെയിനില്‍ പ്രവേശിക്കുന്നത് തടഞ്ഞത്. അതേ സമയം യാത്രാസൗകര്യമില്ലാത്തതിനാലാണു വെയ്റ്റിംഗ്‌ലിസ്റ്റ് ടിക്കറ്റുമായി യാത്ര ചെയ്യുന്നതെന്നായിരുന്നു തൊഴിലാളികളുടെ നിലപാട്. ആഴ്ചയിലുള്ള മൂന്നു ട്രെയിനില്‍ യാത്ര ചെയ്യാന്‍ ലക്ഷക്കണക്കിനു തൊഴിലാളികളാണുള്ളത്.
ജനറല്‍ കോച്ചുകളില്‍ ശുചിമുറിയ്ക്കുള്ളിലും വാതില്‍ പടിയിലുമിരുന്നാണു തൊഴിലാളികള്‍ യാത്ര ചെയ്യുന്നത്. രണ്ടു ട്രെയിനുകളില്‍ കൊള്ളാവുന്ന അത്രയും പേരാണു യാത്ര ചെയ്യാന്‍ കഴിയാതെ സ്റ്റേഷനുകളില്‍ കുടുങ്ങിയത്.
Post Your Comments